Latest News

സാബിത്തിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി

കാസര്‍കോട്: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് മരിച്ച ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥി സാബിത്തി (15) ന്റെ മൃതദേഹം വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ ചട്ടഞ്ചാല്‍ ജുമാമസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.
ചട്ടഞ്ചാല്‍ കുന്നാറ എം.എ. ക്വാര്‍ടേഴ്‌സില്‍ താമസിക്കുന്ന സഫാരി അബ്ദുല്ലറാബിയ ദമ്പതികളുടെ മകനാണ് മരിച്ച സാബിത്ത്. വെള്ളിയാഴ്ച രാവിലെ 7.30 മണിയോടെയാണ് അപകടമുണ്ടായത്. മൂന്ന് ദിവസം മുമ്പ് വാങ്ങിയ പുത്തന്‍ ബൈക്കില്‍ പാല്‍ വാങ്ങി പൊയിനാച്ചിയില്‍ നിന്ന് ചട്ടഞ്ചാലിലെ വീട്ടിലേക്ക് വരുമ്പോള്‍ 55ാം മൈലില്‍ വെച്ച് ചട്ടഞ്ചാല്‍ ഭാഗത്ത് നിന്ന് കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോവുകയായിരുന്ന ടിപ്പര്‍ ലോറി ഇടിക്കുകയായിരുന്നു. റോഡില്‍ തലയിടിച്ചു വീണ സാബിത്തിനെ ഉടന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയന്ത്രണം വിട്ട ലോറി തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് പാഞ്ഞുകയറി.
കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും പോസ്റ്റ്‌മോര്‍ടത്തിന് ശേഷം വെള്ളിയാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. വന്‍ ജനാവലിയാണ് ഒരു നോക്കു കാണാന്‍ വീട്ടില്‍ കാത്തുനിന്നത്. നിര്‍ദ്ധനരായ ഈ കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു സാബിത്ത്. ഷാനിത ഏക സഹോദരിയാണ്.
കാസര്‍കോട് എം.എല്‍.എ എന്‍.എ നെല്ലിക്കുന്ന്, ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസ്ഡന്റ് ചെര്‍ക്കളം അബ്ദുല്ല. സിഡ്‌കോ ചെയര്‍മാന്‍ സി.ടി. അഹ്മദലി, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ് ആഇശ സഹദുല്ല, വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ പാദൂര്‍ കുഞ്ഞാമ്മു ഹാജി, കട്ടക്കാല്‍ ശാഫി ഹാജി തുടങ്ങി നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വീട്ടിലും ആശുപത്രിയിലുമായി എത്തിയിരുന്നു. സാബിത്തിന്റെ മരണത്തില്‍ അനുശോചിച്ച് ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് വെള്ളിയാഴ്ച അവധി നല്‍കി

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.