Latest News

പുതിയ നിയമങ്ങള്‍ സഹകരണമേഖലയെ കശാപ്പുചെയ്യും- എം.വി.ജയരാജന്‍

ഉദുമ: വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടും 97-ാം ഭരണഘടനാ ഭേദഗതിയും, കേരള നിയമസഭപാസാക്കിയ സഹകരണനിയമവും കൂടിച്ചേര്‍ന്ന് സഹകരണമേഖലയെ കശാപ്പുചെയ്യുമെന്ന് എം.വി.ജയരാജന്‍ മുന്നറിയിപ്പ് നല്‍കി. കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു.) ജില്ലാ സമ്മേളനം പാലക്കുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സഹകരണമേഖലയും പഞ്ചായത്തുകളും ഒത്തുചേര്‍ന്ന് ഗ്രാമങ്ങളില്‍ നടത്തുന്ന വികസനക്കുതിപ്പുകള്‍ തടയപ്പെടും. പൊതുമേഖല ബാങ്കുകളില്‍നിന്നുള്ള വായ്പ നിക്ഷേപ അനുപാതം കുറവാണ്. അതേസമയം സഹകരണമേഖല 100 രൂപ നിക്ഷേപം സ്വീകരിക്കുമ്പോള്‍ 110 രൂപ വായ്പ അനുവദിക്കുന്നുണ്ട്. യു.ഡി.എഫ്.പ്രകടനപത്രികയിലെ കാര്‍ഷികവായ്പ പലിശ മൂന്ന് ശതമാനമാക്കുമെന്നും പ്രത്യേക കടാശ്വാസ കമ്മീഷന്‍ രൂപവത്കരിക്കുമെന്നുമുള്ള പ്രഖ്യാപനങ്ങള്‍ സഹകരണ മന്ത്രിയടക്കമുള്ളവര്‍ മറന്നിരിക്കുന്നു. സഹകരണമന്ത്രിയെ മറികടന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നാണെന്നും അദ്ദേഹം ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് കെ.അശോക് റൈ അധ്യക്ഷനായി. സംസ്ഥാന ഭാരവാഹികളായ കെ.ജനാര്‍ദ്ദനന്‍, പി.പി.സുകുമാരന്‍, കെ.ഗൗരി, പി.അജയന്‍ എന്നിവര്‍ പ്രസംഗിച്ചു. മുന്‍ എം.എല്‍.എ. കെ.വി.കുഞ്ഞിരാമന്‍ സ്വാഗതവും കെ.വി.ഭാസ്‌കരന്‍ അനുശോചനപ്രമേയവും അവതരിപ്പിച്ചു. ജില്ലാ സമ്മേളനം ഞായറാഴ്ച സമാപിക്കും. ഉച്ചയ്ക്ക് യാത്രയയപ്പ് സമ്മേളനം കെ.പി.സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. പൊതുചര്‍ച്ചയും ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് കഴിഞ്ഞ് സമാപിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.