Latest News

കാസര്‍കോട്ടെ പാവങ്ങള്‍ക്ക് രോഗം ബാധിച്ച കോഴികള്‍

കാസര്‍കോട്: ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടു വന്ന ഒരു ലോഡ് കോഴി രോഗം ബാധിച്ചതും വൃണം ബാധിച്ചതുമാണെന്ന് പരാതി. ഒരു ലോഡ് കോഴികളില്‍ മിക്ക കോഴികളും കാസര്‍കോട്ടെത്തിച്ചപ്പോള്‍ തന്നെ ചത്തു പോയിരുന്നു. ജീവനുള്ള മറ്റ് കോഴികളും ഏതു സമയത്തും ചാകാവുന്നസ്ഥിതിയിലാണ്. 2012 ഫെബ്രുവരിയില്‍ വിതരണം ചെയ്യേണ്ട കോഴികളാണ് മാര്‍ചില്‍ വിതരണത്തിന് എത്തിച്ചിരിക്കുന്നത്.
കാസര്‍കോട് നഗരസഭകളില്‍ മാത്രം 600 ഉപഭോക്താക്കള്‍ക്ക് കോഴികളെ നല്‍കേണ്ടതുണ്ട്. ഒരു ഉപഭോക്താവിന് രണ്ട് കിലോ തൂക്കമുള്ള രണ്ട് കോഴികളാണ് നല്‍കേണ്ടത്. കൊണ്ടു വന്ന കോഴികളില്‍ മിക്കതിനും ഒരു കിലോയില്‍ താഴെയാണ് തൂക്കമെന്ന് ഉപഭോക്താക്കള്‍ പറഞ്ഞു. മിക്ക കോഴികളുടെയും തൂവലുകള്‍ കൊഴിഞ്ഞ് വൃണം ബാധിച്ച നിലയിലാണ്.
കൊണ്ടു വന്ന കോഴികളില്‍ ആരോഗ്യമുള്ളവയെ മാത്രമെ വിതരണം ചെയ്യുന്നുള്ളൂവെന്ന് കാസര്‍കോട് വെക്റ്റിനറി ആശുപത്രിയിലെ ഡോ. വസന്തകുമാര്‍ പറയുന്നത്. മറ്റുള്ള കോഴികള്‍ തിരിച്ചയക്കും. ഉച്ചയോടെ മറ്റൊരു ലോഡ് കോഴിയും കാസര്‍കോട്ടെത്തുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്. കാസര്‍കോട് നഗരസഭയ്ക്ക് പുറമെ ബദിയഡുക്ക ഉള്‍പടെയുള്ള മറ്റ് പഞ്ചായത്തുകളിലും കോഴികളെ എത്തിക്കുന്നുണ്ട്. നേരത്തെ കുമ്പളയിലും ബദിയഡുക്കയിലെ ചില വാര്‍ഡുകളിലും വിതരണം ചെയ്ത കോഴികള്‍ പൂര്‍ണമായും രോഗം വന്നും മറ്റും ചത്തുപോയതായി പരാതി ഉയര്‍ന്നിരുന്നു.
ഇതിനിടയിലാണ് രോഗം ബാധിച്ച കോഴികളെ വീണ്ടും വിതരണത്തിനെത്തിച്ചിരിക്കുന്നത്. കേരള പൗള്‍ട്രി ഡവലപ്‌മെന്റ് കോര്‍പറേഷനാണ് (കെ.എസ്.പി.ഡി.സി) കോഴികളെ വിതരണം ചെയ്യുന്നത്. അങ്കമാലിയില്‍ നിന്ന് വ്യാഴാഴ്ച പുലര്‍ചെയാണ് കോഴികളെ കൊണ്ടുവന്നതെന്ന് ലോറി ജീവനക്കാര്‍ പറയുന്നു. ഈ കോഴികള്‍ തമിഴ്‌നാട്ടില്‍ നിന്നുമാണ് കേരളത്തിലെത്തിച്ചതാണെന്നാണ് വിവരം. പാവങ്ങള്‍ക്ക് കോഴി വിതരണം ചെയ്യുന്നതിന്റെ പേരില്‍ ലക്ഷങ്ങളുടെ വെട്ടിപ്പാണ് നടക്കുന്നതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കോഴി വിതരണം കൊണ്ട് ഒരാള്‍ക്ക് പോലും ഇതിന്റെ ഗുണമുണ്ടാകുന്നില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
(kasargodvartha)

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.