Latest News

സമാധാനിപ്പിക്കാന്‍ വാക്കുകളില്ലാതെ ആത്തിക്കയും രമയും

തളിപ്പറമ്പ്: രണ്ട് രക്തസാക്ഷികളുടെ സ്മരണകളുണര്‍ത്തിയ കൂടിക്കാഴ്ചയായിരുന്നു അത്. പട്ടുവം അരിയിലിലെ ഷുക്കൂറിന്റെ മാതാവ് ആത്തിക്കയും ഒഞ്ചിയത്തെ ആര്‍.എം.പി. നേതാവ് ടി.പി.ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ.രമയും കണ്ടുമട്ടിയപ്പോള്‍ ആര് ആരെ സമാധാനിപ്പിക്കുമെന്ന വേദനയിലായിരുന്നു ഇരുവരും.
സി.പി.എമ്മുകാരുടെ ആക്രമണത്തില്‍ മരിച്ച എം.എസ്.എഫ്. നേതാവ് ഷുക്കൂറിന്റെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടുമണിക്ക് ശേഷമാണ് രമ എത്തിയത്. അച്ഛന്‍ കെ.കെ.മാധവനോടും സഹപ്രവര്‍ത്തകരോടുമൊപ്പം അരിയിലിലെത്തിയ രമയെ മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു.
ആത്തിക്കയുടെ കൈപിടിച്ച് രമ ആശ്വസിപ്പിച്ചു. രമക്ക് കൂടുതലൊന്നും പറയാനായില്ല. തിരിച്ച്, ആത്തിക്കയും കുറഞ്ഞവാക്കുകളില്‍ ദുഃഖം കടിച്ചമര്‍ത്തി. അകത്തെ നിശ്ശബ്ദത ഭേദിക്കാനെന്നോണം ദൃഢമായ സ്വരത്തില്‍ രമ പറഞ്ഞു: 'ഞങ്ങളൊക്കെയുണ്ട് കൂടെ. പ്രതികള്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കണം'.
ഇതിനിടെ, ഷുക്കൂറിന്റെ സഹോദരങ്ങളായ ദാവൂദും ഷെഫീക്കും കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 
രമയോട് വിശദീകരിച്ചു. ഷുക്കൂര്‍ അവസാനമായി വീട്ടില്‍ നിന്നിറങ്ങിയ സന്ദര്‍ഭവും അവര്‍ വിവരിച്ചു. ഡിഗ്രി പരീക്ഷ കഴിഞ്ഞ് പുതിയ രജിസ്‌ട്രേഷനുവേണ്ടിയുള്ള പൂരിപ്പിച്ച ഫോറങ്ങളുമെടുത്ത് ഇറങ്ങിയതാണ്. നെറ്റിലൂടെ രജിസ്‌ട്രേഷന്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടിയാണ് ഷുക്കൂര്‍ പോയത്. എല്ലാംകേട്ട രമ തന്റെ വേദനകള്‍ മറന്ന് ഷുക്കൂറിന്റെ കുടുംബത്തിന് ആശ്വാസവാക്കുകള്‍ കൈമാറി. അവര്‍ക്ക് ധൈര്യം പകര്‍ന്നു. അരമണിക്കൂറിലേറെ രമ ഷുക്കൂറിന്റെ വീട്ടിലുണ്ടായിരുന്നു.
'ഞാനും ഇവരുമല്ലാം കൊലപാതക രാഷ്ട്രീയത്തിനിരയായി ഒരുപോലെ ദുഃഖം അനുഭവിക്കുന്നവരാണ്. കൊലപാതക രാഷ്ട്രീയത്തിനെതിരെ ശക്തമായി നില്‍ക്കുകയെന്നതാണ് ലക്ഷ്യം; അത് ഏത് പാര്‍ട്ടി നടത്തിയാലും. മനുഷ്യനെ കൊല്ലാനുള്ള അവകാശം ആര്‍ക്കുമില്ല-കെ.കെ.രമ പറഞ്ഞു.
സി.പി.എം. കൂടുതല്‍ മാടമ്പിരാഷ്ട്രീയം കാണിക്കുന്ന പ്രദേശമായി കണ്ണൂര്‍ മാറിക്കൊണ്ടിരിക്കുകയാണ്. ചന്ദ്രശേഖരന്റെ കേസില്‍ സാക്ഷികളുടെ വീടും കടയും ആക്രമിക്കുന്നു. കോടതിയിലേക്ക് വരുന്ന പ്രതികള്‍ ആള്‍മാറാട്ടംവരെ നടത്തുന്നു -രമപറഞ്ഞു.
ആര്‍.എം.പി. നേതാവ് കുഞ്ഞി അനന്തന്‍, ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി കുളങ്ങര ചന്ദ്രന്‍, മഹിളാ അസോസിയേഷന്‍ സെക്രട്ടറി ടി.കെ.വിമല എന്നിവരും മുസ്‌ലിം ലീഗ് നേതാവ് കെ.വി.മുഹമ്മദ്കുഞ്ഞി, പി.മുഹമ്മദ് ഇഖ്ബാല്‍, കൊണ്ടായി മുസ്തഫ, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, അള്ളാംകുളം മഹമ്മൂദ്, പി.കെ.സുബൈര്‍ തുടങ്ങിയവരും സ്ഥലത്തെത്തിയിരുന്നു.

(Mathrubhumi)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.