Latest News

കഠാരകാട്ടി ഭീഷണിപ്പെടുത്തി വിവാഹം മുടക്കിയ സംഭവം ; യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍ : മിശ്രവിവാഹത്തിനെത്തിയ യുവതീ യുവാക്കളെ കഠാരകാട്ടി ഭീഷണിപ്പെടുത്തി വിവാഹം മുടക്കിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. വെളളിയാഴ്ച വൈകുന്നേരം പയ്യന്നൂര്‍ സബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. വര്‍ഷങ്ങളായി പ്രണയത്തിലായിരുന്ന തളിപ്പറമ്പ് സ്വദേശിയായ ക്രിസ്ത്യന്‍ യുവാവും പയ്യന്നൂര്‍ എടാട്ട് സ്വദേശിനിയായ ഹിന്ദു യുവതിയും നിയമപരമായി വിവാഹിതരാവാന്‍ പയ്യന്നൂര്‍ രജിസ്ട്രാര്‍ ഓഫീസിലെത്തിയത്. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഒരുമാസം മുമ്പ് തന്നെ പേര് വിവരങ്ങള്‍ രജിസ്ട്രര്‍ ചെയ്ത് നോട്ടീസ് പ്രസിദ്ധീകരിച്ചിരുന്നു. എറണാകുളത്ത് എഞ്ചിനീയറായി ജോലിചെയ്യുന്ന യുവാവും മംഗലാപുരത്ത് എം ബി എ വിദ്യാര്‍ത്ഥിനിയായ യുവതിയും വീട്ടുകാരുടെ സമ്മതത്തോടെയാണ് സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയത്. എന്നാല്‍ ഇവര്‍ക്ക് സദാചാര പോലീസിന്റെ ഭീഷണി നേരിടേണ്ടിവന്നു. നേരത്ത തളിപ്പറമ്പ് കോളേജില്‍ എസ് എഫ് ഐയുടെ നേതാവായിരുന്ന യുവാവ് ആ ബന്ധം വെച്ച് പയ്യന്നൂര്‍ സി പി എം ഓഫീസിലെത്തി എസ് എഫ് ഐ നേതാക്കള്‍ക്കൊപ്പമാണ് വിവാഹത്തിനെത്തിയത്. ഈ സമയം ഒരു സംഘം വന്ന് വധു വരന്‍മാരെ ഭീഷണിപ്പെടുത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഇതോടെ വിവാഹം രജിസ്ട്രര്‍ ചെയ്യാനാകാതെ യുവതീ യുവാക്കള്‍ മടങ്ങി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പയ്യന്നൂര്‍ പോലീസ് സംഘത്തില്‍ പെട്ട ആലക്കോട് സ്വദേശി കെ എം ബിജുവിനെ (30) കഠാര സഹിതം പിടികൂടുകയായിരുന്നു. പിടിയിലായ യുവാവിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.