Latest News

കണ്ണൂരില്‍ നിര്‍മ്മാണത്തിനിടെ ബോംബ് പൊട്ടി രണ്ടു സി.പി.എം പ്രവര്‍ത്തകര്‍ മരിച്ചു

കണ്ണൂര്‍: [www.malabarflash.com] കാളവല്ലൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലെ ഈസ്റ്റ് ചെറ്റക്കണ്ടി തെക്കുംമുറി കാക്കറോട്ടുകുന്നിലെ ആളൊഴിഞ്ഞ പറമ്പിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ രണ്ടു സിപിഎം പ്രവര്‍ത്തകര്‍ മരിച്ചു. നാലുപേര്‍ക്കു പരിക്കേറ്റു. ഇതില്‍ രണ്ടു പേരുടെ നില അതീവഗുരുതരമാണ്. ബോംബ് നിര്‍മാണത്തിനിടയിലാണു സ്‌ഫോടനമെന്നു പോലീസ് പറഞ്ഞു. ശനിയാഴ്ച ഉച്ചകഴിഞ്ഞു 12.45ഓടെയായിരുന്നു സ്‌ഫോടനം.

തെക്കുംമുറി വടക്കേക്കരാല്‍ കൃഷ്ണന്‍- കല്യാണി ദമ്പതികളുടെ മകന്‍ സുബീഷ് (24), തിളമ്പില്‍ കൃഷ്ണന്‍-ദേവി ദമ്പതികളുടെ മകന്‍ ഷൈജു (33) എന്നിവരാണു മരിച്ചത്. ഇരുവരും അവിവാഹിതരാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണു ഷൈജുവെന്നു പോലീസ് പറഞ്ഞു.

അതീവ ഗുരുതരമായി പരിക്കേറ്റ പൊയിലൂര്‍ ചമതക്കാട്ടെ രതീഷ്, ചെറ്റക്കണ്ടി വടക്കെകരാല്‍ നിജീഷ് എന്നിവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റു രണ്ടുപേരെക്കുറിച്ചു വിവരമില്ല. ഇവര്‍ രഹസ്യകേന്ദ്രത്തില്‍ ചികിത്സ തേടിയതായാണ് അറിയുന്നത്. പരിക്കേറ്റവരും സിപിഎം പ്രവര്‍ത്തകരാണ്. മൃതദേഹങ്ങള്‍ തലശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചശേഷം പിന്നീടു പരിയാരം മെഡിക്കല്‍ കോളജിലേക്കു മാറ്റി.

കണ്ണൂര്‍-കോഴിക്കോട് ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണു സ്‌ഫോടനം നടന്ന സ്ഥലം. വിജനമായ സ്ഥലത്തുനടന്ന സ്‌ഫോടനത്തിന്റെ ശബ്ദം സമീപവാസികള്‍ കേട്ടെങ്കിലും സമീപത്തെ ക്വാറിയില്‍നിന്നുള്ള ശബ്ദമാണെന്നാണ് ആദ്യം കരുതിയത്. പിന്നീട് വിവരമറിഞ്ഞു നാട്ടുകാര്‍ എത്തിയെങ്കിലും സ്‌ഫോടനം നടന്ന പ്രദേശത്തേക്കു പാര്‍ട്ടി പ്രവര്‍ത്തകര്‍ കടത്തിവിട്ടില്ലെന്നു പറയുന്നു. സംഭവം നടന്നു മൂന്നു മണിക്കൂറിനുശേഷമാണു പോലീസ് എത്തിയത്. അതിനുമുമ്പ് പരിക്കേറ്റവരെയും മരിച്ചവരെയും സ്ഥലത്തുനിന്നു മിനി ലോറിയില്‍ ആശുപത്രിയിലേക്കു മാറ്റിയിരുന്നു.

പോലീസ് എത്തിയപ്പോള്‍ സംഭവസ്ഥലത്തു തീയിട്ട നിലയിലായിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ തീയിട്ടതാണെന്നു കരുതുന്നു. മൂന്നു സ്റ്റീല്‍ ബോംബുകള്‍ സ്ഥലത്തുനിന്നു പോലീസ് കണെ്ടടുത്തിട്ടുണ്ട്. സ്‌ഫോടനം നടന്ന പറമ്പിലെ കശുമാവിന്റെ മുകളില്‍ സിപിഎം പ്രവര്‍ത്തകര്‍ കൈയില്‍ കെട്ടുന്ന ചരട് കുരുങ്ങിക്കിടക്കുന്ന നിലയിലും കണെ്ടത്തി. സ്‌ഫോടനം നടന്ന സ്ഥലത്തിനു സമീപമുള്ള വടക്കേപൊയിലൂരില്‍ ഒന്നരമാസം മുമ്പ് സിപിഎം പ്രവര്‍ത്തകനായ പള്ളിച്ചാലില്‍ വിനോദ് ബോംബേറില്‍ കൊല്ലപ്പെട്ടിരുന്നു.

എഡിജിപി ശങ്കര്‍റെഡ്ഡി, ഐജി ദിനേന്ദ്ര കശ്യപ്, ജില്ലാ പോലീസ് മേധാവി പി.എന്‍. ഉണ്ണിരാജന്‍, പാനൂര്‍ സിഐ അനില്‍കുമാര്‍, കൂത്തുപറമ്പ് സിഐ പ്രേംസദന്‍ തുടങ്ങിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്‌ഫോടനം നടന്ന സ്ഥലം സന്ദര്‍ശിച്ചു. കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തെക്കുറിച്ച് ഡിജിപി ടി.പി. സെന്‍കുമാറിനോട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റിപ്പോര്‍ട്ട് തേടി.

സുബീഷ് തേപ്പുതൊഴിലാളിയും ഷൈജു മാര്‍ബിള്‍ തൊഴിലാളിയുമാണ്. ഷൈജുവിന്റെ സഹോദരങ്ങള്‍: രഞ്ജിത്, ഷിബു, ജസ്‌ന, ഷൈനി. സുബീഷിന്റെ സഹോദരങ്ങള്‍: സുരേഷ്, ബീന, സുനീഷ്, ഉമേഷ്.  

Keywords: Kannur, Malabarflash, Malabarnews, Malayalam News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.