കഴിഞ്ഞമാസം 23-നാണ് ചുനക്കര കിഴക്കേമുറി ലീലാലയത്തില്‍ ശശിധരപ്പണിക്കരുടെ (57) മൃതദേഹം കുളത്തില്‍ കണ്ടെത്തിയത്. ശശിധരപ്പണിക്കരുടെ മകള്‍ ശ്രീജ (28), കാമുകനായ കൃഷ്ണപുരം കാപ്പില്‍ സ്വദേശി റിയാസ് (32), ഇയാളുടെ സുഹൃത്ത് നൂറനാട് പഴനീര്‍ക്കോണം രതീഷ്ഭവനത്തില്‍ രതീഷ് (30) എന്നിവര്‍ ചേര്‍ന്നു നടത്തിയ ആസൂത്രിത കൊലപാതകമാണിതെന്ന് പോലീസ് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മകള്‍ ശ്രീജയെ മാവേലിക്കര സിഐ കെ.ജെ. ജോണ്‍സന്റെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തത്.
കേസില്‍ മൂന്നാം പ്രതിയാണു ശ്രീജ. സംഭവത്തില്‍ കഴിഞ്ഞദിവസം അറസ്റ്റിലായ രണ്ടാംപ്രതിയായ രതീഷിനെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ശ്രീജയെ ചോദ്യം ചെയ്തതില്‍ നിന്നു ചില സുപ്രധാന തെളിവുകള്‍ ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റെന്ന് പോലീസ് പറയുന്നു. ഒന്നാം പ്രതി റിയാസ് വിദേശത്തുനിന്നു നാട്ടിലെത്തി കൃത്യം നടത്തിയശേഷം വിദേശത്തേക്കു കടന്നെന്നും ഇയാളെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയെന്നും പോലീസ് പറഞ്ഞു.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ തലയ്ക്കു പിന്നിലെ ആഴത്തിലുള്ള മുറിവാണു മരണകാരണമെന്നു സൂചനയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കൊലപാതകത്തിനുശേഷം തമിഴ്‌നാട്ടിലേക്കുപോയ രതീഷ് സംശയമില്ലെന്നു തോന്നിയതിനെത്തുടര്‍ന്നാണു തിരികെ നാട്ടിലെത്തിയത്. ശ്രീജയും റിയാസും ഏറെ നാളായി അടുപ്പത്തിലായിരുന്നു.
നേരത്തേ വിവാഹം കഴിച്ചിട്ടുള്ള ശ്രീജയ്ക്ക് മൂന്നുവയസുള്ള കുട്ടിയുണ്ട്. ചാരുംമൂട്ടിലെ വ്യാപാര സ്ഥാപനത്തില്‍ ജോലി ചെയ്യുമ്പോഴാണ് ഇവര്‍ റിയാസുമായി പരിചയത്തിലാകുന്നത്. പിന്നീട് റിയാസ് അബുദാബിയില്‍ ജോലി തേടിപ്പോയെങ്കിലും ബന്ധം തുടര്‍ന്നു. ഇവരുടെ ബന്ധത്തെ ശശിധരപ്പണിക്കര്‍ എതിര്‍ത്തിരുന്നു.
അബുദാബിയില്‍വച്ചു പരിചയപ്പെട്ട രതീഷുമായി ചേര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തത്. രതീഷിന് ഒന്നരലക്ഷം രൂപയാണത്രെ വാഗ്ദാനം ചെയ്തത്. ശശിധരപ്പണിക്കരുടെ സ്വത്ത് തട്ടിയെടുക്കുകയായിരുന്നു പ്രധാനലക്ഷ്യം. സ്വത്തുവകകള്‍ തട്ടിയെടുത്തു കാമുകനുമായി കഴിയാനുള്ള ഗൂഢാലോചനയാണ് കൊലപാതകത്തിനു കൂട്ടുനില്ക്കാന്‍ ശ്രീജയെ പ്രേരിപ്പിച്ചതെന്നു പോലീസ് പറഞ്ഞു.
സ്വകാര്യസ്ഥാപനങ്ങളിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ശശിധരപ്പണിക്കര്‍. സെക്യൂരിറ്റി ജോലിക്കായി വിദേശത്തേക്കു കൊണ്ടുപോകാമെന്ന വ്യാജേന റിയാസും രതീഷും ചാരുംമൂട്ടിലെത്തിയശേഷം ശശിധരപ്പണിക്കരെ ഫോണില്‍ വിളിച്ചു വരുത്തി കൂട്ടിക്കൊണ്ടുപോയി മദ്യത്തില്‍ വിഷം കലര്‍ത്തി നല്കിയശേഷം തോര്‍ത്തുകൊണ്ടു മുഖം മൂടി കരിങ്കല്ലുകൊണ്ട് തലയ്ക്കു പിന്നിലിടിച്ച് കൊല നടത്തുകയായിരുന്നു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News, Mavelikkara
No comments:
Post a Comment