Latest News

നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനും മുറവിളികള്‍ക്കും ശേഷം മലയോര താലൂക്ക്

കാഞ്ഞങ്ങാട്: നാലു പതിറ്റാണ്ടിന്റെ കാത്തിരിപ്പിനും ഏറെ മുറവിളികള്‍ക്കും ശേഷം വെള്ളരിക്കുണ്ട് ആസ്ഥാനമായി മലയോര താലൂക്ക് രൂപീകരിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം മലയോര മേഖലയില്‍ ആഹ്ലാദം പരത്തി.അവികസിതമായ മലയോര മേഖലയിലെ വികസനത്തിനു താലൂക്ക് രുപീകരണം വഴിതുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടു താലൂക്ക് മാത്രമുണ്ടായിരുന്ന ജില്ലയിലെ താലൂക്കുകള്‍ വിഭജിക്കുന്നതോടെ അതിര്‍ത്തി പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ഏറെ പ്രയോജനം ലഭിക്കും.ഹൊസ്ദുര്‍ഗ് താലൂക്കിന്റെ കിഴക്കേ അറ്റമായ തയ്യേനിയില്‍ നിന്നും നിലവില്‍ താലൂക്ക് ആസ്ഥാനമായ കാഞ്ഞങ്ങാട് എത്തണമെങ്കില്‍ 55 കിലോമീറ്ററോളം യാത്ര ചെയ്യേണ്ട സ്ഥിതിയാണുള്ളത്.
വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി താലൂക്ക് ആസ്ഥാനത്ത് ഒന്നും രണ്ടും ദിവസം പോകേണ്ടിവരുമ്പോള്‍ അതു ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. പിലിക്കോട്, കയ്യൂര്‍-ചീമേനി, പടന്ന, വലിയപറമ്പ്, തൃക്കരിപ്പൂര്‍, ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, പനത്തടി, കള്ളാര്‍, ബളാല്‍, പുല്ലൂര്‍-പെരിയ, പള്ളിക്കര, ഉദുമ, അജാനൂര്‍ എന്നീ പഞ്ചായത്തുകളും കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളും ഉള്‍പ്പെടുന്നതാണു കാഞ്ഞങ്ങാട് താലൂക്ക്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വിഭജിച്ചു പരപ്പ ആസ്ഥാനമായി പുതിയ ബ്ലോക്ക് പഞ്ചായത്ത് രൂപീകരിച്ചിരുന്നു.ഇതില്‍ ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, ബളാല്‍, കിനാനൂര്‍-കരിന്തളം, കോടോം-ബേളൂര്‍, പനത്തടി, കള്ളാര്‍ എന്നീ പഞ്ചായത്തുകളിലെ 11 വില്ലേജുകള്‍ ഉള്‍പ്പെടുന്നതാണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത്.
വെള്ളരിക്കുണ്ട് ആസ്ഥാനമായി താലൂക്ക് രൂപീകരിക്കണമെന്നായിരുന്നു മലയോര ജനതയുടെ ആവശ്യം.
താലൂക്ക് രൂപീകരിക്കുകയാണെങ്കില്‍ ഓഫീസിന് വേണ്ട സ്ഥലം സൗജന്യമായി നല്‍കാമെന്നു ജനകീയ കമ്മിറ്റി നേരത്തെ തന്നെ വാഗ്ദാനം നല്‍കിയിരുന്നു. എല്ലാ തിരഞ്ഞെടുപ്പു കാലത്തും മലയോര താലൂക്കെന്ന ആവശ്യം പ്രകടനപത്രികയില്‍ ഉള്‍പ്പെടുത്തിയാണ് സ്ഥാനാര്‍ഥികള്‍ വോട്ടഭ്യര്‍ഥിക്കാറുള്ളത്.പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍പെട്ടവര്‍ കൂടുതലായി അധിവസിക്കുന്ന പഞ്ചായത്തുകളാണ് ഈ മേഖലയില്‍ കൂടുതലും.
അതുകൊണ്ടുതന്നെ പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും പുതിയ താലൂക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
കര്‍ഷകര്‍ കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ പ്രദേശം നേരിടുന്ന പ്രധാനു വെല്ലുവിളി ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തതയും പ്രകൃതിക്ഷോഭവുമാണ്.
താലൂക്ക് രൂപീകരിക്കുമെന്ന പ്രഖ്യാപനം വന്നതോടെ മലയോര മേഖലയിലെ ജനങ്ങള്‍ ആഹ്ലാദപ്രകടനങ്ങള്‍ നടത്തി മധുരപലഹാരം വിതരണം ചെയ്­തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.