Latest News

വ്യാജമെന്നാരോപിച്ച് പോലീസ് എഴുതി തള്ളിയ പരാതിയില്‍ കോടതി നേരിട്ട് കേസെടുത്തു

ബേക്കല്‍: വ്യാജമെന്നാരോപിച്ച് പോലീസ് എഴുതി തള്ളിയ പരാതിയില്‍ കോടതി ഇന്നലെ നേരിട്ട് കേസെടുത്തു. പനയാല്‍ കുതിരക്കോട്ടെ പാറയില്‍ സുരേഷിന്റെ ഭാര്യ കെ വി ശാന്ത(42) നല്‍കിയ പരാതിയിലാണ് കടമ്പഞ്ചാലിലെ സി കെ മോഹനന്‍(39), ഭാര്യ സീന(35) എന്നിവര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി കേസെടുത്തത്.
2011 ആഗസ്റ്റ് 25 ന് രാവിലെ മോഹനനും ഭാര്യ സീനയും തന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വടി കൊണ്ടടിച്ച് പരിക്കേല്‍പ്പിക്കുകയും കത്രിക കാണിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് ശാന്ത കോടതിയില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചത്. മോഹനന്‍ തന്റെ കൈയ്യില്‍ കടന്ന് പിടിച്ച് മാനഹാനി വരുത്തിയതായും ശാന്തയുടെ പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് ശാന്ത നേരത്തെ നല്‍കിയ പരാതിയില്‍ മോഹനനും സീനയ്ക്കുമെതിരെ ബേക്കല്‍ പോലീസ് കേസെടുത്തിരുന്നു.
തുടര്‍ന്ന് അന്വേഷണം നടത്തിയ പോലീസ് ശാന്ത മോഹനനും സീനയ്ക്കുമെതിരെ നല്‍കിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞുവെന്നും ശാന്തയുടെ നേതൃത്വത്തിലുള്ള കുടുംബശ്രീ പ്രവര്‍ത്തകര്‍ സീനയെ ക്രൂരമായി മര്‍ദ്ദിക്കുകയാണുണ്ടായതെന്നും സീന പരാതി നല്‍കുമെന്നുറപ്പായതോടെ ശാന്ത സീനയ്ക്കും ഭര്‍ത്താവിനുമെതിരെ പരാതി നല്‍കിയതാണെന്നുമാണ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്.
ശാന്തയുടെ പരാതി തള്ളണമെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. തന്റെ പരാതിയിലുള്ള കേസ് ബേക്കല്‍ പോലീസ് അവസാനിപ്പിച്ചതായി വ്യക്തമായതിനെ തുടര്‍ന്ന് ശാന്ത മോഹനനും സീനയ്ക്കുമെതിരെ കോടതിയില്‍ ഹരജി നല്‍കുകയായിരുന്നു. ഏപ്രില്‍ 28 ന് ഹാജരാകാന്‍ കോടതി മോഹനനും സീനയ്ക്കും നോട്ടീസയച്ചിട്ടുണ്ട്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.