Latest News

30 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ മഞ്ചേശ്വരം താലൂക്ക് യാഥാര്‍ഥ്യമാവുന്നു

കാസര്‍കോട്: അത്യുത്തര കേരളത്തിന്റെ സമഗ്രവികസനത്തിന് ഉതകുന്ന മഞ്ചേശ്വരം താലൂക്ക് യാഥാര്‍ഥ്യമാവുന്നു. വ്യാഴാഴ്ച നിയമസഭയില്‍ ധനമന്ത്രി കെ എം മാണി സംസ്ഥാനത്ത് 11 താലൂക്കുകള്‍ രുപീകരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് മഞ്ചേശ്വരം താലൂക്ക് യാഥാര്‍ഥ്യമാവുന്നത്.
കഴിഞ്ഞ 30 വര്‍ഷത്തോളമായി മഞ്ചേശ്വരം താലൂക്കിന് വേണ്ടിയുള്ള മുറവിളി ഉയരുകയായിരുന്നു. യു.ഡി.എഫ് പ്രകടനപത്രികയില്‍ മഞ്ചേശ്വരം താലൂക്ക് യാഥാര്‍ഥ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതോടൊപ്പം വെള്ളരിക്കുണ്ട് താലൂക്കും രുപീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
മലയോര മേഖലയുടെ സമഗ്രവികസനത്തിന് വെള്ളരിക്കുണ്ട് താലൂക്ക് ഏറെ പ്രയാജനപ്പെടും. കേരള, കര്‍ണാടക അതിര്‍ത്തിയോട് തൊട്ടുകിടക്കുന്ന മഞ്ചേശ്വരത്തെ ജനങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇപ്പോള്‍ കിലോമീറ്ററുകളോളം സഞ്ചരിച്ച കാസര്‍കോട്ടെത്തേണ്ട അവസ്ഥയിലാണ്. അതിര്‍ത്തി മേഖലയായതിനാല്‍ ഏറെ അവഗണിക്കപ്പെട്ടുകിടക്കുന്ന പ്രദേശം കൂടിയാണിത്. മഞ്ചേശ്വരം, മീഞ്ച, വൊര്‍ക്കാടി, മംഗല്‍പാടി, പൈവളിഗെ, കുമ്പള, പുത്തിഗെ, എന്‍മകജെ തുടങ്ങിയ പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് മഞ്ചേശ്വരം അസംബ്ലി മണ്ഡലം.
41 വില്ലേജുകളാണ് ഈ മണ്ഡലത്തിലുള്ളത്. കാസര്‍കോട് താലൂക്കിനെ വിഭജിച്ചാണ് മഞ്ചേശ്വരം താലൂക്ക് രൂപീകരിക്കുന്നത്. വ്യവസായ പരമായും വിദ്യാഭ്യാസ പരമായും പിന്നാക്കം നില്‍ക്കുന്ന ഈ മേഖലയുടെ സമഗ്രവികസനത്തിന് പുതിയ താലൂക്ക് രുപീകരിക്കുന്നതോടെ പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
മഞ്ചേശ്വരം തുറമുഖത്തിനും അംഗീകാരം ലഭിച്ചിട്ടുണ്ട്. ഇതും മണ്ഡലത്തിലന്റെ വികസനത്തിന് ആക്കംകൂട്ടും. ഉപ്പള ആസ്ഥാനമായി താലൂക്ക് രൂപീകരിക്കാനാണ് നീക്കം നടക്കുന്നത്. 1996ലെ കെ കരുണാകരന്‍ മന്ത്രിസഭയുടെ കാലത്ത് നിയോഗിച്ച ബാബുപോള്‍ കമ്മീഷന്‍ റിപോര്‍ട്ടില്‍ മഞ്ചേശ്വരം താലൂക്ക് രൂപീകരിക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അനന്തര നടപടികളൊന്നും ഉണ്ടായിരുന്നില്ല.
ഈ സര്‍ക്കാര്‍ അധികാരമേറ്റതോടെ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ലയുടെനേതൃത്വത്തില്‍ പ്രതിനിധി സംഘം മുഖ്യമന്ത്രിയേയും റവന്യൂ മന്ത്രിയേയും കണ്ട് താലൂക്ക് യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പി ബി അബ്ദുര്‍റസാഖ് എം.എല്‍.എ, യു കെ യുസഫ് തുടങ്ങിയവരാണ് അന്ന് നിവേദനം നല്‍കിയിരുന്നത്.
താലൂക്ക് യാഥാര്‍ഥ്യമാക്കിയ റവന്യൂ മന്ത്രിയെ പി ബി അബ്ദുര്‍റസാഖ് എം.എല്‍.എ അഭിനന്ദി­ച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.