Latest News

കുട്ടി അഹമ്മദ് കുട്ടി ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: ലോക്കല്‍ ഗവണ്‍മെന്റ് കമ്മീഷന്‍ ചെയര്‍മാനായി മുന്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.കുട്ടി അഹമ്മദ് കുട്ടിയെ നിയമിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവായി. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. എ.കെ സെന്‍ കമ്മീഷന് ശേഷം ആദ്യമായാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവത്തനങ്ങള്‍ പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് കമ്മീഷനെ നിയോഗിക്കുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് അത് മെച്ചപ്പെടുത്തുന്നതിനുള്ള ശിപാര്‍ശകള്‍ സമര്‍പ്പിക്കുക, നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും അവലോകനം ചെയ്ത് ആവശ്യമായ നിയമഭേദഗതികളും പുതിയ നിയമങ്ങള്‍ ആവശ്യമെങ്കില്‍ അതും നിര്‍ദ്ദേശിക്കുക, തദ്ദേശ സ്ഥാപനങ്ങളില്‍ നിലവിലുള്ള സ്റ്റാഫ് പാറ്റേണ്‍ മെച്ചപ്പെടുത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക, തദ്ദേശ സ്ഥാപനങ്ങളുടെ നിയന്ത്രണാധികാരങ്ങള്‍ പഠിച്ച്, ആവശ്യമായ ഭേദഗതികള്‍ നിര്‍ദ്ദേശിക്കുക, തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണത്തിലും നടപ്പാക്കലിലും ജനപങ്കാളിത്തം, പ്രവൃത്തികളുടെ ഗുണമേന്മ എന്നിവ പരിശോധിക്കുന്നതിനും ഉറപ്പാക്കുന്നതിനും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, ജില്ലാ ആസൂത്രണ സമിതികളുടെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്ത് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക, കുടുംബശ്രീയും തദ്ദേശസ്ഥാപനങ്ങളും സംയോജിച്ച് പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുക തുടങ്ങിയവയാണ് കമ്മീഷന്റെ ചുമതല.
പി.ആര്‍ രഘുനാഥന്‍ ഐ.എ.എസ് (മുന്‍ ജോയിന്റ് സെക്രട്ടറി, ഗവണ്‍മെന്റ് ഓഫ് ഇന്ത്യ), ഡി.ശരത്ചന്ദ്രന്‍ (റിട്ട. അഡീഷണല്‍ ലോ സെക്രട്ടറി), ഡോ.കെ.പി കണ്ണന്‍ (സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് മുന്‍ ഡയരക്ടര്‍), ഡോ.എം.കബീര്‍ (റിട്ട. എച്ച്.ഒ.ഡി, ഇക്കണോമിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, വിമണ്‍സ് കോളജ്, തിരുവനന്തപുരം) എന്നിവരാണ് കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.