Latest News

രണ്ടേകാല്‍ കോടി രൂപ തട്ടിയെടുത്ത് മലയാളി യുവതി മുങ്ങി

ദോഹ: ദുബൈയിലെ ട്രേഡിങ് കമ്പനിയുടെ മറവില്‍ വന്‍ തുക ലാഭം വാഗ്ദാനം ചെയ്ത് മലയാളി യുവതി ദോഹയിലെ വ്യാപാരികളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമായി രണ്ടേകാല്‍ കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. കോഴിക്കോട് നടക്കാവ് സ്വദേശിയായ 35കാരിക്കെതിരെയാണ് തട്ടിപ്പിനിരയായവര്‍ ഖത്തറിലെ ഇന്ത്യന്‍ എംബസി, തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ എന്‍.ആര്‍.ഐ സെല്‍ എന്നിവിടങ്ങളിലും കേരള ഡി.ജി.പി, കോഴിക്കോട് സിറ്റി പൊലീസ് കമീഷണര്‍ എന്നിവര്‍ക്കും പരാതി നല്‍കിയിരിക്കുന്നത്.
ദുബൈയില്‍ നിന്ന് ബിസിനസ് വിസിറ്റ് വിസയില്‍ കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ഖത്തറിലെത്തിയ യുവതി ദോഹയിലെ പ്രമുഖ വ്യാപാരികളെയും നാട്ടുകാരെയുമാണ് മോഹനവാഗ്ദാനങ്ങള്‍ നല്‍കി സമര്‍ഥമായി കെണിയില്‍ വീഴ്ത്തിയത്. ദുബൈയിലെ ട്രേഡിങ് കമ്പനിയുടെ പേരില്‍ നടത്തുന്ന ഓണ്‍ലൈന്‍ കറന്‍സി, സ്വര്‍ണ വ്യാപാരത്തില്‍ പണം നിക്ഷേപിച്ചാല്‍ ഓരോമാസവും ഉയര്‍ന്ന തുക ലാഭം കിട്ടുമെന്ന് വിശാസിപ്പിച്ച് ദോഹയിലുള്ള പലരില്‍ നിന്നായി ഇവര്‍ കോടികള്‍ പിരിച്ചെടുക്കുകയായിരുന്നു. വാഗ്ദാനം ചെയ്ത ലാഭം ആദ്യത്തെ മൂന്നുമാസങ്ങളില്‍ മുടങ്ങാതെ ലഭിച്ചതോടെ കൂടുതല്‍ പേര്‍ പണം നിക്ഷേപിക്കാന്‍ തയാറായി. എന്നാല്‍, 3,65000 റിയാല്‍ നിക്ഷേപിച്ച കോഴിക്കോട് സ്വദേശിക്ക് 89360 റിയാലും 1,10,000 റിയാല്‍ നിക്ഷേപിച്ച വടകര സ്വദേശിക്ക് 48600 റിയാലും ഒരു ലക്ഷം റിയാല്‍ നല്‍കിയ തൃശൂര്‍ സ്വദേശിക്ക് 1480 റിയാലും മാത്രമാണ് തിരിച്ചുകിട്ടിയത്.
കോഴിക്കോട് സ്വകാര്യ ബാങ്കില്‍ ജീവനക്കാരിയായിരുന്ന ഇവര്‍ നാട്ടിലെ ബന്ധവും വീട്ടിലെ കഷ്ടപ്പാടുകളും വിവരിച്ച് ജോലിയോ ബിസിനസില്‍ സഹായമോ ആവശ്യപ്പെട്ടാണ് തങ്ങളെ സമീപിച്ചതെന്ന് തട്ടിപ്പിനിരയായ കോഴിക്കോട് സ്വദേശികള്‍ പറഞ്ഞു. നവംബര്‍ വരെ നിക്ഷേപകര്‍ക്ക് ദുബൈയിലെ ട്രേഡിംഗ് കമ്പനിയില്‍നിന്ന് കൃത്യമായി ലാഭവിഹിതം ലഭിച്ചിട്ടുണ്ട്. പിന്നീട് ഇടപാടുകള്‍ അവതാളത്തിലായി. വ്യാപാരം നഷ്ടത്തിലാണെന്നായിരുന്നു യുവതിയുടെ വിശദീകരണം. സന്ദര്‍ശക വിസയിലെത്തിയ യുവതിക്ക് കോഴിക്കോട് സ്വദേശിയായ വ്യാപാരി സ്വന്തം സ്ഥാപനത്തിന്‍െറ പേരില്‍ വിസ അനുവദിച്ചെങ്കിലും ഇതിന്‍െറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ നില്‍ക്കാതെ ജനുവരി 28ന് യുവതി തന്ത്രപൂര്‍വ്വം നാട്ടിലേക്ക് കടന്നു. എംബസിയിലും സി.ഐ.ഡിയിലും പരാതി നല്‍കിയും കരഞ്ഞ് സഹതാപം പിടിച്ചുപറ്റിയുമാണ് ഇതിനായി പാസ്പോര്‍ട്ട് കൈക്കലാക്കിയത്. ഒരു മാസമായിട്ടും യുവതിയെക്കുറിച്ച് വിവരമൊന്നും ഇല്ലാതായതോടെയാണ് തട്ടിപ്പിനിരയായവര്‍ വിവിധ കേന്ദ്രങ്ങളില്‍ പരാതി നല്‍കിയത്. തുടര്‍ന്ന്, പരാതി പിന്‍വലിച്ചാല്‍ പണം തിരികെ നല്‍കാമെന്ന് യുവതി പരാതിക്കാരില്‍ ചിലരെ അറിയിച്ചിട്ടുണ്ടത്രെ. ഇതിനിടെ യുവതി നാട്ടില്‍ നിന്ന് ദുബൈയിലേക്ക് കടന്നതായും സൂചനയുണ്ട്.
ദുബൈ കേന്ദ്രമായ വന്‍ തട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് യുവതിയെന്ന് സംശയിക്കുന്നതായി പരാതിക്കാര്‍ പറയുന്നു. തട്ടിപ്പിനിരയായ ചിലര്‍ ഖത്തര്‍ പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. ദുബൈ പൊലീസിലും പരാതി നല്‍കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Mapappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.