കാസര്‍കോട് കുണ്ടംകുഴിയില്‍ കൃഷ്ണന്‍േറയും പത്മിനിയുടേയും രണ്ടു മക്കളില്‍ മൂത്തയാളാണ് അജിത്. നിര്‍ധനകുടുംബം. തടിക്കമ്പനി തൊഴിലാളിയാണ് കൃഷ്ണന്‍. വീടിനടുത്ത് കശുവണ്ടി തോട്ടത്തില്‍ എന്‍ഡോസള്‍ഫാന്‍ തളിച്ചതാണ് മോന്റെ രോഗത്തിന് കാരണമായതെന്ന് കൃഷ്ണന്‍ പറഞ്ഞു. ഏറെ ചികിത്സ നടത്തിയിട്ടും ഫലം കണ്ടില്ല. കുട്ടിയുടെ ദുരന്തകഥ ചാനലില്‍ കണ്ട് കെ.എസ്.എഫ്.ഇ.യിലെ ജീവനക്കാരിയായ കളമശ്ശേരിയിലെ സീന മുന്‍കൈയെടുത്താണ് അജിത്തിനെ പുതിയകാവിലെ ഗവ. ആയുര്‍വേദ കോളേജാസ്പത്രിയില്‍ കൊണ്ടുവന്നത്.
രണ്ടരവര്‍ഷം അജിത്തിനൊപ്പം അമ്മയും അനിയത്തി അഞ്ജനയും ആസ്പത്രിയിലുണ്ടായിരുന്നു. അഞ്ജന പുതിയകാവ് അങ്കണവാടിയില്‍ പഠിക്കാനും ചേര്‍ന്നു. അമ്മ ആസ്പത്രിയില്‍, ചികിത്സകളുടെ ഇടവേളകളില്‍ അജിത്തിന് അക്ഷരം പറഞ്ഞുകൊടുത്തു. തൊണ്ണൂറു ശതമാനവും അസുഖം മാറി. തുടര്‍ചികിത്സ കൊണ്ട് പാടേ മാറും - അജിത്തിനെ രണ്ടരവര്‍ഷവും ചികിത്സിച്ചവരില്‍ പ്രധാനി ഡോ. എം.എം.അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു. ഡോ. സുധികുമാറും ഒന്നരവര്‍ഷത്തോളം ചികിത്സിക്കാനുണ്ടായിരുന്നു.
ചികിത്സയ്ക്ക് വ്യക്തികളും സംഘടനകളും സഹായങ്ങള്‍ നല്‍കിയിരുന്നു. ശരീരത്തില്‍ നിന്ന് എന്‍ഡോസള്‍ഫാന്റെ വിഷം കളയാനുള്ള ഔഷധങ്ങളാണ് ആദ്യം നല്‍കിയത്. കേരളത്തിലെ പ്രഗത്ഭരായ ആയുര്‍വേദ ഭിഷഗ്വരന്മാരുടെ നിര്‍ദേശങ്ങളും ചികിത്സയ്ക്കായി തേടിയെന്ന് ഡോ. അബ്ദുള്‍ ഷുക്കൂര്‍ പറഞ്ഞു. കുട്ടിയുടെ കണ്ണിന് കാഴ്ചക്കുറവുണ്ട്. ആറുമാസത്തെ വിശ്രമം കഴിഞ്ഞ് ഇവിടെ ആയുര്‍വേദ കോളേജാസ്പത്രിയില്‍ തന്നെ അതിനായി പഞ്ചകര്‍മ ചികിത്സ നടത്തും. മകന്‍ ചിരിക്കുന്നതും ആസ്പത്രിയില്‍ അടുത്ത മുറികളിലുള്ളവരോടൊക്കെ ആഹ്ലാദത്തോടെ സംസാരിക്കുന്നതുമൊക്കെ കണ്ടപ്പോള്‍ അച്ഛന്‍ കൃഷ്ണനും അമ്മ പത്മിനിക്കും സന്തോഷം അടക്കാനായില്ല. അജിത്തിന്റെ അനുജത്തി അഞ്ജനയുടെ പിറന്നാള്‍ ദിനം കൂടിയായിരുന്നു ശനിയാഴ്ച. രണ്ടുപേരും ചേര്‍ന്ന് ആസ്പത്രിയിലുള്ളവര്ക്കും ഡോക്ടര്‍മാര്‍ക്കുമൊക്കെ മധുരം നല്‍കിയാണ് വീട്ടിലേക്ക് തിരിച്ചത്.
(കടപ്പാട്: മാതൃഭൂമി)
No comments:
Post a Comment