Latest News

പണിമുടക്ക്: അവശ്യ സര്‍വീസുകളെ ഒഴിവാക്കും

തിരുവനന്തപുരം: ഫിബ്രവരി 20, 21 തീയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കില്‍നിന്ന് ആസ്​പത്രി, പത്രം, പാല്‍ തുടങ്ങിയ അവശ്യസര്‍വീസുകളെ ഒഴിവാക്കുമെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ബാങ്കിങ് മേഖലയിലെ യു.എഫ്.ബി.ഒ. അടക്കം ഇന്‍ഷുറന്‍സ്, പ്രതിരോധ മേഖലകളിലെ സംഘടനകളും പണിമുടക്കില്‍ പങ്കുചേരും.
അതേസമയം റെയില്‍വേയിലെ സംഘടനകള്‍ പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പണിമുടക്കില്‍ പങ്കെടുക്കില്ല. വ്യാപാരി-വ്യവസായി സംഘടനകളോട് കടകമ്പോളങ്ങള്‍ അടച്ച് പണിമുടക്കില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാരും ഓട്ടോ, ടാക്‌സി, സ്വകാര്യ ബസ് എന്നിവയിലേതടക്കം മുഴുവന്‍ മേഖലകളിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുക്കും
സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറക്കാതെ യാത്രകള്‍ ഒഴിവാക്കി സഹകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. വിലക്കയറ്റം തടയുക, തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുക, അസംഘടിത മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കുക തുടങ്ങി പത്തിന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് അഖിലേന്ത്യാതലത്തില്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
വിവിധ ട്രേഡ് യൂണിയനുകളെ പ്രതിനിധീകരിച്ച് എളമരം കരീം, കാനം രാജേന്ദ്രന്‍, എം.എസ്. കരുണാകരന്‍, അഡ്വ. സുബോധന്‍, എം.കെ. കണ്ണന്‍, സി.കെ. ലൂക്കോസ്, അഡ്വ. ഫിലിപ് കെ. തോമസ്, എ.പി. അനില്‍കുമാര്‍, സോണിയ ജോര്‍ജ്, അഹമ്മദ് ഉണ്ണിക്കുളം, ചാള്‍സ് ജോര്‍ജ്, എം. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.