Latest News

ഒരു കാര്‍ വാങ്ങിയാല്‍ ഒന്ന് ഫ്രീ !

അഹമ്മദാബാദ്: ഒരു കാര്‍ വാങ്ങിയാല്‍ മറ്റൊരു കാര്‍ തികച്ചും സൗജന്യമായി ലഭിക്കുന്നു!. കേട്ട് അതിശയം കൂറേണ്ട. സംഗതി സത്യമാണ്. മന്ദഗതിയിലായ വിപണിയെ ഉണര്‍ത്താനും മത്സരവിപണിയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കാനും ലക്ഷ്യമിട്ടാണ് ഗുജറാത്തിലെ സ്‌കോഡ വാഹന ഡീലറായ ടോര്‍ക്യൂ ഓട്ടോ കമ്പനിയാണ് ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്.
ഒരു സെഡാന്‍ റാപ്പിഡ് കാര്‍ വാങ്ങിയാല്‍ ഫാബിയ ഹാച്ച്ബാക്ക് ഫ്രീയായി നല്‍കുമെന്നാണ് വാഗ്ദാനം. ഒറ്റ നിബന്ധന മാത്രം. ഫ്രീയായി കിട്ടുന്ന കാര്‍ വീട്ടിലെത്തണമെങ്കില്‍ അഞ്ച് വര്‍ഷം കഴിയും. അതായത് 2018 ല്‍ മാത്രം. പെട്രോള്‍ എന്‍ജിന്‍ കാര്‍ വാങ്ങുന്നവര്‍ക്ക് സൗജന്യമായി ലഭിക്കുന്നതും പെട്രോള്‍ എന്‍ജിന്‍ കാര്‍ തന്നെയായിരിക്കും. 2018 ല്‍ ഫാബിയ ഹാച്ച്ബാക്ക് മോഡല്‍ വിപണിയില്‍ ഇല്ലെങ്കില്‍ മറ്റൊരു മോഡല്‍ നല്‍കുമെന്നും കമ്പനി ഉറപ്പു നല്‍കുന്നുണ്ട്. മറ്റ് മോഡലുകള്‍ ഇല്ലെങ്കില്‍ ഉപഭോക്താക്കള്‍ക്ക് 3.5 ലക്ഷം രൂപ പണമായി നല്‍കുമെന്നും കമ്പനി പറയുന്നു. കഴിഞ്ഞ മാസം 26 നാണ് പദ്ധതി പ്രാബല്യത്തില്‍ വന്നത്. ഇതിനുശേഷം 600 കാറുകള്‍ വിറ്റുപോയതായി കമ്പനി സിഇഒ നീല്‍മണി ശര്‍മ പറയുന്നു. ബുക്കിംഗുകള്‍ മുന്‍പത്തെക്കാള്‍ വളരെ കൂടിയിട്ടുണ്‌ടെന്നും നീല്‍മണി പറഞ്ഞു.
കാര്‍ വില്‍പനയില്‍ മാന്ദ്യം നേരിട്ടു തുടങ്ങിയതോടെ കമ്പനികള്‍ നേരിട്ടും ഡീലര്‍മാര്‍ വഴിയും നിരവധി വാഗ്ദാനങ്ങളാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. അടുത്തിടെ പ്രമുഖ വാഹന നിര്‍മാതാക്കളായ വോക്‌സ്‌വാഗന്‍ നല്‍കിയ ഒരു വാഗ്ദാനവും വിപണിയെ അമ്പരപ്പിച്ചിരുന്നു. പഴയ കാര്‍ നല്‍കി ഒരു രൂപയ്ക്ക് വെന്റോ സെഡാന്‍ സ്വന്തമാക്കുന്ന പദ്ധതിയായിരുന്നു ഇത്. ഒരു വര്‍ഷത്തേക്ക് വാഹനത്തിന്റെ അടവുകളൊന്നും നല്‍കേണ്‌ടെന്ന പ്രത്യേകതയും ഈ ഓഫറില്‍ കമ്പനി മുന്നോട്ടുവെച്ചിരുന്നു. കാര്‍ വിലയുടെ അന്‍പത് ശതമാനം രൊക്കവും ബാക്കി തുക ഒരു വര്‍ഷത്തിന് ശേഷവും നല്‍കുന്ന മറ്റൊരു പദ്ധതിയും വെന്റോയ്ക്ക് വേണ്ടി വോക്‌സ്‌വാഗന്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ വാഹനവിപണിയില്‍ ഓഫറുകളുടെ പെരുമഴക്കാലം വന്നതോടെയാണ് ഒരുപടികൂടി കടന്ന് ഒരു കാറിന് മറ്റൊരു കാര്‍ സൗജന്യമെന്ന വാഗ്ദാനം നല്‍കാന്‍ ടോര്‍ക്യൂ ഓട്ടോ കമ്പനി തയാറായത്.
(Deepika)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.