Latest News

നിയന്ത്രണം വിട്ട ലോറിയിടിച്ച് ഓട്ടോഡ്രൈവറും സ്‌കൂട്ടര്‍ യാത്രക്കാരിയും മരിച്ചു

ആലപ്പുഴ: നിയന്ത്രണംവിട്ട ലോറിയിടിച്ച് ഓട്ടോ ഡ്രൈവറും സ്‌കൂട്ടര്‍ യാത്രക്കാരിയും മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 14-ാം വാര്‍ഡില്‍ നന്ദനത്തില്‍ ടാഗോറിന്റെ ഭാര്യ ഉഷ (40), ഓട്ടോ ഡ്രൈവര്‍ മണ്ണഞ്ചേരി പഞ്ചായത്ത് ചിറയില്‍ നജീം(35) എന്നിവരാണു മരിച്ചത്. ഇതിനിടെ, അപകടത്തിനു ശേഷം സംഭവസ്ഥലത്തുനിന്നു സ്വകാര്യബസില്‍ ചേര്‍ത്തല ഭാഗത്തേക്കു പോയ ലോറി ഡ്രൈവര്‍ കുഴഞ്ഞുവീണു മരിച്ചു. ലോറി ഓടിച്ചിരുന്ന എറണാകുളം ചേരാനല്ലൂര്‍ പൗര്‍ ണമിയില്‍ വാസുദേവന്‍നായരുടെ മകന്‍ വേണുഗോപാല്‍(45) അണു മരിച്ചത്.
ദേശീയപാതയില്‍ പാതിരപ്പള്ളി കെഎസ്ഡിപിക്കു മുന്‍വശം വെളളിയാഴ്ച വൈകുന്നേരം 3.45നായിരുന്നു അപകടം. കോഴിക്കോടുനിന്നും സ്വകാര്യ കമ്പനിയുടെ ചെരുപ്പിന്റെ ലോഡുമായി ആലപ്പുഴ ഭാഗത്തേക്കു വരുകയായിരുന്ന ഐഷര്‍ ലോറി ഒരു വാഹനത്തെ മറികടക്കുന്നതിനിടെ ആലപ്പുഴയില്‍ നിന്നും എറണാകുളത്തേക്കു പോകുകയായിരുന്ന മറ്റൊരു ലോറിയുടെ വശത്തു തട്ടി നിയന്ത്രണംവിട്ട് ഓട്ടോയിലും സ്‌കൂട്ടറിലും ഇടിച്ചശേഷം കെഎസ്ഡിപിയുടെ മതിലിലിടിച്ചു നില്‍ക്കുകയായിരുന്നു.
ലോറിയുടെ അടിയില്‍പ്പെട്ട ഉഷ തത്ക്ഷണം മരിച്ചു. കൂടെയുണ്ടായിരുന്ന മകള്‍ കൃഷ്ണകൃപയ്ക്കു വാഹനത്തില്‍നിന്നു തെറിച്ചുവീണു ഗുരുതരമായി പരിക്കേറ്റു. കൃഷ്ണകൃപയെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉഷയെ ആലപ്പുഴയില്‍നിന്നെത്തിയ ഫയര്‍ഫോഴ്‌സ് മണിക്കൂറുകളോളം പ്രയത്‌നിച്ചാണ് വാഹനത്തിന്റെ അടിയില്‍നിന്നെടുത്തത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ നജീമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാ നായില്ല. ഓട്ടോയാത്രികരായിരുന്ന രണ്ടുപേര്‍ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്.
അപകടത്തിനുശേഷം ലോറിയിലെ ക്ലീനര്‍ക്കൊപ്പം സ്വകാര്യബസില്‍ കയറിപ്പോയ ലോറി ഡ്രൈവര്‍ക്കു പാതിരപ്പള്ളിയിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെത്തുടര്‍ന്ന് സമീപത്തെ ചെട്ടികാട് പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണു മരണകാരണമെന്നാണു പ്രാഥമികനിഗമനം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രിയിലേക്കു മാറ്റി.
ഒരുമാസം മുമ്പാണ് ഉഷയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശ ചടങ്ങുകള്‍ നടന്നത്. രണ്ടാഴ്ച കഴിഞ്ഞ് ഭര്‍ത്താവ് ടാഗോര്‍ വിദേശത്തേക്കു മടങ്ങിയിരുന്നു. പണികള്‍ തീരാത്തതിനാല്‍ വീട്ടില്‍ താമസം തുടങ്ങിയിരുന്നു­മില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.