Latest News

ഭാര്യയും മക്കളും വീട്ടില്‍ നിന്ന് ഇറക്കിവിട്ട ഗോപാലനന്റെ ജീവിതം മൂത്രപ്പുരയുടെ വരാന്തയില്‍


ഉദുമ : ഇടുക്കി നെടുങ്കണ്ടം സ്വദേശി ഗോപാലന്‍ എന്ന 66 വയസ്സുകാരന്റെ മേല്‍വിലാസം എന്താണെന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരം ഗോപാലന്‍, കെയര്‍ ഓഫ് പഞ്ചായത്ത് മൂത്രപ്പുര, പി ഒ ഉദുമ. ഇരുപത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാര്യയും മക്കളും വീട്ടില്‍ നിന്ന് ഇറക്കി വിട്ടതാണ് ഗോപാലനെ. ലക്ഷ്യമില്ലാതെ വണ്ടികയറി എത്തിയത് കോട്ടിക്കുളത്ത്. പണിയെടുത്ത് ജീവിക്കാന്‍ ശാരീരിക ശേഷിയില്ലാത്തതിനാല്‍ ഭിക്ഷയാചിക്കുന്നു. കിട്ടുന്ന പണം കൊണ്ട് അരവയര്‍ നിറച്ച് കടത്തിണ്ണയില്‍ അന്തിയുറങ്ങുമായിരുന്നു. ഒടുവില്‍ ഇപ്പോള്‍ ഉദുമ ടൗണിലെ റെയില്‍വെ ഗേറ്റിനടുത്തുള്ള പഞ്ചായത്ത് മൂത്രപ്പുരയുടെ വരാന്തയില്‍ ഭക്ഷണം ചെയ്ത് ഗോപാലന്‍ ജീവിതം മെല്ലെ മെല്ലെ തള്ളിനീക്കുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് നാഡിസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇരുകാല്‍പാദങ്ങളിലും ശസ്ത്രക്രിയ നടത്തേണ്ടിവന്നു. ശസ്ത്രക്രിയയെ തുടര്‍ന്ന് കൈകള്‍ക്കും ഇരുകാലുകള്‍ക്കും സ്വാധീനം കുറഞ്ഞു. ഇനിയുള്ള കാലം തങ്ങള്‍ക്കൊരു ഭാരമായി ഗോപാലന്‍ മാറുമെന്ന് കരുതി ഭാര്യയും മക്കളും ഇയാളെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടു. അസുഖം ബാധിക്കുന്നതിന് മുമ്പ് തന്നെ തന്റെ സ്വത്തുക്കള്‍ ഭാര്യ സരോജിനിയുടെ പേരിലേക്ക് എഴുതി നല്‍കിയതായി ഗോപാലന്‍ പറഞ്ഞു. കയ്യില്‍ ചില്ലിക്കാശില്ലാതെ കള്ളവണ്ടി കയറി കോട്ടിക്കുളത്തെത്തിയ ഗോപാലന്‍ എട്ട് വര്‍ഷത്തോളം പാലക്കുന്നിലും ഉദുമയിലും ഭിക്ഷാടനം നടത്തി. പിന്നീട് ഭിക്ഷാടനം നിര്‍ത്തി നഗരത്തിലെ ആക്രി സാധനങ്ങള്‍ പെറുക്കി അത് വിറ്റുകിട്ടുന്ന കാശ് കൊണ്ട് ജീവിതം പിന്നെയും തള്ളിനീക്കി. ഇതിനിടയിലാണ് ഉദുമ ഗ്രാമപഞ്ചായത്തിന്റെ കീഴിലുള്ള മൂത്രപ്പുരയിലെ കരാറുകാരന്‍ ബാബുവുമായി ഗോപാലന്‍ പരിചയപ്പെട്ടത്. കംഫര്‍ട്ട് സ്‌റ്റേഷന്‍ നടത്തിപ്പ് ലാഭകരമല്ലാത്തതിനാലും ഗോപാലന്റെ ദയനീയാവസ്ഥ കണക്കിലെടുത്തും ബാബു മൂത്രപ്പുരയുടെ നടത്തിപ്പ് ഗോപാലനെ ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്നിങ്ങോട്ട് ജീവിതം മൂത്രപ്പുരയുടെ വരാന്തയില്‍. വരാന്തയുടെ ഒരു ഭാഗം ചാക്കുകള്‍ കൊണ്ട് മറച്ച് അവിടെ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്നു. രാത്രി അന്തിയുറങ്ങുന്നത് മൂത്രപ്പുരയുടെ വരാന്തയില്‍ തന്നെ. രണ്ട് വര്‍ഷമായി ഇവിടെ കഴിയുന്ന ഗോപാലന് ഈ ശൗചാലയം ഇന്ന് സ്വന്തം വീട് തന്നെ. മൂത്രപ്പുരയില്‍ നിന്ന് ജീവിക്കാനുള്ള വരുമാനം കിട്ടുന്നില്ല. ചിലപ്പോള്‍ ഇരുപത് രൂപ കിട്ടിയെന്നാലായി. മറ്റ് ചിലപ്പോള്‍ വരുമാനം 50 രൂപവരെ കിട്ടും. വരുമാനം കുറഞ്ഞ ദിവസങ്ങളില്‍ പട്ടിണി കിടക്കാന്‍ ഗോപാലന് മടിയില്ല. വരുമാനം തീരെ ഇല്ലാതായാല്‍ നഗരത്തില്‍ അലഞ്ഞ് തിരിഞ്ഞ് ആക്രി സാധനങ്ങള്‍ പെറുക്കി അത് വിറ്റ് ജീവിതം തള്ളി നീക്കുന്നു. ഇതിനിടയില്‍ കരാര്‍ തുകയായ 2500 രൂപയടക്കാനുള്ള സമയമായപ്പോള്‍ കംഫര്‍ട്ട് സ്‌റ്റേഷന്റെ താക്കോലുമായി പഞ്ചായത്ത് ഓഫീസിലേക്ക് ചെന്ന ഗോപാലനോട് അധികൃതര്‍ ദയ കാട്ടി. തുക അടക്കേണ്ടതില്ലെന്നും മൂത്രപ്പുര നോക്കിനടത്തിയാല്‍ മതിയെന്നും അധികൃതര്‍ പറഞ്ഞതോടെ ഗോപാലന് സമാധാനമായി. ഇന്ന് ജീവിതത്തിന്റെ വലിയൊരു ഭാഗം മനുഷ്യവിസര്‍ജ്യത്തിന്റെ ഗന്ധത്തിനിടയില്‍ കഴിച്ചുകൂട്ടുന്ന ഗോപാലന് ഒരു ആശ്വാസം. അന്യന്റെ കടത്തിണ്ണയില്‍ അന്തിയുറങ്ങേണ്ടല്ലോ എ­ന്ന്..


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.