Latest News

ഭക്ഷ്യവസ്തു ക്കളുടെ ഇറക്കുമതി രണ്ടുദിവസം മുടങ്ങിയാല്‍ കേരളം പട്ടിണിയിലാകും -ഡോ. പി.രാജേന്ദ്രന്‍

കാസര്‍കോട്:ഭക്ഷ്യവസ്തുക്കളുടെ ഇറക്കുമതി രണ്ടുദിവസം മുടങ്ങിയാല്‍ കേരളം പട്ടിണിയിലാകുമെന്ന് കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. പി.രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സുവര്‍ണ ജൂബിലിയുടെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കമ്മിറ്റി കാര്‍ഷിക വികസനവും പുത്തന്‍ സാങ്കേതികവിദ്യയും എന്ന വിഷയത്തില്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രതിവര്‍ഷം സംസ്ഥാനത്തിന് 42 ലക്ഷം ടണ്‍ അരി ആവശ്യമാണ്. ഇതില്‍ 7800 കോടി രൂപയുടെ അരി ഇറക്കുമതി ചെയ്യുന്നു. 1500 കോടി രൂപയുടെ പച്ചക്കറിയും 1300 കോടിയുടെ പഴവര്‍ഗങ്ങളും 172 കോടിയുടെ വൈക്കോലും നമ്മള്‍ ഇറക്കുമതി ചെയ്യുന്നു. ഇതിന്റെ പകുതിയും ഇവിടത്തന്നെ ഉത്പാദിപ്പിക്കാന്‍ ശേഷിയുണ്ടെങ്കിലും 22 ലക്ഷം ടണ്‍ മാത്രമാണ് നമ്മള്‍ ഉത്പാദിപ്പിക്കുന്നത്. കയറ്റുമതി ചെയ്യുന്ന സംസ്ഥാനങ്ങളില്‍ പ്രകൃതിക്ഷോഭമോ മറ്റോ വന്ന് ഉത്പന്നങ്ങളുടെ ഒഴുക്ക് നിലച്ചാല്‍ കേരളത്തിന് താങ്ങാനാകില്ലെന്ന് രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നു.
കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായി അധ്യക്ഷനായിരുന്നു.പടന്നക്കാട് കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. എം.ഗോവിന്ദന്‍, പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണകേന്ദ്രം ഗവേഷണവിഭാഗം അസോസിയേറ്റ് ഡയറക്ടര്‍ ഡോ. ജയപ്രകാശ് നായക് എന്നിവര്‍ സംസാരിച്ചു. കാര്‍ഷിക വികസനത്തിന് ജൈവ സാങ്കേതികവിദ്യയുടെ ഉപയോഗം എന്ന വിഷയം വെള്ളാനിക്കര ഹോര്‍ട്ടികള്‍ച്ചര്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ടി.പ്രദീപ് കുമാര്‍ അവതരിപ്പിച്ചു. സി.പി.സി.ആര്‍.ഐ. പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി.തമ്പാന്‍ മോഡറേറ്റര്‍ ആയിരുന്നു.പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് കെ.വിനോദ് ചന്ദ്രന്‍ സ്വാഗതവും സെക്രട്ടറി മുഹമ്മദ് ഹാഷിം നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.