കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസം അട്ടിമറിക്കാനുള്ള യു ഡി എഫ് സര്‍ക്കാര്‍ നീക്കം അവസാനിപ്പിക്കുക, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രത്യേക െ്രെടബ്യൂണല്‍ സ്ഥാപിക്കുക, അര്‍ഹരായ മുഴുവന്‍ എന്‍ഡോസള്‍ഫാന്‍ രോഗികളേയും ലിസ്റ്റില്‍ ഉള്‍പ്പെടുത്തി ചികിത്സാ സഹായം നല്‍കുക, നിരാഹാര സമരം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ റോഡ് ഉപരോധം ആരംഭിച്ചു. എന്‍ഡോസള്‍ഫാന്‍ ജനകീയ പീഡിത മുന്നണി നിരാഹാര സമരം നടത്തുന്ന ഒപ്പുമരച്ചോട്ടിനു മുന്‍വശത്തെ ദേശീയപാതയിലാണ് റോഡ് ഉപരോധം തുടങ്ങിയത്. ഡി വൈ എഫ് ഐ യുടെ നേതൃത്വത്തിലാണ് ഉപരോധം. മൂന്നു മണിക്കാണ് ഉപരോധം തുടങ്ങിയത്. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം സിജിമാത്യു, ജില്ലാ പ്രസിഡണ്ട് രാജ്‌മോഹന്‍, സെക്രട്ടറി കെ മണികണ്ഠന്‍, കെ രവീന്ദ്രന്‍, സജിത്ത്, നിഷാന്ത്, വി പ്രകാശന്‍, ടി കെ മനോജ് എന്നിവര്‍ റോഡ് ഉപരോധത്തിന് നേതൃത്വം നല്‍കുന്നു. സ്ഥലത്ത് വന്‍ പോലീസ് സംഘം എത്തിയിരിക്കുകയാണ്. സമരത്തിന് അനുഭാവം പ്രകടിപ്പിച്ച് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി.
ജനരോഷം കണ്ടില്ലെന്ന് നടിക്കാനാണ് സര്‍ക്കാര്‍ ഭാവമെങ്കില്‍ രൂക്ഷമായ പ്രതിഷേധ സമരങ്ങള്‍ക്ക് വരും നാളുകളില്‍ സംസ്ഥാനം സാക്ഷ്യം വഹിക്കേണ്ടിവരുമെന്ന് പരിപാടി മുന്നറിയിപ്പ് നല്‍കി. സമരത്തിന് അഭിവാദ്യം നേരാന്‍ 22 ദിവസമായി നിരാഹാരം അനുഷ്ഠിക്കുന്ന എ. മോഹന്‍കുമാര്‍ ജനറല്‍ ആശുപത്രിയില്‍ നിന്ന് വന്നത് സമരത്തിന് ആവേശം പകര്‍ന്നു. സമരപന്തലില്‍ ആറ് ദിവസമായി നിരാഹാരമനുഷ്ഠിക്കുന്ന തൊഴിലാളി നേതാവ് മോയിന്‍ ബാപ്പു പൊതുയോഗം ഉദ്ഘാടനം ചെയ്തു. മറ്റൊരു സത്യാഗ്രഹി ഗ്രോവാസു, അന്വേഷി പ്രസിഡന്റ് കെ.അജിത, ഡി.വൈ.എഫ്.ഐ നേതാവ് സിജി മാത്യു, പി.ഡി.പി നേതാവ് അജിത് കുമാര്‍ ആസാദ്, യുവമോര്‍ച നേതാവ് രഞ്ജിത്ത്, എ.വൈ.എഫ് നേതാവ് അഡ്വ. സുരേഷ് ബാബു, ഐ.എന്‍.എല്‍ നേതാവ് സി.എം.എ ജലീല്‍, പി.പി.കെ പൊതുവാള്‍, അബ്ബാസ് മുതലപ്പാറ, സുബ്രഹ്മണ്യന്‍ തുടങ്ങിയ നേതാക്കള്‍ സമരത്തിന് അഭിവാദ്യമര്‍പിച്ചു. ജനകീയ നീതിക്ക് വേണ്ടിയുള്ള സമരത്തില്‍ രാഷ്ട്രീയ-മത വിഭാഗമില്ലാതെയുള്ള ഒരുമ ഇനിയും ഉണ്ടാകണമെന്ന് സംഘടനാ നേതാക്കളെല്ലാം ഊന്നിപറഞ്ഞു. സമരസമിതി കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.
പരിപാടിക്ക് വീറ് പകരാന്‍ ചെണ്ടമേളവും പ്രഛന്ന വേഷവും പി.ഡി.പി. പ്രവര്‍ത്തകരുടെ ശയനപ്രദക്ഷിണവും ഉണ്ടായിരുന്നു. പ്രതിഷേധവും ഐക്യദാര്‍ഢ്യവുമായെത്തിയ ആയിരക്കണക്കിന് ആളുകളെ ഉള്‍കൊള്ളാനാകാതെ നഗരം ഒരുമണിക്കൂറോളം വീര്‍പുമുട്ടുകയായിരുന്നു. സെന്‍ട്രല്‍ ആര്‍ട്‌സ് വെള്ളൂരിലെ ഗിരീഷ് ഗ്രാമികയുടെ നേതൃത്വത്തിലുള്ള വിത്തും കൈക്കോട്ടും എന്ന തെരുവ് നാടകവും ചെറുവത്തൂരിലെ കലാകാരന്‍മാര്‍ ഒരുക്കിയ എന്‍ഡോസള്‍ഫാന്‍ ശില്‍പവും പ്രതിഷേധത്തിന് പുതിയ മുഖം പകര്‍ന്നു.
നാഷണല്‍ യൂത്ത് ലീഗ്, എസ് ഡി പി ഐ, പി ഡി പി, തുടങ്ങി വിവിധ സംഘടന പ്രവര്‍ത്തകരും, തൊഴിലാളികളും വിദ്യാര്‍ത്ഥികളും സമര ജനസമുദ്രത്തില്‍ പങ്കെടുക്കുന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന റോഡ് ഉപരോധത്തെത്തുടര്‍ന്ന് വാഹന ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടു. കാസര്‍കോട് നഗരം സമരക്കാരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment