Latest News

മുസ്‌ലിംലീഗ്- കോണ്‍ഗ്രസ് ഭിന്നത : നിലമ്പൂര്‍ നഗരസഭ ബജറ്റവതരണം മാറ്റിവച്ചു

നിലമ്പൂര്‍: മുസ്‌ലിംലീഗും കോണ്‍ഗ്രസും തമ്മിലുളള ഭിന്നതയെ തുടര്‍ന്ന് നിലമ്പൂര്‍ നഗരസഭയില്‍ ചൊവ്വാഴ്ച അവതരിപ്പിക്കേണ്ടിയിരുന്ന ബജറ്റിന്റെ അവതരണം മാറ്റിവച്ചു. മുനിസിപ്പല്‍ ആക്ടില്‍ പറഞ്ഞ നിബന്ധനകള്‍ പാലിക്കാതെയും മുസ്‌ലിംലീഗ് അംഗങ്ങളുമായും കൂടിയാലോചിക്കാതെയും ചെയര്‍മാന്‍ ബജറ്റവതരണത്തിന് തുനിഞ്ഞെന്നാരോപിച്ചാണ് ലീഗ് വിട്ടുനിന്നത്. ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ തീരുമാന പ്രകാരം ബജറ്റവതരിപ്പിക്കേണ്ട നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ അടുക്കത്ത് ആസ്യ നേരിട്ടെത്തി ബജറ്റവതരണത്തില്‍ നിന്നും വിട്ടുനില്‍ക്കുന്നതായി കാണിച്ചു ചെയര്‍മാന് കത്തു നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നു ബജറ്റവതരണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കുകയാണുണ്ടായത്. ലീഗുമായി ചെയര്‍മാന്‍ ബജറ്റവതരണവുമായി ബന്ധപ്പെട്ട് കൂടിയാലോചനകള്‍ നടത്താതിരുന്നതാണ് ലീഗിനുള്ള അമര്‍ഷം. ബജറ്റവതരിപ്പിക്കേണ്ട താന്‍ പോലും ബജറ്റിലുള്ള വിഷയങ്ങള്‍ കണ്ടില്ലെന്ന് വൈസ്‌ചെയര്‍പേഴ്‌സണ്‍ അടുക്കത്ത് ആസ്യ പറഞ്ഞു.
ഇത് പാര്‍ട്ടിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും തെറ്റായ കീഴ്‌വഴക്കങ്ങള്‍ ഉണ്ടാക്കുമെന്നും ലീഗ് നേതാക്കള്‍ പറഞ്ഞു. പ്രശ്‌നത്തിന് ഉചിതമായ പരിഹാരം ഉണ്ടായില്ലെങ്കില്‍ ഇന്നു കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍് നിര്‍ബന്ധിതമാകുമെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി. അതേസമയം ബജറ്റവതരണവുമായി ബന്ധപ്പെട്ട് ലീഗും കോണ്‍ഗ്രസും തമ്മില്‍ തര്‍ക്കമില്ലെന്നും കൂടിയാലോചനക്ക് കുറച്ച് സമയം കൂടി വേണമെന്നും വെവസ് ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ചൊവ്വാഴ്ച ബജറ്റവതരണം മാറ്റിവച്ചതെന്നും 31-നു മുമ്പ് നഗരസഭ ബജറ്റവതരിപ്പിക്കുമെന്നും ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ബജറ്റുമായി ബന്ധപ്പെട്ട് ലീഗ് അംഗങ്ങള്‍ എതിര്‍പ്പുകളൊന്നും രേഖാമൂലം അറിയിച്ചിട്ടില്ല. പാര്‍ട്ടികള്‍ തമ്മില്‍ പ്രശ്‌നമുണെ്ടന്ന് ബോധ്യപ്പെട്ടാല്‍ നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്നും ചെയര്‍മാന്‍ അറിയിച്ചു. ലീഗ് കോണ്‍ഗ്രസ് തര്‍ക്കം പരിഹരിച്ചില്ലെങ്കില്‍ ബജറ്റവതരണം യുഡിഎഫിന് തലവേദനയാകും. 33 അംഗ ഭരണസമിതിയില്‍ കോണ്‍ഗ്രസിന് 15 അംഗങ്ങളാണുള്ളത്്.
ഏഴു അംഗങ്ങളുള്ള ലീഗിന്റെ പിന്തുണ നഗരസഭയില്‍ യുഡിഎഫ് ഭരണം തടുരുന്നതിനനിവാര്യമാണ്. ഇത് മനസിലാക്കിയാണ് ലീഗ് രാഷ്ട്രീയ സമ്മര്‍ദ്ദം പയറ്റുന്നത്. സിപിഎമ്മിന് 10 അംഗങ്ങളും സിപിഐയ്ക്ക് ഒരംഗവും ഉണ്ട്. ജില്ലയില്‍ നിലനില്‍ക്കുന്ന ആര്യാടന്‍ - ലീഗ് തര്‍ക്കത്തിന്റെ പ്രതിഫലനമാണ് ബജറ്റവതരണവുമായി ബന്ധപ്പെട്ടുണ്ടായതെന്നും ആക്ഷേപമുയരുന്നുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.