Latest News

എന്‍ഡോസള്‍ഫാന്‍ ദുരിതം ഭരണക്കൂടത്തിന്റെ സൃഷ്ടി : വി എം സുധീരന്‍

കാസര്‍കോട് : കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതം ഭരണക്കൂടത്തിന്റെ സൃഷ്ടിയാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍ പറഞ്ഞു. എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി കാസര്‍കോട് പഴയ ബസ് സ്റ്റാന്റിനു സമീപത്തെ ഒപ്പുമരച്ചോട്ടില്‍ നടത്തുന്ന അനിശ്ചിതകാല നിരാഹാര സമര പന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരിത ബാധിതര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കേണ്ടത് ഭരണക്കൂടത്തിന്റെ ബാധ്യതയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും പ്ലാന്റേഷന്‍ കോര്‍പറേഷനും ഇതില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. നഷ്ടപരിഹാരം നല്‍കുന്നതിന് എന്‍ഡോസള്‍ഫാന്‍ കമ്പനിക്കും പരമപ്രധാനമായ ഉത്തരവാദിത്വമുണ്ട്.
കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാര്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കാര്യത്തില്‍ നല്ല രീതിയില്‍ ഇടപ്പെടുകയും ദുരിതബാധിതരെ സഹായിക്കുന്നതിനുമായി നല്ല സമീപനം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്നു വന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരും ആദ്യഘട്ടത്തില്‍ ദുരിതബാധിതര്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ നടപടി സ്വീകരിച്ചെങ്കിലും തുടര്‍ന്ന് ഇക്കാര്യത്തില്‍ വേണ്ട താല്‍പര്യം ഉണ്ടായിട്ടില്ല. എന്‍ഡോസള്‍ഫാന്‍ സെല്ലിനു പകരമായി രൂപവത്ക്കരിച്ച കൃഷിമന്ത്രി കെ പി മോഹനടക്കം മൂന്നു മന്ത്രിമാരെ ഉള്‍പ്പെടുത്തി ഉണ്ടാക്കിയ കമ്മിറ്റിയില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സമരസമിതി അംഗങ്ങളെ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ല. അര്‍ഹരായ ദുരിതബാധിതരെ പൂര്‍ണ്ണമായി എന്‍ഡോസള്‍ഫാന്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം. ദുരിതബാധിതരെന്ന് മന്ത്രിമാര്‍ക്ക് ബോധ്യമുള്ളവര്‍ പോലും പട്ടികയില്‍ ഇടം നേടിയിട്ടില്ല. ഇതു ഗൗരവമായി കാണണം. അഞ്ചുവര്‍ഷത്തിനു ശേഷം പുനരധിവാസം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് അംഗീകരിക്കാനാവില്ല. ഇതു പിന്‍വലിക്കണമെന്നും എം പി, എം എല്‍ എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെയും സമരസമിതി നേതാക്കളെയും വിളിച്ചു ചേര്‍ത്ത് ജനങ്ങളെ വിശ്വാസത്തിലെടുത്ത് അടിയന്തിര യോഗം ചേര്‍ന്ന് പ്രശ്‌നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങില്‍ നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു. മുനീസ അമ്പലത്തറ, ടി സി മാധവപണിക്കര്‍, കെ ബി മുഹമ്മദ്കുഞ്ഞി, മാഹിന്‍ കേളോട്ട്, പി സൂധിര്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

Malabarflash,V.M.Sudeeran,Emdosulfan

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.