Latest News

സംഘര്‍ഷം ഒത്തുതീര്‍പ്പാക്കാനെത്തിയ സാമൂഹ്യപ്രവര്‍ത്തകന്‍ അടിയേറ്റ് മരിച്ചു

കഴക്കൂട്ടം: മത്സ്യത്തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷം പറഞ്ഞുതീര്‍ക്കാന്‍ എത്തിയ സാമൂഹ്യപ്രവര്‍ത്തകന്‍ മര്‍ദ്ദനമേറ്റ് മരിച്ചു. കഠിനംകുളം വെട്ടുതുറ ഫ്ലവര്‍ ഹൗസില്‍ ആള്‍ഡന്‍ ആന്‍റണി(36) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വെട്ടുതുറ തീരത്ത് പോലീസിന്റെ സാന്നിധ്യത്തിലായിരുന്നു അക്രമം. രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമികളെ മുഴുവന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സത്രീകളടക്കം വന്‍ സംഘം റോഡുകള്‍ ഉപരോധിക്കുകയാണ്.
മര്യനാട്ടുനിന്നും എത്തിയ മൂപ്പതോളം പേരടങ്ങുന്ന സംഘമാണ് ആക്രമണത്തിന് പിന്നില്‍. കടല്‍തീരത്തിരുന്ന് ചീട്ടുകളിക്കുന്നവര്‍ അടുത്ത വീട്ടുകാര്‍ക്ക് ശല്യമുണ്ടാക്കുന്നു എന്ന പരാതിയെ തുടര്‍ന്നാണ് തര്‍ക്കങ്ങളുണ്ടായത്. മര്യനാട്ടു നിന്നും വെട്ടുതുറയിലേക്ക് അടുത്തിടെ മാറി താമസിച്ച സില്‍വദാസിന്റെ വീട്ടുകാരാണ് എതിര്‍പ്പുമായി രംഗത്തെത്തിയത്. ഇവരെ സഹായിക്കാനാണ് 30 ഓളം പേരടങ്ങുന്ന സംഘം വെട്ടുതുറയിലെത്തിയത്.
ഞായറാഴ്ച രാവിലെ പത്തോടെയാണ് സംഭവങ്ങളുടെ തുടക്കം. തുടര്‍ന്ന് ഒന്നു രണ്ട് പേര്‍ക്ക് മര്‍ദ്ദനമേറ്റു. വെട്ടുതുറ വികാരി ഫാദര്‍ പോള്‍ ബാബുവിന്റെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി തര്‍ക്കം ഒത്തുതീര്‍പ്പാക്കി. എന്നാല്‍ മര്യനാട്ടു നിന്നും എത്തിയ സംഘം മടങ്ങിപ്പോകാന്‍ തയാറായില്ല. കഠിനംകുളം എസ്.ഐ. ഹെഴ്‌സണ്‍ന്റെ നേതൃത്വത്തിലെത്തിയ പോലീസ് സംഘത്തില്‍ അഞ്ച് പേര്‍ മാത്രമാണുണ്ടായിരുന്നത്. സംഘര്‍ഷം തടയാനുള്ള ശ്രമത്തിനിടയില്‍ മാഹീന്‍, മണികണ്ഠന്‍ നായര്‍, മണികണ്ഠന്‍ എന്നീ പോലീസുകാര്‍ക്കും പരിക്കേറ്റു. കല്ലേറും ഉന്തും തള്ളും ഉണ്ടായി.
ഇതിനിടയിലാണ് വെട്ടുതുറക്കാരനായ സേവ്യറിന് മര്‍ദ്ദനമേറ്റത്. തടയാനെത്തിയ ഇയാളുടെ ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു. തുടര്‍ന്ന് കമ്പിപ്പാരയും ഹോക്കിസ്റ്റിക്കും ക്രിക്കറ്റ് ബാറ്റുകളുമായി പുറത്തു നിന്നെത്തിയ സംഘം നാട്ടുകാര്‍ക്കു നേരെ പാഞ്ഞടുക്കുകയായിരുന്നു. ആള്‍ഡനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. തര്‍ക്കം പരിഹരിക്കാന്‍ ഇടവക വികാരിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടക്കുന്നു എന്നറിഞ്ഞാണ് ആള്‍ഡന്‍ സംഭവസ്ഥലത്തേക്ക് പോയത്. ഫോണ്‍ ചെയ്തുകൊണ്ട് നില്‍ക്കുന്നതിനിടയിലാണ് ആള്‍ഡനെ ആക്രമിച്ചത്. പോലീസ് ജീപ്പില്‍ തന്നെ ആസ്പത്രിയലേക്ക് കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജോര്‍ജ്, ബാബു ചാര്‍ലി, ദാസ് ആന്‍റണി, എഡ്വിന്‍ ബാബു എന്നീ വെട്ടുതുറ സ്വദേശികള്‍ക്കും മര്‍ദ്ദനമേറ്റു.
പത്ത് മിനിട്ടിനകം വന്‍ പോലീസ് സംഘം സ്ഥലത്തെത്തിയെങ്കിലും അക്രമികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസ് ഇവരെ രക്ഷിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു നാട്ടുകാരുടെ പരാതി. റൂറല്‍ എസ്.പി തോമസ് കുട്ടിയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തിയതിനെ തുടര്‍ന്നാണ് സ്ഥിതിഗതികള്‍ ശാന്തമായത്. സില്‍വദാസ്, അച്ഛന്‍ പൗലോസ് എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
എം.എല്‍.എ വി.ശശിയുടെ നേതൃത്വത്തില്‍ വൈകിട്ട് ഒത്തുതീര്‍പ്പുചര്‍ച്ചകള്‍ നടന്നു. മൃതദേഹം സംസ്‌കരിക്കുന്നതുവരെ ഉപരോധം തുടരും. അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകരുതെന്ന നാട്ടുകാരുടെ ആവശ്യവും ചര്‍ച്ചയില്‍ അംഗീകരിച്ചു.



Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.