Latest News

ഗണേഷിന്റെ രാജിക്കാര്യം അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി

തിരുവനന്തപുരം: സ്ത്രീവിഷയത്തില്‍ ആരോപണവിധേയനായ മന്ത്രി ഗണേഷിന്റെ രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ യുഡിഎഫ് യോഗം ചുമതലപ്പെടുത്തി. തിരുവനന്തപുരത്ത് ചേര്‍ന്ന നിര്‍ണായക യുഡിഎഫ് യോഗത്തിലാണ് തീരുമാനം. എത്രയും വേഗം തീരുമാനമെടുക്കാനാണ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു.
വിഷയം രാഷ്ട്രീയമല്ല വ്യക്തിപരമാണെന്നാണ് യോഗത്തിന്റെ പൊതു അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിഷയത്തില്‍ വിശദമായ ചര്‍ച്ച വേണ്ടെന്നായിരുന്നു യോഗത്തിലുയര്‍ന്ന അഭിപ്രായം. അതുകൊണ്ടു തന്നെ അത്തരമൊരു വിശദമായ ചര്‍ച്ച നടന്നില്ല. യോഗത്തിന്റെ പൊതു അഭിപ്രായത്തെ തുടര്‍ന്നാണ് അന്തിമ തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയതെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു. ഗണേഷിന്റെ ഭാര്യ മുഖ്യമന്ത്രിക്ക് യാതൊരു പരാതിയും എഴുതി നല്‍കിയിട്ടില്ലെന്നും പി.പി തങ്കച്ചന്‍ വ്യക്തമാക്കി. മാധ്യമങ്ങളില്‍ പ്രചരിച്ച പോലെ വിഷയത്തില്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളോ മറ്റോ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയം സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് തോന്നുന്നില്ലെന്നും പി.പി തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു.
മാധ്യമപ്രവര്‍ത്തകര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോള്‍ തന്റെ ഭാഗത്തുനിന്ന് കൂടുതല്‍ കാര്യങ്ങള്‍ ഒന്നും പ്രതീക്ഷിക്കേണ്ടെന്നായിരുന്നു പി.പി തങ്കച്ചന്റെ പ്രതികരണം. ഗണേഷിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍. ബാലകൃഷ്ണപിള്ള നല്‍കിയ കത്തിനെക്കുറിച്ച് യോഗത്തില്‍ ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റും ആര്‍. ബാലകൃഷ്ണപിള്ളയുമായി അടുത്ത ദിവസങ്ങളില്‍ ചര്‍ച്ച നടത്തും. ഏപ്രില്‍ രണ്ടിനു ചേരുന്ന അടുത്ത യുഡിഎഫ് യോഗത്തില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും. ഇതേക്കുറിച്ച് യോഗത്തില്‍ പല വാദങ്ങള്‍ ഉയര്‍ന്നതായും എല്ലാം പരിഗണിച്ച ശേഷമാണ് ആര്‍. ബാലകൃഷ്ണപിള്ളയുമായി വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനിച്ചതെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു.
ഘടകകക്ഷികളുമായുള്ള പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ 12 നും 19 നും ഓരോ കക്ഷികളുമായും ചര്‍ച്ച നടത്തുമെന്നും പി.പി തങ്കച്ചന്‍ അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.