ഗ്യാസ് സിലിണ്ടുകളും സ്റ്റൗവും പരിശോധിക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ നിയോഗിച്ചവരെന്ന പേരിലാണ് ഡയറക്ട് മാര്‍ക്കറ്റിങ് പ്രതിനിധികള്‍ വീടുകളിലെത്തുന്നത്. സിലിണ്ടും സ്റ്റൗവും പരിശോധിക്കണമെന്നാവശ്യപ്പെടുന്ന ഇവര്‍ റഗുലേറ്ററും ഗ്യാസ് പൈപ്പും ഗുണനിലവാരം കുറഞ്ഞതാണെന്നും ഇതു കാരണം ഗ്യാസ് ചോര്‍ച്ചയുണ്ടായി അപകടമുണ്ടാവുമെന്നും വീട്ടുകാരെ ഭയപ്പെടുത്തും.
ചോര്‍ച്ച ഒഴിവാക്കുന്നതിന് മികച്ച പൈപ്പ് സ്ഥാപിക്കണമെന്നു പറഞ്ഞ് മുന്നൂറു രൂപ വരെ വാങ്ങി അര മീറ്റര്‍ പൈപ്പ് നല്‍കും. പൊതു മാര്‍ക്കറ്റില്‍ 80 രൂപ മാത്രം വിലവരുന്ന പൈപ്പാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റേതെന്നു പറഞ്ഞ് കൊള്ളലാഭത്തിനു വില്‍ക്കുന്നത്.
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനോ ഗ്യാസ് ഏജന്‍സികളോ ഇങ്ങനെ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. പൈപ്പ് മാറ്റല്‍ നിര്‍ബന്ധമാണെന്ന് വീട്ടുകാരെ ബോധ്യപ്പെടുത്തിയാണ് വില്‍പ്പന നടത്തുന്നത്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും ഇത്തരം സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനങ്ങളാണ് ഈ തട്ടിപ്പു നടത്തുന്നത്.
വേനല്‍ കനത്തതോടെ വ്യാജ കുടിവെള്ള പരിശോധന സംഘങ്ങളും രംഗത്തിറങ്ങിയിട്ടുണ്ട്. കുടിവെള്ളത്തിലെ മാലിന്യം സൗജന്യമായി പരിശോധിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ വീടുകളിലെത്തുന്നത്.
പാത്രത്തില്‍ നിറച്ച വെള്ളത്തില്‍ ഇലക്‌ട്രോഡ് പോലെയുള്ള ചെറിയ വസ്തു ഇറക്കിവയ്ക്കുന്നതോടെ വെള്ളം കലങ്ങും. വെള്ളത്തിലെ മാലിന്യമാണ് ഇതെന്നു വീട്ടുകാരെ ബോധ്യപ്പെടുത്തുന്ന സംഘം വെള്ളം ശുദ്ധീകരിക്കാനുള്ള മാര്‍ഗവും വിശദമാക്കും. വാട്ടര്‍ ട്രീറ്റ്‌മെന്റ് നടത്തി കിണര്‍വെള്ളം വൃത്തിയാക്കാമെന്നു വിശ്വസിപ്പിച്ചാണ് ഇവര്‍ ഇരകളെ കണ്ടെത്തുന്നത്.
കിണര്‍വെള്ളം വൃത്തിഹീനമാണെന്ന് തെറ്റിദ്ധരിക്കുന്നവരില്‍ നിന്നും വന്‍തുകവാങ്ങി വാട്ടര്‍ ട്രീറ്റ്‌മെന്റെന്ന പേരില്‍ ചില പൊടിക്കൈകള്‍ നടത്തി സ്ഥലം വിടുകയാണ് ഇവരുടെ രീതി. വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരാണെന്ന പേരിലും ഇത്തരം സംഘങ്ങള്‍ പരിശോധനയ്‌ക്കെത്തുന്നുണ്ട്. കിണര്‍ ശുദ്ധീകരിക്കാന്‍ തയ്യാറാവാത്തവരെ 4000 രൂപയോളം വിലയുള്ള വാട്ടര്‍ പ്യൂരിഫയറുകള്‍ വാങ്ങാനും ഇവര്‍ നിര്‍ബന്ധിക്കുന്നുണ്ട്.
സംസ്ഥാനത്ത് കിണര്‍വെള്ളം മലിനമാണെന്ന് പഠനത്തില്‍ വ്യക്തമായതായി പ്രചരിപ്പിച്ച് വാട്ടര്‍ പ്യൂരിഫയറുകള്‍ വില്‍ക്കുന്നതിന് ചില വന്‍കിട കമ്പനികള്‍ ശ്രമം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇത്തരം പരിശോധനകളെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. വീടുകളില്‍ കയറി വെള്ളം പരിശോധിക്കുന്നതിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ഇത്തരക്കാരെ കുറിച്ച് പോലിസില്‍ വിവരം നല്‍കണമെന്നും വാട്ടര്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു.
(തേജസ്)
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment