Latest News

അനസിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല: നാട്ടുകാര്‍ റോഡ് ഉപരോധിച്ചു

ബേവിഞ്ച: തെക്കില്‍ പുഴയില്‍ ഒഴുക്കില്‍പെട്ട് കാണാതായ മുഹമ്മദ് അനസിന് വേണ്ടിയുള്ള തിരച്ചില്‍ രാത്രി വൈകിയും തുടരുകയാണ്. ഫയര്‍ഫോഴ്‌സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തിരച്ചില്‍ നടത്തുന്നത്. പുഴക്കരയില്‍ ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് വെളിച്ചമുണ്ടാക്കിയും ടോര്‍ച്ചടിച്ചും മറ്റുമാണ് തിരച്ചില്‍ നടത്തുന്നത്. ഈ തിരച്ചില്‍ പ്രഹസനമണെന്നും കണ്ണൂരില്‍ നിന്ന് മുങ്ങല്‍ വിദഗ്ധരെയും നേവിയെയും കൊണ്ടുവന്ന് തിരച്ചില്‍ ഈര്‍ജിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നു.
രോഷാകുലരായ നാട്ടുകാര്‍ തെക്കില്‍ പാലത്തില്‍ വാഹനങ്ങള്‍ തടഞ്ഞു റോഡ് ഉപരോധിച്ചു. കാസര്‍കോട് നിന്ന് ചട്ടഞ്ചാല്‍ ഭാഗത്തേക്കും തിരിച്ചമുള്ള വാഹനങ്ങള്‍ ചന്ദ്രഗിരി പാലം വഴിയാണ് സര്‍വീസ് നടത്തുന്നത്. ഇതുമൂലം ബേവിഞ്ച റൂട്ടില്‍ യാത്ര ചെയ്യേണ്ട ആളുകള്‍ വലഞ്ഞു. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വിദ്യാനഗര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ പോലീസ് ക്യാമ്പ് ചെയ്യുന്നു. ഞായറാഴ്ച ഉച്ചയ്ക്കാണ് അനസിനെ തെക്കില്‍ പുഴയില്‍ ഒഴുക്കില്‍ പെട്ട് കാണാതായത്.
സന്ധ്യയോടെ തിരച്ചില്‍ അവസാനിപ്പിക്കാന്‍ ഫയര്‍ഫോഴ്‌സും പോലീസും ശ്രമിച്ചതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. ഫയര്‍ഫോഴ്‌സ് അധികൃതര്‍ ഒരു ആംബുലന്‍സും വാഹനവുമായി കരയില്‍ നില്‍ക്കുന്നുണ്ടെങ്കിലും അവര്‍ വെള്ളത്തിലിറങ്ങി മുങ്ങാനോ സജീവമായ തിരച്ചില്‍ നടത്താനോ തയ്യാറായില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു. പോലീസും കാഴ്ചക്കാരായി പുഴ വക്കില്‍ നോക്കി നില്‍ക്കുകയാണ്.
ചട്ടഞ്ചാല്‍ ഭാഗത്തേക്കുള്ള വാഹനങ്ങല്‍ കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനടുത്ത് സര്‍ക്കിളില്‍ പോലീസ് ഇടപെട്ട് ചന്ദ്രഗിരി പാലം വഴി തിരിച്ചുവിടുകയാണ്.
അനസിനെ ഒഴുക്കില്‍ പെട്ട് കാണായതായ സംഭവം നാട്ടുകാരെ ആകമാനം ദുഖത്തിലാഴ്ത്തിയിട്ടുണ്ട്. ഈ സന്ദര്‍ഭത്തില്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സര്‍ക്കാര്‍ സംവിധാനം കേവലം നോക്കുകുത്തിയായതില്‍ പരക്കെ അമര്‍ഷം ഉയര്‍ന്നിരിക്കുകയാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.