Latest News

വിലക്ക്: ഷാരൂഖിന് ഐപിഎല്‍ ആറാം സീസണിലും പങ്കെടുക്കാന്‍ കഴിയില്ല

Sports, Sharookh Khan, Ban, IPL
മുംബയ്: ഐ.പി.എല്‍ അഞ്ചാം സീസണിലെ മത്സരങ്ങള്‍ക്കിടെയുണ്ടായ അടിപിടിയെ തുടര്‍ന്ന് മുംബയ് ക്രിക്കറ്റ് അസോസിയേഷന്‍ (എം.സി.എ) ബോളിവുഡ് നടനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയുമായ ഷാരൂഖ് ഖാന് ഏര്‍പ്പെടുത്തിയ വിലക്ക് നിലനില്‍ക്കുന്നതിനാല്‍ ആറാം സീസണില്‍ മുംബയില്‍ നടക്കുന്ന മത്സരങ്ങള്‍ ഷാരൂഖിന് ടി.വിയിലൂടെ കാണേണ്ടി വരും. അഞ്ചു വര്‍ഷത്തെ വിലക്കാണ് ഷാരൂഖിന് വാങ്കഡെ സ്‌റ്റേഡിയം അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മെയ് 7ന് മുംബയ് വാങ്കഡെ സ്‌റ്റേഡിയത്തില്‍ മുംബയ് ഇന്ത്യന്‍സിനെതിരെയാണ് നൈറ്റ് റൈഡേഴ്‌സിന്റെ മത്സരം.
നിയമവും കരാറും ഏതെങ്കിലും ഒരു വ്യക്തിക്കായി മാറ്റാനാകില്ലെന്നും ക്രിക്കറ്റ് അസോസിയേഷന്‍ ഡീബാര്‍ ചെയ്ത വ്യക്തികളുടെ കാര്യത്തില്‍ ഇടപെടാനാകില്ലെന്നും ഇത് സംബന്ധിച്ച് കരാര്‍ അടുത്ത ദിവസം ഒപ്പ് വെയ്ക്കുമെന്നും എം.സി.എ ജോയിന്റ് സെക്രട്ടറി നിധിന്‍ ദലാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം എടുത്തതിനു ശേഷം ഇത് സംബന്ധിച്ച വിശദവിവരങ്ങള്‍ ഐ.പി.എല്‍ അതോറിറ്റിയെയും എല്ലാ ടീം ഉടമകളെയും തങ്ങള്‍ അറിയിച്ചിട്ടുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. വിലക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ മറ്റൊരു ജോയിന്റ് സെക്രട്ടറിയായ പി.വി.ഷെട്ടി വിസമ്മതിച്ചു.

കഴിഞ്ഞ വര്‍ഷത്തെ ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സുമായുള്ള മത്സരത്തിനിടെ സെക്യൂരിറ്റി ജീവനക്കാരോടും ടീം ഒഫീഷ്യല്‍സിനോടും കലഹിച്ചതിന്റെ പേരിലാണ് അഞ്ചു വര്‍ഷം വിലക്ക്. എന്നാല്‍ തന്റെ കുട്ടിയോടും ഒപ്പമുണ്ടായിരുന്നവരോടും അപമര്യാദയായി പെരുമാറിയപ്പോഴുള്ള സ്വാഭാവിക പ്രതികരണത്തിനപ്പുറം ഒന്നുമുണ്ടായിട്ടില്ലെന്നാണ് ഷാരൂഖ് പ്രതികരിച്ചത്.

അതേസമയം സംസ്ഥാനത്തെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ അധികാരമില്ലെന്നും ഇത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ബി.സി.സി.ഐയോട് നിര്‍ദ്ദേശിക്കാനുള്ള അധികാരമേ ഉള്ളൂ എന്നുമായിരുന്നു ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്‌ള നേരത്തെ വ്യക്തമാക്കിയിരുന്നത്.

ഏതായാലും ബിസിസിഐയുടെ അന്തിമ വിധി പെട്ടന്ന് ഉണ്ടാകാത്ത പക്ഷം ഏപ്രില്‍ 3ന് തുടങ്ങുന്ന ഐപിഎല്‍ ആറാം എഡിഷന്‍ കിംഗ് ഖാന് സ്‌റ്റേഡിയത്തിനു വെളിയിലിരുന്ന് കാണേണ്ടി വരും.

Keywords: Sports, Sharookh Khan, Ban, IPL

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.