Latest News

നീന്തല്‍ രംഗത്ത് നേട്ടങ്ങള്‍ കൊയ്ത് പോലീസ് സേനയ്ക്ക് അഭിമാനമായി സെയ്ഫുദ്ദിന്‍

കുമ്പള : നീന്തല്‍ രംഗത്ത് നിരവധി നേട്ടങ്ങള്‍ കൊയ്‌തെടുത്ത് കുമ്പള പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസറും ജനമൈത്രി പോലീസ് ബീറ്റ് ഓഫീസറുമായ എം പി ടി സെയ്ഫുദ്ദിന്‍ പോലീസ് സേനയ്ക്ക് അഭിമാനമായി. ഭോപ്പാലില്‍ കഴിഞ്ഞ വര്‍ഷം നടന്ന ഒമ്പതാമത് ദേശീയ മാസ്റ്റര്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണപതക്കം നേടിയ സെയ്ഫുദ്ദിന്‍ നിരവധി നേട്ടങ്ങളാണ് ഇതിനോടകം കൈവരിച്ചത്. അമ്പത് മീറ്റര്‍ ബാക്കസ്‌ട്രോക്ക്, അമ്പത് മീറ്റര്‍ ബട്ടര്‍ ഫ് ളൈ, ഫ്രീസ്റ്റയില്‍ റിലേ എന്നിവയിലും ദേശീയ തലത്തില്‍ സ്വര്‍ണ്ണം നേടിയിട്ടുണ്ട് ഈ പോലീസ് ഓഫീസര്‍. ഇതിനു പുറമെ നൂറുമീറ്റര്‍ ബട്ടര്‍ ഫ് ളൈയില്‍ വെള്ളിയും നൂറു മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ വെങ്കലവും നേടി.
2008 ല്‍ ആസ്‌ട്രേലിയയിലെ ഫെര്‍ക്കിംഗില്‍ നടന്ന പന്ത്രണ്ടാം ഫിന ലോകമാസ്റ്റര്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത സെയ്ഫുദ്ദിന്‍ അമ്പത് മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ പത്താം സ്ഥാനത്തെത്തിയിരുന്നു. 2009 ല്‍ സിഡ്‌നി ഒളിംപിക്‌സ് പാര്‍ക്കില്‍ നടന്ന സിഡ്‌നി വേള്‍ഡ് മാസ്റ്റര്‍ ഗെയിംസില്‍ ആസ്‌ത്രേലിയയില്‍ നാഷണല്‍ ടീമില്‍ പങ്കെടുത്ത് 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്കിലും 50 മീറ്റര്‍ ബട്ടര്‍ഫ് ളൈ മത്സരത്തിലും എട്ടാം സ്ഥാനം ലഭിച്ചു. കേരള അക്വാറ്റിക് അസോസിയേഷന്‍ സംസ്ഥാന ജോ.സെക്രട്ടറി, ജില്ല ജോ.സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്ന സെയ്ഫുദ്ദിന്‍ 1996 ല്‍ പോലീസ് സേനയില്‍ എത്തി. 2006 ല്‍ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിനും അര്‍ഹനായി.
നീലേശ്വരം സ്വദേശിയായ സെയ്ഫുദ്ദിന്‍ കഴിഞ്ഞ ഒന്നരവര്‍ഷക്കാലമായി കുമ്പള പോലീസ് സ്റ്റേഷനില്‍ സേവനമനുഷ്ഠിച്ച് വരികയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.