Latest News

മന്ത്രിമാരെ ജില്ലയില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ടി വി രാജേഷ്


കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് ധനസഹായം നല്‍കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉരുണ്ട് കളിക്കുകയാണെന്നും ഇതു തുടര്‍ന്നാല്‍ ജില്ലയില്‍ മുഖ്യമന്ത്രിയടക്കം ഒരു മന്ത്രിയേയും കാലുകുത്താന്‍ അനുവദിക്കില്ലെന്നും ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ് എം എല്‍ എ പറഞ്ഞു.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ വഞ്ചിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തുക, ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ ശുപാര്‍ശ നടപ്പിലാക്കുക, ദുരിതബാധിതരുടെ പുനരധിവാസത്തിനായി പ്രത്യേക ട്രൈബ്യൂണല്‍ സ്ഥാപിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങളുന്നയിച്ച് ഡി വൈ എഫ് ഐ ജില്ലാ കമ്മിറ്റി കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരകള്‍ക്ക് സഹായം നല്‍കുന്ന കാര്യത്തില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ഒരു പോലെ ഒളിച്ചു കളിക്കുകയാണ്. ഇത് എന്തിനാണെന്നറിയില്ല. ഇക്കാര്യത്തില്‍ ഇരു സര്‍ക്കാരുകള്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. ദുരിതബാധിതര്‍ക്കായി സമഗ്രമായ പാക്കേജ് നടപ്പിലാക്കണം. ഇല്ലെങ്കില്‍ ഡി വൈ എഫ് ഐ വന്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുമെന്നും രാജേഷ് പറഞ്ഞു. ഒരു മന്ത്രിമാരും എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി നടത്തുന്ന നിരാഹാരസത്യാഗ്രഹ പന്തല്‍ സന്ദര്‍ശിക്കാത്തത് ഇരകളോട് കാണിക്കുന്ന അവഗണനയാണ്. ഇതു തിരുത്തണം. ഒരു മനുഷ്യരാശിയുടെ ജീവിതം തന്നെ കാര്‍ന്നു തിന്ന മാരകമായ വിഷം വിതരണം ചെയ്ത ചില കോര്‍പറേറ്റ് ഭീമന്‍മാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ തുടരുന്നത്. ഇത് അനീതിയാണെന്നും ടി വി രാജേഷ് പറഞ്ഞു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആണും പെണ്ണും കെട്ട ഭരണമാണ് പി സി ജോര്‍ജ്മാര്‍ക്ക് ഉത്തേജനമാകുന്നതെന്നും അദ്ദേഹം ആരോപിച്ചു. കുടുംബത്തോടൊപ്പം മാന്യമായി ടി വി കാണാന്‍ കഴിയാത്ത സാഹചര്യമാണ് പി സി ജോര്‍ജിന്റെ വാര്‍ത്താസമ്മേളനങ്ങള്‍ പ്രക്ഷേപണം ചെയ്യുന്നതുകൊണ്ട് ഉണ്ടാകുന്നത്. കേരള രാഷ്ട്രീയത്തിലെ കുപ്പത്തൊട്ടിയാണ് പി സി ജോര്‍ജ്. കേരള രാഷ്ട്രീയത്തിലെ മുതിര്‍ന്ന നേതാവായ കെ ആര്‍ ഗൗരിയമ്മയെ പോലും അധിക്ഷേപിക്കുന്ന ചീഫ് വിപ്പിനെ മന്ത്രിസഭയില്‍ നിന്ന് നീക്കം ചെയ്യാന്‍ മുഖ്യമന്ത്രി തയ്യാറാകണം. മന്ത്രി ഗണേശിന്റെ ഭാര്യ യാമിനി തങ്കച്ചി നല്‍കിയ പരാതിയെപോലും മുക്കുന്ന സമീപനമാണ് ഉമ്മന്‍ചാണ്ടി സ്വീകരിക്കുന്നതെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡണ്ട് അഡ്വ. കെ രാജ്‌മോഹന്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ മണികണ്ഠന്‍ സ്വാഗതം പറഞ്ഞു. സിജിമാത്യു, കെ രവീന്ദ്രന്‍, സി എ സജിത്, എം രാജന്‍, നിഷാന്ത്, പി കെ മനോജ്, എം രാജീവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Dyfi, Endosulfan, T.V. Rajesh MLA

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.