Latest News

മഅദനിക്ക് ജാമ്യം അനുവദിച്ചു

ബാംഗ്ലൂര്‍: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് ബാംഗ്ലൂര്‍ പ്രത്യേക കോടതി കര്‍ശന വ്യവസ്ഥകളോടെ അഞ്ച് ദിവസത്തേക്ക്
താല്‍ക്കാലിക ജാമ്യം അനുവദിച്ചു. മഅ്ദനിയുടെ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജസ്റ്റിസ് ശ്രീനിവാസ് താല്‍ക്കാലിക ജാമ്യം അനുവദിച്ചിരിക്കുന്നത്. മഅ്ദനിയുടെ മകള്‍ ഷമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ടാണ് അദ്ദേഹം കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പിച്ചത്.
മഅദിനിക്ക് ജാമ്യം നല്‍കരുതെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചിരുന്നു. കേരളത്തില്‍ നിരവധി അനുയായികളുള്ള നേതാവാണ് മഅ്ദനിയെന്നും അദ്ദേഹത്തിന് ജാമ്യം നല്‍കിയാല്‍ തിരിച്ചു വരില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. അറസ്റ്റു ചെയ്യാന്‍ കേരള, കര്‍ണാടക പോലീസിന് ദിവസങ്ങള്‍ അധ്വാനിക്കേണ്ടി വന്നിരുന്നു. കേരളത്തിലേക്കു പോയാല്‍ കേസിന്റെ വിചാരണ മുടങ്ങുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.
ഇസ്ലാമിക നിയമപ്രകാരം മകളുടെ വിവാഹത്തിന് കാര്‍മികത്വം വഹിക്കേണ്ടത് പിതാവാണെന്നും അദ്ദേഹം ജീവിച്ചിരിക്കുമ്പോള്‍ മറ്റൊരാള്‍ ചടങ്ങ് നിര്‍വഹിക്കുന്നത് ദു:ഖകരമാണെന്നും മഅ്ദനിയുടെ അഭിഭാഷകന്‍ വാദിച്ചു. പോലീസ് അകമ്പടിയോടെയുള്ള പരോളോ ജാമ്യമോ അനുവദിക്കണമെന്നും സ്വന്തം ചെലവില്‍ യാത്ര നടത്താന്‍ ഒരുക്കമാണെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.
കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനുമുള്‍പെടെയുള്ളവര്‍ ജാമ്യം നല്‍കണമെന്നാവശ്യപ്പെട്ട് കത്തയിച്ചിട്ടുണ്ടെന്ന് മഅ്ദനിയുടെ അഭിഭാഷകര്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത് മഅ്ദനിയുടെ സ്വാധീനമാണ് വെളിവാക്കുന്നതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം.
ഈ മാസം പത്തിനു കൊല്ലം കൊട്ടിയത്താണ് മഅ്ദനിയുടെ മകള്‍ ഷമീറയുടെ വിവാഹം നടക്കുന്നത്. അതില്‍ പങ്കെടുക്കുന്നതിന് എട്ട് മുതല്‍ 12 വരെ ജാമ്യം നല്‍കണമെന്നായിരുന്നു മഅ്ദനിയുടെ അപേക്ഷ. മഅ്ദനിയുടെ അഭിഭാഷകന്‍ പി. ഉസ്മാനാണ് മഅ്ദനിക്കുവേണ്ടി ജാമ്യാപേക്ഷ നല്‍കിയത്.
ബാംഗ്ലൂര്‍ സ്‌ഫോടന പരമ്പരക്കേസില്‍ പ്രതിയായി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ രണ്ടു വര്‍ഷത്തിലേറെയായി കഴിയുകയാണ് മഅ്ദനി. അദ്ദേഹം മജിസ്‌ട്രേട്ട് കോടതിയിലും സെഷന്‍സ് കോടതിയിലും വിചാരണക്കോടതിയിലും ഒടുവില്‍ ഹൈക്കോടതിയിലും നല്‍കിയ ജാമ്യാപേക്ഷകള്‍ തള്ളിയിരുന്നു. സുപ്രീം കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാനിരിക്കെയാണ് മകളുടെ വിവാഹം നിശ്ചയിച്ചത്. പ്രോസിക്യൂഷന്റെ ശക്തമായ എതിര്‍പുമൂലമാണ് മുന്‍ ജാമ്യാപേക്ഷകള്‍ തള്ളിയത്. മഅ്ദനി മാര്‍ച്ച് എട്ടിന് തന്നെ ജയില്‍ മോചിതനാകുമെന്നാണ് കരുതുന്നത്.


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.