Latest News

മാതൃഭൂമി ഡയറക്ടര്‍ കെ. മോഹന്‍ദാസ് രാധാകൃഷ്ണന്‍ അന്തരിച്ചു

കോഴിക്കോട്: മാതൃഭൂമി ഡയറക്ടറും മുന്‍ ഡെപ്യൂട്ടി എഡിറ്ററുമായ കെ. മോഹന്‍ദാസ് രാധാകൃഷ്ണന്‍ (81) അന്തരിച്ചു. തിരുവണ്ണൂരിലെ വസതിയില്‍ വെള്ളിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം.
2002 മുതല്‍ മാതൃഭൂമി ഡയറക്ടര്‍ പദവി വഹിക്കുന്ന മോഹന്‍ദാസ് രാധാകൃഷ്ണന്‍, സ്വാതന്ത്ര്യസമര സേനാനിയും മാതൃഭൂമി സ്ഥാപക മാനേജിങ് ഡയറക്ടറുമായ കെ. മാധവന്‍ നായരുടെയും കല്യാണി അമ്മയുടെയും മകനാണ്.
ഗാന്ധിയന്‍ ആശയങ്ങളില്‍ അടിയുറച്ച് വിശ്വസിച്ച് പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നഗരത്തിലെ വിവിധ സാമൂഹിക-സാംസ്‌കാരിക സംഘടനകളുടെ മുന്‍നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചു.
ഭാര്യ: ഗവ. ഗണപത് ഗേള്‍സ് റിട്ട. പ്രധാനാധ്യാപിക രമാദേവി. മക്കള്‍: ബിന്ദു (ദുബായ്), സിന്ധു (അക്കൗണ്ട്‌സ് ഓഫീസര്‍, മാതൃഭൂമി). മരുമക്കള്‍: രാജേന്ദ്രകുമാര്‍ (ഫിനാന്‍സ് അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍ സോളികോ ഫൈബര്‍ ഗ്ലാസ്, ദുബായ്), ഡോ. വിനോദ്കുമാര്‍ (താലൂക്ക് ആസ്​പത്രി, പേരാമ്പ്ര). സഹോദരങ്ങള്‍: പരേതരായ കെ. കുമാരന്‍ നായര്‍ ( മാതൃഭൂമി മുന്‍ഡയറക്ടര്‍), കെ. രാമനുണ്ണി നായര്‍, ലീല, ജാനകി.
1932 ഫിബ്രവരി 14-ന് മഞ്ചേരിയില്‍ ജനിച്ച മോഹന്‍ദാസ് രാധാകൃഷ്ണന്‍ ചുള്ളക്കാട് ഗവ. എല്‍.പി. സ്‌കൂള്‍, മഞ്ചേരി ഗവ. ഹൈസ്‌കൂള്‍, പാലക്കാട് ഗവ. വിക്ടോറിയാ കോളേജ് എന്നിവിടങ്ങളിലാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ഗാന്ധിജിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായി പ്രവര്‍ത്തിച്ച അദ്ദേഹം മദ്യനിരോധന പ്രവര്‍ത്തനങ്ങളില്‍ സക്രിയമായി പങ്കെടുത്തു. മദ്യവര്‍ജന സമിതിയുടെ സംസ്ഥാന ഭാരവാഹിത്വം വഹിച്ചു. പി.പി. ഉമ്മര്‍കോയ അനുസ്മരണ കമ്മിറ്റി, ഭാരത് സേവക് സമാജ്, റെഡ്‌ക്രോസ് സൊസൈറ്റി തുടങ്ങി ഒട്ടേറെ സംഘടനകളുടെ അമരക്കാരനായി പ്രവര്‍ത്തിച്ചു.
പത്രപ്രവര്‍ത്തനരംഗത്തും തനതായ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 1957-ലാണ് മാതൃഭൂമിയില്‍ സഹപത്രാധിപരായി ചേര്‍ന്നത്. 1992-ല്‍ തിരുവനന്തപുരത്ത് നിന്ന് ഡെപ്യൂട്ടി എഡിറ്ററായി വിരമിച്ചു. തുടര്‍ന്ന്, മാതൃഭൂമിയുടെ മലപ്പുറം എഡിഷന്‍ പബ്ലിക് റിലേഷന്‍സ് മാനേജരായിരുന്നു. 1934 ജനവരി 13-ന് മഹാത്മാഗാന്ധി കോഴിക്കോട്ടെത്തിയത് ഇദ്ദേഹത്തിന്റെ പിതാവ് കെ. മാധവന്‍ നായരുടെ ഛായാചിത്രം അനാച്ഛാദനം ചെയ്യാനായിരുന്നു.
നല്ലൊരു എഴുത്തുകാരന്‍ കൂടിയായ ഇദ്ദേഹത്തിന്റെ മൂന്ന് പുസ്തകങ്ങള്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ന് ഇന്നലത്തേതിലും ഭേദം, മണലും മനുഷ്യനും, പബ്ലിക് റിലേഷന്‍സ് എന്നിവയാണ് പുസ്തകങ്ങള്‍. 2011-ലെ കേളപ്പജി സ്മാരക പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
ശവസംസ്‌കാരം ശനിയാഴ്ച രാവിലെ 10-ന് മാനാരി ശ്മശാനത്തില്‍ നടക്കും.
മരണവിവരമറിഞ്ഞ് സമൂഹത്തിലെ നാനാതുറകളില്‍പ്പെട്ടവര്‍ തിരുവണ്ണൂരിലെ വീട്ടിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.