Latest News

വിടപറഞ്ഞത് വടകരയിലെ പൊതുപ്രവര്‍ത്തനരംഗത്തെ നിറസാന്നിധ്യം

വടകര: കഴിഞ്ഞ ദിവസം അന്തരിച്ച മുസ്‌ലിംലീഗ് വടകര നിയോജക മണ്ഡലം ട്രഷറര്‍ എ.കെ നിസാര്‍ മാസ്റ്റര്‍ വടകരയിലെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരി രംഗത്തെ നിറസാന്നിധ്യം. ഹ്രസ്വസന്ദര്‍ശനത്തിനായി ഭാര്യയോടൊപ്പം യു.എ.ഇയിലായിരുന്ന അദ്ദേഹം കഴിഞ്ഞ ദിവസം രാത്രിയോടെ അജ്മാനില്‍ വച്ചായിരുന്നു മരിച്ചത്.

രാഷ്ട്രീയ വിഷയങ്ങള്‍ പഠിക്കുകയും അത് കൃത്യതയോടെ അവതരിപ്പിക്കുകയും ചെയ്യുന്നതിന് ഏറെ മിടുക്കുണ്ടായിരുന്നു മാസ്റ്റര്‍ക്ക്. അനാവശ്യമായി സംസാരിക്കാത്ത, എന്നാല്‍ ആവശ്യമായ വിഷയങ്ങളില്‍ സജീവമായി ഇടപെടുന്ന പ്രകൃതമായിരുന്നു.

ഏത് രാഷ്ട്രീയ വിഷയത്തിനും കൃത്യമായ മറുപടി നിസാര്‍ മാസ്റ്ററുടെ വശം ഉണ്ടായിരുന്നു. വടകര ടൗണ്‍ മുസ്‌ലിംലീഗ് സെക്രട്ടറിയെന്ന നിലയിലും അധ്യാപകനെന്ന നിലയിലും പ്രധാനാധ്യാപകനെന്ന നിലയിലും മാതൃകയാവാന്‍ നിസാര്‍ മാസ്റ്റര്‍ക്ക് കഴിഞ്ഞു. മുക്കോലഭാഗം ജെ.ബി സ്‌കൂളില്‍ നിന്ന് പ്രധാനാധ്യാപകനായാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് നിസാര്‍ മാസ്റ്റര്‍ വിരമിച്ചത്.
എന്നാല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ മാസ്റ്റര്‍ റിട്ടയര്‍മെന്റിനു ശേഷവും തുടര്‍ന്നു. അതോടൊപ്പം മറ്റ് സേവന പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി നിലകൊണ്ടു.

വടകര നഗരസഭാ കൗണ്‍സിലറായ സമയം എക്കാലവും സ്മരിക്കപ്പെടുന്ന രീതിയില്‍ താഴെ അങ്ങാടി പ്രദേശത്ത് വികസനം എത്തിക്കുന്നതില്‍ ഏറെ മുന്‍കയ്യെടുത്തു. വടകര റമസാന്‍ അത്താഴ കമ്മിറ്റിയുടെ കാര്യദര്‍ശിയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. മുസ്‌ലിംലീഗ് വടകര നിയോജക മണ്ഡലം ട്രഷറര്‍, കോഴിക്കോട് ജില്ലാ മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതി അംഗം, സംസ്ഥാന മുസ്‌ലിം ലീഗ് കൗണ്‍സിലര്‍ എന്നീ നിലകളിലെല്ലാം അദ്ദേഹത്തിന്റെ പ്രവര്‍ത്തനം സ്മരണീയവും സ്ത്യുതര്‍ഹവുമായിരുന്നു.

അജ്മാനിലുള്ള മകളെയും കുടുംബത്തെയും കാണാന്‍ ഭാര്യ സുബൈദയോടൊപ്പം സന്ദര്‍ശക വീസയില്‍ എത്തിയതായിരുന്നു. .
മക്കള്‍: സുനീല, ഹൌലത്ത് (അധ്യാപിക, എംയുഎ സ്‌കൂള്‍, വടകര), സുനീര്‍ താരിഖ് (ഖത്തര്‍), സുനീദ് ബക്കര്‍ (അധ്യാപകന്‍, അയിത്തല മാപ്പിള സ്‌കൂള്‍), സുഹൈല്‍ അഹ്താബ് (ഖത്തര്‍). മരുമക്കള്‍: മുസ്തഫ വളപ്പില്‍ (അജ്മാന്‍), ഷഹ്ന, ഹംന, മഹ്ഫൂസ.

നിസാറിന്റെ നിര്യാണത്തില്‍ കെഎംസിസി നേതാക്കളായ പുത്തൂര്‍ റഹ്മാന്‍, ഇബ്രാഹിം എളേറ്റില്‍, സൂപ്പി പാതിരിപ്പറ്റ, പി.കെ അന്‍വര്‍ നഹ, ഇബ്രാഹിം മുറിച്ചാണ്ടി, ഹംസ പയ്യോളി, ഇസ്മായില്‍ ഏറാമല, എന്‍.പി. കുഞ്ഞമ്മദ് ഹാജി, ഗഫൂര്‍ പാലോളി, നജീബ് എന്നിവര്‍ അനുശോചിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.