Latest News

യുവാക്കള്‍ ദുരന്തം മുന്‍കൂട്ടി കാണണം: ലാല്‍ ജോസ്

ബോവിക്കാനം: ദുരന്തം മുന്‍കൂട്ടി കാണാനുള്ള ക്രാന്തദര്‍ശിത്വം യുവാക്കള്‍ക്കുണ്ടാകണമെന്ന് ചലച്ചിത്ര സംവിധായകന്‍ ലാല്‍ജോസ്. ദുരന്തമുണ്ടായിട്ട് ദുരിതാശ്വാസ പ്രവര്‍ത്തനം നടത്തുന്നതിനേക്കാള്‍ നല്ലത് ഉണ്ടാകാതെ പ്രതിരോധിക്കുന്നതാണ്. കേരളത്തില്‍ ക്യാന്‍സര്‍ പടര്‍ന്നുപിടിക്കുകയാണ്. മറ്റൊരു ദുരന്തത്തിന്റെ ലക്ഷണമാണിത്. ഭക്ഷണത്തില്‍ കലര്‍ത്തുന്ന മായമാണ് ഇതിനുകാരണം. ഭക്ഷണസാധനങ്ങളില്‍ ഏറ്റവും കൂടുതല്‍ മായം ചേര്‍ക്കുന്ന രാജ്യമായി ഇന്ത്യമാറി. മുമ്പ് വെജിറ്റേറിയനാണോ നോണ്‍ ആണോ എന്നാണ് ചോദിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ശവംതീനിയാണോ വിഷം തീനിയാണോ എന്നാണ് ചോദ്യം. നമ്മള്‍ കഴിക്കുന്ന പച്ചക്കറിയിലും പഴങ്ങളിലും അത്രമാത്രം വിഷമാണ് അടിച്ചുകയറ്റുന്നത്. ഡിവൈഎഫ്ഐ അതിജീവനം പദ്ധതിയില്‍ നിര്‍മിച്ച വീടുകളുടെ താക്കോല്‍ദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തങ്ങളെക്കുറിച്ച് യുവസമൂഹം വലിയ പ്രതിരോധമുയര്‍ത്തുന്ന കാലമാണിത്. പക്ഷേ അതൊക്കെ സോഷ്യല്‍ മീഡിയയില്‍ മാത്രമാണ്. ഫെയ്സ്ബുക്കില്‍ പ്രതിഷേധിച്ചു കഴിഞ്ഞാല്‍ എല്ലാമായെന്ന് ചിന്തിക്കുന്ന കാലഘട്ടത്തില്‍ ഡിവൈഎഫ്ഐ ഏറ്റെടുത്ത പ്രതിരോധ മാര്‍ഗം അഭിനന്ദനീയമാണ്. ദുരന്തബാധിതരുടെ നൊമ്പരങ്ങള്‍ നേരിട്ടനുഭവിച്ച് അവര്‍ക്കുവേണ്ടി സമരം ചെയ്യുന്നതിനൊപ്പം ആശ്വസിപ്പിക്കാനും അവരുടെ വേദനയില്‍ പങ്കുചേരാനും തയ്യാറായത് മാതൃകാപരമാണ്- ലാല്‍ ജോസ് പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.