Latest News

മഅദനിക്ക് ജാമ്യം: അല്ലാഹുവിന് നന്ദി - മകള്‍ ഷെമീറ

കൊല്ലം: 'ഇങ്ങനെയൊരു അസുലഭ മുഹൂര്‍ത്തം സമ്മാനിച്ച അല്ലാഹുവിന് നന്ദി'- മഅദനിക്ക് ജാമ്യം ലഭിച്ച വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു മകള്‍ ഷെമീറ ജൗഹര്‍. ഒരുപാട് പ്രതീക്ഷിച്ച നിമിഷങ്ങളാണു വരാന്‍പോവുന്നത്. വിവാഹത്തില്‍ വാപ്പച്ചിയുടെ സാന്നിധ്യം അങ്ങേയറ്റം ആഹ്ലാദകരമാണെന്നും ഷെമീറ മാധ്യമങ്ങളോടു പറഞ്ഞു.
ജാമ്യം അനുവദിക്കുന്നതിന് സഹായം അഭ്യര്‍ഥിച്ച് കഴിഞ്ഞയാഴ്ച ഷെമീറ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കത്തയച്ചിരുന്നു. വിവാഹത്തിന്റെ ഒരുക്കങ്ങളേക്കാള്‍ വാപ്പച്ചിയുടെ മടങ്ങിവരവിലാണു സന്തോഷം. എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രമേ കൂടെ ഉണ്ടാവുകയുള്ളൂവെന്നത് ദുഃഖകരമാണെന്നു ഷെമീറ പറഞ്ഞു. വാപ്പച്ചി വന്നാല്‍ തിരികെ വിടാത്ത നിലയില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാവുമെന്നാണു പ്രതീക്ഷ. വിവാഹത്തില്‍ പങ്കെടുക്കാന്‍ വാപ്പച്ചിക്ക് അവസരമുണ്ടായില്ലെങ്കില്‍ ജീവിതത്തിന് ഒരു അര്‍ഥവുമുണ്ടാവുമായിരുന്നില്ല. ഇതിന് അവസരമൊരുക്കിയ മുഖ്യമന്ത്രിക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നന്ദിയുണ്ടെന്നും ഷെമീറ പറഞ്ഞു.
അതേസമയം, അന്‍വാര്‍ശ്ശേരിയില്‍ എല്ലാ വ്യഴാഴ്ചയും നടത്താറുള്ള പ്രത്യേക പ്രാര്‍ഥനയ്ക്കിടയിലാണ് ഇടക്കാല ജാമ്യം അനുവദിച്ച വാര്‍ത്ത അറിയുന്നത്. ഇത് പ്രാര്‍ഥനയില്‍ പങ്കെടുത്തവരെ കൂടുതല്‍ കര്‍മോല്‍സുകരാക്കി. ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ 2010 ആഗസ്ത് 17നാണ് അന്‍വാര്‍ശ്ശേരിയില്‍ നിന്ന് മഅദനിയെ ബാംഗ്ലൂര്‍ പോലിസ് അറസ്റ്റു ചെയ്ത­ത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.