നിരക്ഷരരായ സമുദായത്തിലെ മുതിര്‍ന്ന തലമുറയെ തെറ്റിദ്ധരിപ്പിച്ചും വിദ്യാസമ്പന്നരായ പുതിയ തലമുറയെ നോക്കുകുത്തിയാക്കിയും ജമാഅത്ത് കമ്മിറ്റികള്‍ ഉള്‍പെടെയുള്ള മുസ്ലീം മാനേജ്‌മെന്റുകള്‍ വിദ്യാഭ്യാസരംഗത്ത് നടത്തുന്നത് ലക്ഷങ്ങളുടെ കോഴവാങ്ങല്‍ മാത്രമല്ല, ഒരു സമുദായത്തിന് അവകാശപ്പെട്ട വിദ്യാര്‍ത്ഥി പ്രവേശനവും ഉദ്യോഗ നിയമനവും വില്‍പന നടത്തുന്നതിലൂടെ സ്വന്തം സമുദായത്തിന്റെ അവകാശങ്ങളെയാണ് വില്‍പന നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കേട്ട് തഴമ്പിച്ച പ്രതിഷേധ വാക്കുകള്‍ താനെ കെട്ടടങ്ങും എന്ന ധാരണയില്‍ കച്ചവടം പൂര്‍വാധികം ശക്തിയോടെ തുടരുന്ന മുസ്ലീം വിദ്യാഭ്യാസ സ്ഥാപനങ്ങളെ നിലയ്ക്കുനിര്‍ത്തേണ്ടത് അനിവാര്യമാണെന്ന് ടീമംഗങ്ങള്‍ പറഞ്ഞു. കടപ്പാടിന്റെയും പങ്കു കച്ചവടത്തിന്റെയും പേരില്‍ ഒരു വിഭാഗം നിശബ്ദമാകുമ്പോള്‍ മറ്റൊരു വിഭാഗം സ്വയം വില്‍പനയ്ക്ക് വെച്ച് വിലപേശി സ്വയം നിശബ്ദത സ്വീകരിക്കുന്നു.ഈ സാഹചര്യത്തിലാണ് എ ടീം ഫോര്‍ ചെയ്ഞ്ച് വാക്കുകളിലെ പ്രതിഷേധത്തിനപ്പുറം പ്രത്യക്ഷ സമരത്തിന്റെ വഴിയിലേക്കിറങ്ങുന്നത്.
സ്‌കൂളുകളും കോഴ്‌സുകളും നേടിയെടുക്കാന്‍ മുസ്ലീം സമുദായത്തിന്റെ നാമം സ്വീകരിക്കുകയും അവ ലഭിച്ചു കഴിഞ്ഞാല്‍ സമുദായത്തെ വിസ്മരിക്കുകയും ചെയ്യുന്നത് പതിവ് സംഭവമാണ്. മുസ്ലീം സമുദായത്തിന്റെ സമുദായ രാഷ്ട്രീയ സ്വാധീനം ഉപയോഗപ്പെടുത്തി നേടിയെടുക്കുന്ന ഇത്തരം വിദ്യാലയങ്ങള്‍ കച്ചവടത്തിന്റെ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. മുസ്ലീം സമുദായത്തിന് ബാധ്യതയായി മാറിയ ഇത്തരം സ്ഥാപനങ്ങളില്‍ സംരക്ഷിക്കപ്പെടുന്നത് കച്ചവട താല്‍പര്യങ്ങള്‍ മാത്രമാണ്.
സര്‍ക്കാര്‍ സര്‍വീസില്‍ 12 ശതമാനം സംവരണം മുസ്ലീം സമുദായത്തിന് ലഭിക്കുമ്പോള്‍ സ്വന്തം സമുദായത്തിന്റെ പേരില്‍ നടത്തുന്ന സ്ഥാപനങ്ങളില്‍ 12 ശതമാനം പോലും ഉദ്യോഗം ലഭിക്കുന്നില്ല. ന്യൂനപക്ഷ ക്ഷേമത്തിനായുള്ള കേന്ദ്ര ഫണ്ടില്‍ നിന്ന് ജില്ലയിലെ മുസ്ലീം മാനേജ്‌മെന്റ് വിദ്യാലയങ്ങള്‍ ഓരോന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ 25 ലക്ഷം മുതല്‍ 40 ലക്ഷം രൂപവരെയാണ് സഹായമായി കൈപറ്റിയത്. ഈ തുക എങ്ങിനെ ചെലവഴിച്ചെന്നോ എന്തിനുവേണ്ടി നീക്കിവെച്ചുവെന്നു പോലും അറിയാത്ത സ്‌കൂള്‍ കമ്മിറ്റികള്‍ പോലുമുണ്ട്. അത്രമാത്രം രഹസ്യമായാണ് ഫണ്ടുകള്‍ കൈകാര്യം ചെയ്യുന്നത്. ഇത്തരത്തില്‍ ലഭിച്ച ഫണ്ടിനെ കുറിച്ച് അന്വേഷണം നടത്തണം.
നാട്ടുപ്രമാണിമാരായ കച്ചവടക്കാര്‍ ഇത്തരം വിദ്യാലയങ്ങളുടെ തലപ്പത്ത് അവരോധിതരായി സമുദായത്തെ വില്‍പനച്ചരക്കാക്കി ഉപജീവന മാര്‍ഗം കണ്ടെത്തുന്നു. ഇതിനെതിരെ ഇത്തരം കച്ചവട വിദ്യാലയങ്ങള്‍ നിലനില്‍ക്കുന്ന പ്രദേശത്തെ ജനങ്ങള്‍ക്കിടയില്‍ എ ടീം ഫോര്‍ ചെയ്ഞ്ച് ബോധവല്‍ക്കരണം നടത്തും. ജില്ലയില്‍ മുസ്ലീം മാനേജ്‌മെന്റ് സ്‌കൂളുകളില്‍ അടുത്ത കാലത്തായി നടന്ന നിയമനങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും എത്ര ലക്ഷം കോഴ നല്‍കേണ്ടി വന്നു എന്നതിനെ കുറിച്ചുള്ള വിവരം തങ്ങളുടെ കൈവശം ഉണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു.
സമീപ ഭാവിയില്‍ വരാന്‍ സാധ്യതയുള്ള ഉദ്യോഗത്തെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. ഈ ഒഴിവുകളില്‍ കോഴ വാങ്ങി നിയമനം നടത്താന്‍ ശ്രമിച്ചാല്‍ തടയും. ഉദ്യോഗാര്‍ത്ഥികളെ വിഢികളാക്കാനാണെങ്കില്‍ പോലും മാനേജ്‌മെന്റ് നടത്തിയ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത് കോഴ നല്‍കാനില്ലാത്തതിന്റെ പേരില്‍ ജോലി നിഷേധിക്കപ്പെടുന്നവരുടെ കൂട്ടായ്മ സംഘടിപ്പിക്കും.
സ്ത്രീധനമായി ലഭിച്ച സ്വകാര്യ സ്വത്ത് കൈകാര്യം ചെയ്യുന്നതു പോലെയാണ് സമുദായത്തിന്റെ സ്വത്തിനെ ചിലര്‍ കൈകാര്യം ചെയ്യുന്നത്. ഇത്തരം ആളുകളെ പൊതുസമൂഹത്തിനു മുന്നില്‍ തുറന്നുകാണിച്ച് സുതാര്യത ഉറപ്പുവരുത്തുന്നതിനുള്ള ശ്രമങ്ങള്‍ എ ടീം ഫോര്‍ ചെയിഞ്ച് നടത്തും.
പ്രത്യേകം സമരങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ മാത്രം പരിജയപ്പെട്ട എ ടീം ഫോര്‍ ചെയിഞ്ച് അംഗങ്ങളുടെ കൂട്ടായ്മ കാസര്‍കോട്ട് സംഘടിപ്പിക്കും.
വാര്‍ത്താസമ്മേളനത്തില്‍ കരീം കുണിയ, എം.എ.നജീബ്, റൗഫ് ബായിക്കര, അസീസ് കളത്തൂര്‍, ശംസുദ്ദീന്‍ കിന്നിംഗാര്‍, ഉസാം പള്ളങ്കോട്, റഫീഖ് കേളോട്ട്, ഖയ്യൂം മാന്യ എന്നിവര്‍ പങ്കെടുത്തു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News
No comments:
Post a Comment