Latest News

കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മെയ് അഞ്ചിന്

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് മെയ് അഞ്ചിന് നടക്കും. ഒറ്റഘട്ടത്തിലാകും തെരഞ്ഞെടുപ്പ് നടക്കുക. മെയ് എട്ടിന് വോട്ടെണ്ണല്‍ നടക്കും. സംസ്ഥാനത്ത് നിയമസഭാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതായി തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ച് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.എസ് സമ്പത്ത് പറഞ്ഞു.
ഏപ്രില്‍ 10 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 17 നകം നാമനിര്‍ദേശപത്രിക സമര്‍പ്പിക്കണം. 18ന് സൂക്ഷ്മപരിശോധന നടക്കും.ഏപ്രില്‍ 20 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. വിപുലമായ ഒരുക്കങ്ങളാണ് കൈക്കൊണ്ടിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. മൂന്നോ നാലോ ദിവസങ്ങള്‍ക്ക് മുന്‍പ് വോട്ടര്‍മാര്‍ക്ക് സ്ലിപ്പുകള്‍ എത്തിക്കാന്‍ ശ്രമിക്കും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ സമയബന്ധിതമായി പരിഹരിക്കും. ഇതിനായി 1950 എന്ന നമ്പറും പ്രാബല്യത്തില്‍ വരുമെന്ന് കമ്മീഷന്‍ അറിയിച്ചു. എല്ലാ തെരഞ്ഞെടുപ്പ് നടപടികളും വീഡിയോയില്‍ ചിത്രീകരിക്കും. ഒരു ഉദ്യോഗസ്ഥനും സ്വന്തം സ്ഥലത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി അനുവദിക്കില്ല. മൂന്ന് വര്‍ഷം ഒരു ജില്ലയില്‍ സര്‍വീസിലിരുന്ന എല്ലാ ഉദ്യോഗസ്ഥരെയും സ്ഥലം മാറ്റുമെന്നും കമ്മീഷന്‍ വ്യക്തമാക്കി.
ജൂണ്‍ മൂന്നിനാണ് കര്‍ണാടകയില്‍ നിലവിലെ നിയമസഭയുടെ കാലാവധി അവസാനിക്കുന്നത്.224 അംഗ നിയമസഭയാണ് കര്‍ണാടകയിലേത്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് ഭരണകക്ഷിയായ ബിജെപിക്കാണ് അഗ്നിപരീക്ഷയാകുന്നത്. ബിജെപി അധികാരത്തിലിരിക്കുന്ന ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനമാണ് കര്‍ണാടക.
അടുത്തിടെ നേതൃത്വത്തോട് കലഹിച്ച് പുതിയ പാര്‍ട്ടി രൂപീകരിച്ച ബി.എസ് യെദിയൂരപ്പയുടെ സാന്നിധ്യമാകും ഇക്കുറി ബിജെപിക്ക് കടുത്ത വെല്ലുവിളിയാകുക. ഭരണം പിടിക്കാന്‍ കോണ്‍ഗ്രസിലും മുന്നൊരുക്കം സജീവമാണ്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.