തൃശ്ശൂര്‍: മോചനദ്രവ്യമാവശ്യപ്പെട്ട് എല്‍.കെ.ജി. വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിനു പിറകില്‍ അഞ്ചംഗസംഘമെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇതില്‍ രണ്ടുപേരെ ശനിയാഴ്ച ഉച്ചയോടെ ചാലക്കുടി പോലീസ് കസ്റ്റഡിയിലെടുത്തു. കാറില്‍ തനിക്കൊപ്പം സഞ്ചരിച്ചവരെ തിരിച്ചറിയുമെന്ന് അനുശ്രീ പോലീസിന് മൊഴി നല്‍കി. തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ തൃശ്ശൂര്‍ പെരിങ്ങാവിലെ യൂസ്ഡ് ഷോറൂമില്‍നിന്ന് വാങ്ങിയതാണെന്ന് തെളിഞ്ഞു.
വെള്ളിയാഴ്ച രാവിലെയാണ് ചാലക്കുടി കാടുകുറ്റി എല്‍.ഐ.എ. യു.പി. സ്‌കൂളില്‍നിന്ന് നാലുവയസ്സുകാരി അനുശ്രീയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി 15 ലക്ഷമാണ് ആവശ്യപ്പെട്ടത്. പോലീസിന്റെ ഇടപെടലിനെത്തുടര്‍ന്ന് ഉച്ചയോടെ കുട്ടിയെ റോഡരികിലുപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു.
രണ്ടുപേര്‍ ചേര്‍ന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നും സംഭവത്തിന്റെ മുഖ്യ ആസൂത്രകനായ മറ്റൊരാള്‍ കൂര്‍ക്കഞ്ചേരി സ്വദേശിയാണെന്നും അന്വേഷണത്തില്‍ അറിവായിട്ടുണ്ട്. ഇവര്‍ക്ക് സഹായം നല്‍കിയ രണ്ടുപേരാണ് പിടിയിലായത്. പഴയന്നൂരില്‍നിന്നാണ് രണ്ടുപേരെ കസ്റ്റഡിയിലെടുത്തത്.
തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാര്‍ സംഭവത്തിനുമുമ്പ് കോലഴിയിലെ ഒരു വീട്ടില്‍ രണ്ടുദിവസം നിര്‍ത്തിയിട്ടതായും വിവരം ലഭിച്ചിട്ടുണ്ട്.
മോചനദ്രവ്യം ആവശ്യപ്പെട്ട് വിളിച്ച ഫോണ്‍ നമ്പര്‍ പിന്‍തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. വിദേശത്തു കഴിയുന്ന തൃശ്ശൂര്‍ സ്വദേശിയുടെ പേരിലെടുത്ത മൊബൈല്‍ ഫോണ്‍ കണക്ഷനാണ് സംഘം ഉപയോഗിച്ചതെന്ന് പോലീസ് കണ്ടെത്തി. സിം കാര്‍ഡിനായി വ്യാജ തിരിച്ചറിയല്‍ രേഖയാണ് സമര്‍പ്പിച്ചത്.
കാറിലുണ്ടായിരുന്ന രണ്ടുപേര്‍ക്കു പുറമെ സംഭവവുമായി മൂന്നുപേര്‍ക്കു കൂടി ബന്ധമുള്ളതായി അന്വേഷണത്തില്‍ തെളിഞ്ഞു. ഇവരുടെ പേരുവിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. പിടിയിലാകാനുള്ള മൂന്നുപേരുടെ ബന്ധുക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. ചാലക്കുടി കൊടകരയില്‍ താമസിക്കുന്ന അന്നമനട സ്വദേശികളാണ് തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
സ്റ്റേഷനില്‍ വെച്ചു പോലീസുമായി നടന്ന സൗഹൃദസംഭാഷണത്തിലാണ് വിദ്യാര്‍ഥിനി നിര്‍ണ്ണായക വിവരങ്ങള്‍ നല്‍കിയത്. കാറില്‍ വെച്ച് ബാഗിലുണ്ടായിരുന്ന ഭക്ഷണം കഴിച്ചുവെന്നും പ്രതികള്‍ ചോക്ലേറ്റും ബിസ്‌കറ്റും നല്‍കിയെന്നും അനുശ്രീയുടെ മൊഴിയില്‍ പറയുന്നു.
mathrubhumi.
No comments:
Post a Comment