Latest News

മാനംകാക്കാന്‍ ശ്രമിച്ച പെണ്‍കുട്ടിക്കെതിരെ കേസെടുത്തത് അപമാനം -ടി.പദ്മനാഭന്‍

കാഞ്ഞങ്ങാട്: മാനംകാക്കാന്‍ ചെറുത്തുനിന്ന പെണ്‍കുട്ടിക്കെതിരെ കേസെടുത്ത സംഭവം ഭരണകൂടത്തിന് അപമാനമാണെന്ന് കഥാകൃത്ത് ടി.പദ്മനാഭന്‍ അഭിപ്രായപ്പെട്ടു. സ്വന്തം മാനം നഷ്ടപ്പെടാതിരിക്കാനാണ് അവള്‍ പ്രതികരിച്ചത്. ഫലം, ആ പെണ്‍കുട്ടികൂടി ക്രിമിനല്‍ കേസില്‍ പ്രതിയായി. ഇതില്‍പരം ഒരപമാനം ഒരു ഭരണകൂടത്തിനുമുണ്ടാകില്ല. യഥാര്‍ഥത്തില്‍ കേസെടുത്തവരെയല്ലേ ശിക്ഷിക്കേണ്ടത് -അദ്ദേഹം ചോദിച്ചു. കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പദ്മനാഭന്‍.
ഒരു സംഘം അപമാനിക്കാന്‍ വന്നപ്പോള്‍ എന്തായിരുന്നു അവള്‍ ചെയ്യേണ്ടിയിരുന്നത്? എല്ലാം കഴിഞ്ഞശേഷം കോടതിയില്‍ പോയി ആവലാതിയും പരാതിയും പറയുകയാണോ വേണ്ടിയിരുന്നത്. പെണ്‍കുട്ടികള്‍ക്ക് പൊതുവഴിയില്‍ രക്ഷ ലഭിക്കാത്ത കാലമാണിത്-തിരുവനന്തപുരത്ത് പൂവാലന്മാരെ നേരിട്ട അമൃതയ്ക്കുണ്ടായ അനുഭവത്തെ പരാമര്‍ശിച്ച് അദ്ദേഹം പറഞ്ഞു.
സൂര്യനെല്ലി കേസില്‍ നിയമം അതിന്റെ വഴിക്ക് പോകട്ടെ. സത്യം വിജയിക്കട്ടെയെന്ന് നമുക്ക് പ്രാര്‍ഥിക്കാം. കുറ്റക്കാരനല്ലെന്ന് ഏതെങ്കിലും വ്യക്തിയോ രാഷ്ട്രീയക്കാരോ പറഞ്ഞാല്‍ കുറ്റക്കാരനായ വ്യക്തി രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. കലയും സാഹിത്യവും ഏതെങ്കിലും ഒരുകൂട്ടരുടെ മാത്രം കുത്തകയല്ല. നമ്മുടെ മനസ്സിനെ വിമലീകരിക്കുന്നതാണ് കല. പക്ഷേ, കലാമേളകള്‍ പലതും ഉത്സവത്തിന് പകരം യുദ്ധമായി മാറുകയാണ്. മനോഹരമായ ഒരു മത്സരമല്ല ഇന്ന് നടക്കുന്നത്. ഏതുരംഗത്തായാലും വിഷമതകള്‍ മാത്രമേ ഇന്നുള്ളൂ. സാധനങ്ങള്‍ക്കെല്ലാം ഓരോ ദിവസവും വില കൂടുകയാണ്.
അങ്ങനെയുള്ള കാലഘട്ടത്തില്‍ എന്ത് പുരോഗതിയാണ് നാട്ടില്‍ ഉണ്ടാകുക? പണിമുടക്ക് നടത്തിയും മറ്റും ഇതിനെതിരെ പ്രതീകരിക്കുന്നവരെ കുറ്റംപറയാനുമാകില്ല -പദ്മനാഭന്‍ പറഞ്ഞു.കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ ചെയര്‍മാന്‍ വിനില്‍ ലക്ഷ്മണന്‍ അധ്യക്ഷനായി. സര്‍വകലാശാലാ വിദ്യാര്‍ഥി ക്ഷേമവിഭാഗം ഡയരക്ടര്‍ വി.എസ്.അനില്‍കുമാര്‍, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്‍ എ.കൃഷ്ണന്‍, കാഞ്ഞങ്ങാട് നഗരസഭാ ഉപാധ്യക്ഷന്‍ പ്രഭാകരന്‍ വാഴുന്നോറടി, കൗണ്‍സിലര്‍ പി.ബേബി, നിത്യാനന്ദ പോളിടെക്‌നിക് പ്രിന്‍സിപ്പല്‍ പി.എം.മഹീശന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ സര്‍വകലാശാലാ യൂണിയന്‍ ജനറല്‍ സെക്രട്ടറി രതീഷ് രാജു സ്വാഗതവും പ്രോഗ്രാം കമ്മിറ്റി വൈസ് ചെയര്‍മാന്‍ ടി.വി.രജീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.