Latest News

കോഴിക്കോട് സമൂതിരി പി.കെ.എസ് രാജ അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് സമൂതിരി പി.കെ.എസ് രാജ (100) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലിരിക്കെ രാവിലെ 6.40 ഓടെയായിരുന്നു അന്ത്യം. സംസ്‌കാരം തിരുവണ്ണൂരില്‍ കോവിലകം ശ്മശാനത്തില്‍ വൈകിട്ട് നടക്കും.
2003 ല്‍ പി.കെ എട്ടനുണ്ണി രാജയുടെ വിയോഗത്തെ തുടര്‍ന്നാണ് അദ്ദേഹം സാമൂതിരിയായി അധികാരമേറ്റത്. എന്നും ലളിതജീവിതത്തിന്റെ പ്രതീകമായിരുന്നു പി.കെ.എസ് രാജ.
നിലമ്പൂര്‍ കോവലകത്തെ പരേതയായ ഭാരതിരാജയാണ് ഭാര്യ. പരേതയായ സേതുലക്ഷ്മി, ഡോ.സുധ, സരള എന്നിവരാണ് മക്കള്‍.
തിരുവണ്ണൂര്‍ പുതിയ കോവിലകത്ത് തെക്കേക്കെട്ട് താവഴിയില്‍ 1088 മീനം ഒമ്പതിന് അത്തം നാളിലാണ് (1913 മാര്‍ച്ച് 22) കുഞ്ഞനിയന്‍ എന്ന പി കെ എസ്. രാജ ജനിച്ചത്. ദേശമംഗലം മനയിലെ എ കെ ടി കെ എം അഷ്ടമൂര്‍ത്തി നമ്പൂതിരിപ്പാടിന്റെയും കുഞ്ഞിത്തമ്പാട്ടി തമ്പുരാട്ടിയുടെയും മകനായാണ് ജനനം.
ഒന്നരവയസ്സ് പ്രായമുള്ളപ്പോള്‍ അമ്മ മരിച്ചു. പിന്നീട് പി കെ എസ് രാജയെയും സഹോദരിയെയും വളര്‍ത്തിയത് മുത്തശ്ശിയുടെ സഹോദരിയുടെ മകളായ കുഞ്ഞിതമ്പ്രാട്ടി തമ്പുരാട്ടിയായിരുന്നു.
കോവിലകം ശ്രീകൃഷ്ണവിദ്യാലയത്തില്‍ അഞ്ചാം ക്ലാസ് വരെ പഠനം. തുടര്‍ന്ന് തളി സമൂതിരി ഹൈസ്‌കൂളില്‍ നിന്ന് 1928 ല്‍ മെട്രിക്കുലേഷനും 1930 ല്‍ സമൂതിരി കോളേജില്‍ നിന്ന് ഒന്നാംക്ലാസോടെ ഇന്റര്‍മീഡിയറ്റും പാസായി. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്ന് ബി.എ ഓണേഴ്‌സ് എടുത്തു.
മൂന്നു വര്‍ഷത്തെ മദ്രാസ് ജീവിതത്തിന് ശേഷം 1936 ല്‍ ഇന്ത്യന്‍ ടെലിഗ്രാഫില്‍ ജൂനിയര്‍ എഞ്ചിനീയര്‍ പരീക്ഷ പാസായി ജോലിയില്‍ പ്രവേശിച്ചു. എഞ്ചിനീയര്‍ തസ്തികയില്‍ കൊല്‍ക്കത്തയില്‍ 15 മാസം പരിശീലനം പൂര്‍ത്തിയാക്കി 1937 ആഗസ്ത് അഞ്ചിന് അസമിലെ ഗുവാഹതിയില്‍ സ്ഥിരനിയമനം.
1940 നവംബര്‍ 27ന് നിലമ്പൂര്‍ കോവിലകത്തെ ഭാരതി തമ്പുരാട്ടി പി.കെ.എസ് രാജയുടെ ജീവിതസഖിയായി.
ചിറ്റഗോങ്, ബാരിസോണ്‍, അഹമ്മദബാദ്, കോയമ്പത്തൂര്‍, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം സേവനമനുഷ്ഠിച്ച ശേഷം ചെന്നൈ ടെലിഫോണ്‍സ് ഡെപ്യൂട്ടി ജനറല്‍ മാനേജരായി 1971 ല്‍ വിരമിച്ചു. രാജകുടുംബത്തില്‍ നിന്ന് ആരും സര്‍വീസില്‍ ചേരാന്‍ മടിക്കുന്ന കാലത്ത് അത് ഏറ്റെടുത്ത് ഒരു സാമൂഹിക മാറ്റത്തിന് കൂടി തയാറായ വ്യക്തിത്വമായിരുന്നു പി.കെ.എസ് രാജയുടേത്.
ഗുരുവായൂരപ്പന്‍ കോളെജ്, സാമൂതിരി എച്ച്എസ്എസ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടേയും, കോഴിക്കോട് തളി മഹാക്ഷേത്രം, വളയനാട്, തൃപ്പങ്ങോട്ട്, ആലത്തിയൂര്‍, തിരുനാവായ, തൃക്കണ്ടിയൂര്‍, നിറംകൈതക്കോട്ട തുടങ്ങി കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ നാല്‍പ്പതോളം ക്ഷേത്രങ്ങളുടെ ട്രസ്റ്റിയുമായിരുന്നു സാമൂതിരി. ഗുരുവായൂര്‍ ദേവസ്വം മാനെജിങ് കമ്മിറ്റിയിലെ സ്ഥിരാംഗമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.