Latest News

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് 5 വര്‍ഷം കഴിഞ്ഞാലും ആനുകൂല്യം തുടരും

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള ആനുകൂല്യം 5 വര്‍ഷം മാത്രമായിരിക്കുമെന്ന ഉത്തരവ് തിരുത്തും. 5 വര്‍ഷം കഴിഞ്ഞാലും ഇരകള്‍ക്ക് അനൂകൂല്യം നല്‍കാന്‍ തിരുവനന്തപുരത്ത് ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. കാന്‍സര്‍ ബാധിച്ചവര്‍ക്ക് ഉള്‍പ്പടെ കൂടുതല്‍ രോഗികളെക്കൂടി ആനുകൂല്യം ലഭിക്കേണ്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തും. ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് ട്രിബ്യൂണല്‍ രൂപീകരിക്കുന്ന കാര്യം പരിശോധിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിക്കാനും സര്‍വകക്ഷിയോഗം തീരുമാനിച്ചു.

സര്‍വകക്ഷിയോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തീരുമാനങ്ങള്‍ അറിയിച്ചത്.

സമര സമിതി മുന്നോട്ട് വെച്ച് പ്രധാന ആവശ്യമായിരുന്നു ദുരിത ബാധിതര്‍ക്ക് അഞ്ചു വര്‍ഷത്തിന് ശേഷവും ആനുകൂല്യങ്ങള്‍ക്ക് അവകാശമുണ്ടാവണം എന്നത്. സമര സമിതി മുന്നോട്ട് വെച്ച് ഒന്‍പത് ഇന ആവശ്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ആവശ്യമായിരുന്നു ഇത്. എന്‍ഡോസള്‍ഫാന്‍ സഹായ പാക്കേജില്‍ ക്യാന്‍സര്‍ രോഗികളെ കൂടി ഉള്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതുകൂടാതെ എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍പ്പെടുന്ന ആളുകള്‍ ഏതു വിഭാഗത്തില്‍പ്പെടുന്നവരാണെന്ന് കണ്ടെത്തുന്നതിനായി ഡോക്ടര്‍മാരുടെ അഞ്ചംഗ വിദഗ്ധ സമിതി രൂപീകരിക്കും.

ആലപ്പുഴ മെഡിക്കല്‍ കൊളേജിലെ ഡോ. കെ. പി. അരവിന്ദന്‍, പരിയാരം മെഡിക്കല്‍ കോളേജിലെ ഡോ. ജയശ്രീ, കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഡോ. ജയകൃഷ്ണന്‍, ഡോ. തുളസീധരന്‍, എന്‍ആര്‍എച്ച്എം കാസര്‍ഗോട് ജില്ലാ പ്രോജക്ട് മാനേജര്‍ എന്നിവരായിരിക്കും വിദഗ്ധ സമിതിയില്‍ ഉണ്ടാകുക.

ഇവര്‍ നടത്തുന്ന പഠനത്തില്‍ തെളിയുന്നതനുസരിച്ചായിരിക്കും ദുരിത ബാധിതര്‍ മനുഷ്യാവകാശ കമ്മീഷന്‍ പറഞ്ഞിരിക്കുന്ന മൂന്നു വിഭാഗങ്ങളില്‍ ഏതു വിഭാഗത്തില്‍ പെടുന്നവരാണെന്ന് തീരുമാനിക്കുക. മനുഷ്യാവകാശ കമ്മീഷന്‍ നിഷ്‌കര്‍ഷിച്ചിരിക്കുന്ന വിഭാഗത്തില്‍പ്പെടാത്ത ആളുകളുടെ കാര്യത്തില്‍ എന്ത് തീരുമാനം എടുക്കണമെന്ന് പിന്നീട് ആലോചിച്ച് തീരുമാനിക്കും. വിദഗ്ദ്ധ റിപ്പോര്‍ട്ട് നാലുമാസത്തിനകം സമര്‍പ്പിക്കണം.

എന്‍ഡോസള്‍ഫാന്‍ ഇരയായി ഒരാളെങ്കിലും കുടുംബത്തില്‍ ഉണ്ടെങ്കില്‍ ആ കുടുംബത്തെ മറ്റു മാനദണ്ഡങ്ങള്‍ പരിഗണിക്കാതെ ബിപിഎല്‍ പട്ടികയില്‍പ്പെടുത്തും. ഇവര്‍ക്ക് സൗജന്യ റേഷനും സൗജന്യ ചികിത്സയും പ്രതിമാസ പെന്‍ഷനും ലഭ്യമാക്കും. മറ്റൊരാളുടെ സഹായത്തോടെ മാത്രം ജിവിക്കാന്‍ കഴിയു എന്ന നിലയിലുള്ള എന്‍ഡോസള്‍ഫാന്‍ ഇരകളെ പരിപാലിക്കുന്ന കുടുംബത്തിലെ ഒരാള്‍ക്കും പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശ പ്രകാരം എന്‍ഡോസള്‍ഫാന്‍ ഇരകളായി മരിച്ചവര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം നല്‍കാനായിരുന്നു തീരുമാനം. ഇതു പ്രകാരം 600 പേര്‍ക്ക് സഹായ ധനം വിതരണം ചെയ്തു.

ശേഷിക്കുന്ന 134 പേര്‍ക്ക് അവകാശ സംബന്ധമായ രേഖകള്‍ സമര്‍പ്പിക്കുന്ന മുറക്ക് വിതരണം ചെയ്യാനും യോഗത്തില്‍ തീരുമാനമായി.












Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.