Latest News

കണ്ണൂര്‍ സര്‍വകലാശാല വി.സി.യായി ഡോ. ഖാദര്‍ മാങ്ങാട് ചുമതലയേറ്റു

Khader-Mangad-Malabarflash
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലറായി ഡോ. ഖാദര്‍ മാങ്ങാട് ചുമതലയേറ്റു. തിങ്കളാഴ്ച ഉച്ചയോടെ തിരുവനന്തപുരത്ത് രാജ്ഭവനിലെത്തി ചാന്‍സലര്‍കൂടിയായ ഗവര്‍ണറുടെ മുമ്പാകെയാണ് ചുമതലയേറ്റത്. വി.സി.യെ കണ്ടെത്താനുള്ള തിരച്ചില്‍സമിതി ഡോ. ഖാദര്‍ മാങ്ങാടിന്റെ പേര് മാത്രമാണ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ചത്. തിങ്കളാഴ്ച ചാന്‍സലര്‍ നിയമന വിജ്ഞാപനത്തില്‍ ഒപ്പുവെച്ചതിന് പിന്നാലെയാണ് അദ്ദേഹം ചുമതലയേറ്റത്. വി.സി.യുടെ ചുമതലവഹിച്ചിരുന്ന ഉന്നതവിദ്യാഭ്യാസ അഡീ. ചീഫ് സെക്രട്ടറി ഡോ. കെ.എം.ഏബ്രഹാമും എത്തിയിരുന്നു.

കാഞ്ഞങ്ങാട് നെഹ്രു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് പ്രിന്‍സിപ്പലും കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗവുമാണ് ഡോ. ഖാദര്‍ മാങ്ങാട്. തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ ഇംഗ്ലീഷ് അധ്യാപകനായാണ് സര്‍വീസില്‍ പ്രവേശിച്ചത്. 1985 മുതല്‍ എന്‍.എ.എസ്. കോളേജില്‍ അധ്യാപകനാണ്. 2008 മുതല്‍ കോളേജില്‍ ഇംഗ്ലീഷ് പി.ജി. വകുപ്പുമേധാവിയും 2011 ആഗസ്ത് 23 മുതല്‍ പ്രിന്‍സിപ്പലുമാണ്. 'ഇന്റിമസി ഇന്‍ കമലാദാസ്' എന്ന പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

2006ല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്ഡി. നേടി. കണ്ണൂര്‍ സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ അംഗവും ഇംഗ്ലീഷ് പി.ജി. ബോര്‍ഡ് ഓഫ് സ്റ്റഡീസ് അംഗവുമാണ്. ലാംഗ്വേജ് ഫാക്കല്‍ട്ടി അംഗമായും പ്രവര്‍ത്തിച്ചിരുന്നു. കാസര്‍കോട് മണ്ഡലത്തില്‍നിന്ന് രണ്ടുതവണ പാര്‍ലമെന്റിലേക്ക് മത്സരിച്ചു. മുമ്പ് കാസര്‍കോട് ഡി.സി.സി. സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2009-10ല്‍ കെ.പി.സി.ടി.എ. സംസ്ഥാന പ്രസിഡന്റായിരുന്നു. ഉദുമ മാങ്ങാട് സ്വദേശിയായ ഡോ. ഖാദര്‍ മാങ്ങാട് ഇപ്പോള്‍ കാഞ്ഞങ്ങാട് ഡൗണ്‍ ലെയ്‌നിലാണ് താമസം.

പരേതരായ കുഞ്ഞാലി ഹാജിയുടെയും ആയിഷയുടെയും മകനാണ്. കാഞ്ഞങ്ങാട് എന്‍.എ.എസ്. കോളേജ് ഫിസിക്‌സ് വിഭാഗം അസി. പ്രൊഫസര്‍ ഡോ. കെ.നസീമയാണ് ഭാര്യ. മക്കള്‍: ഡോ. നൗഫല്‍(ഹൗസ് സര്‍ജന്‍, കോഴിക്കോട് മെഡിക്കല്‍ കോളേജ്), ഡോ. ആയിഷത്ത് മഷൂദ(ഹൗസ് സര്‍ജന്‍, മംഗലാപുരം യേനപ്പോയ മെഡിക്കല്‍ കോളേജ്), അസിം അഹമ്മദ്(ഒന്നാം ക്ലാസ് വിദ്യാര്‍ഥി). മരുമകന്‍: ഡോ.വി.പി. സിജാദ്(പി.ജി. വിദ്യാര്‍ഥി, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്).

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.