|
Musthafa |
തളിപ്പറമ്പ: തളിപ്പറമ്പ് നഗരസഭ കൗണ്‍സിലര്‍ മുസ്ലിംലീഗ് നേതാവ് കൊങ്ങായി മുസ്‌തഫയുടെ തിരഞ്ഞെടുപ്പ് കോടതി റദ്ദാക്കി. മൂന്നാം വാര്‍ഡി(മുക്കോല)ല്‍ നിന്ന് മുസ്‌തഫ തിരഞ്ഞെടുക്കപ്പെട്ടതിനെ ചോദ്യം ചെയ്‌ത് എതിര്‍ സ്ഥാനാര്‍ത്ഥി എല്‍.ഡി.എഫിലെ സുരേഷ്, അഡ്വ. കെ. ബാലകൃഷ്‌ണന്‍ നായര്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് മുന്‍സിഫ് ഉണ്ണികൃഷ്‌ണന്‍ ഉത്തരവ് പുറപ്പെടുവിച്ചത്. കഴിഞ്ഞ നഗരസഭ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്‌മ പരിശോധനാ വേളയില്‍ തന്നെ എതിര്‍ സ്ഥാനാര്‍ത്ഥി പത്രിക സ്വീകരിക്കുന്നതിനെതിരെ തടസവാദം ഉന്നയിച്ചിരുന്നു. 1992ല്‍ പീതാംബരന്‍ മാസ്റ്ററെ തളിപ്പറമ്പ് മാര്‍ക്കറ്റില്‍ വെച്ച് അക്രമിച്ച കേസില്‍ പ്രതിയായിരുന്നു മുസ്‌തഫ. ഈ കേസില്‍ തളിപ്പറമ്പ് മജിസ്‌ട്രേട്ട് കോടതി മുസ്‌തഫയെ ശിക്ഷിച്ചിരുന്നു. ജില്ലാ കോടതിയില്‍ നല്‍കിയ അപ്പീല്‍ തള്ളപ്പെടുകയും ചെയ്‌തു. തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്‍കിയ അപ്പീലില്‍ ശിക്ഷ സ്റ്റേ ചെയ്‌തില്ലെങ്കിലും ജയിലില്‍ പോകുന്നത് സ്റ്റേ ചെയ്‌തിരുന്നു. ശിക്ഷ സ്റ്റേ ചെയ്‌തിട്ടില്ലെന്നും അതിനാല്‍ പത്രിക സ്വീകരിക്കരുതെന്നുമായിരുന്നു സുരേഷിന്റെ വാദം. ഇതേത്തുടര്‍ന്ന് വിശദമായ വാദം കേള്‍ക്കുന്നതിന് സൂക്ഷ്‌മ പരിശോധന പിറ്റേ ദിവസത്തേക്ക് മാറ്റിവെച്ചു. വരണാധികാരി മുമ്പാകെ സുരേഷിന് വേണ്ടി അഡ്വ. നിക്കോളസ് ജോസഫ് ഹാജരായി വിശദമായ വാദമുഖങ്ങള്‍ ഉയര്‍ത്തിയെങ്കിലും വാദം അംഗീകരിക്കാതെ മുസ്‌തഫയുടെ പത്രിക സ്വീകരിക്കുകയായിരുന്നു. ഇതിനെതിരെയാണ് സുരേഷ് മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. 2004ല്‍ ഇതിന് സമാനമായ കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് സുരേഷിന്റെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നിരുന്നു. ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ അതിപ്പോഴും നിലനില്‍ക്കുകയാണെന്നും ശിക്ഷിക്കപ്പെട്ട പ്രതിക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാവില്ലെന്നും ജനപ്രാതിനിധ്യ നിയമം വ്യക്തമാക്കുന്നുവെന്ന ഹരജിക്കാരന്റെ വാദം അംഗീകരിച്ചാണ് മുസ്‌തഫയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഉടന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.
No comments:
Post a Comment