Latest News

വേനല്‍മഴ: നാശനഷ്ടം അടിയന്തിര നടപടിക്ക് നിര്‍ദ്ദേശം

കാസര്‍കോട്: ജില്ലയില്‍ കാറ്റിലും മഴയിലും വ്യാപകമായ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നതിന് അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാവികസന സമിതിയോഗം നിര്‍ദ്ദേശിച്ചു. ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീറിന്റെ അദ്ധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. നാശനഷ്ടമുണ്ടായ പ്രദേശങ്ങള്‍ തഹസില്‍ദാര്‍മാരുടെ നേതൃത്വത്തില്‍ റവന്യു ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ച് സ്ഥിതി വിലയിരുത്തി. റവന്യു ഉദ്യോഗസ്ഥര്‍ ഉടന്‍ നാശനഷ്ടങ്ങളുടെ കണക്കെടുക്കും. താലൂക്ക് ഓഫീസുകളും, വില്ലേജ് ഓഫീസുകളും, കൃഷിഭവനുകളും ഞായറാഴ്ചയും തുറന്ന് പ്രവര്‍ത്തിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. സബ്കളക്ടറെ നിരീക്ഷണത്തിനായി യോഗം ചുമതലപ്പെടുത്തി.
കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ന് (ഞായര്‍) വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പ് ചെയ്ത് കര്‍ഷകരില്‍ നിന്ന് അപേക്ഷ സ്വീകരിക്കും. കിനാനൂര്‍-കരിന്തളം, ബളാല്‍,വെസ്റ്റ് എളേരി, പനത്തടി, മടിക്കൈ,കളളാര്‍,കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലും നീലേശ്വരം, കാഞ്ഞങ്ങാട് നഗരസഭകളിലുമാണ് വ്യാപകമായ കൃഷി നാശം സംഭവിച്ചത്. വാസയോഗ്യമല്ലാത്ത വീടുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ സഹായധനം ലഭിക്കുമെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു.വൈദ്യുതി ബന്ധം പുനസ്ഥാപിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വെളളിയാഴ്ചയുണ്ടായ കാറ്റിലും മഴയിലും കാഞ്ഞങ്ങാട് നിയോജകമണ്ഡലത്തില്‍ അഞ്ച് കോടിയോളം രൂപയുടെ നാശനഷ്ടമുണ്ടായെന്ന് സ്ഥലം സന്ദര്‍ശിച്ച ഇ.ചന്ദ്രശേഖരന്‍ എംഎല്‍എ യോഗത്തില്‍ അറിയിച്ചു. ഇരുപതിനായിരം നേന്ത്രവാഴകളും, ഇരുന്നൂറിലേറെ തെങ്ങുകളും, നൂറുകണക്കിന് കവുങ്ങുകളും റബ്ബര്‍ മരങ്ങളും നശിച്ചിട്ടുണ്ട്. ഇരുപത്തിയഞ്ച് വീടുകള്‍ തകര്‍ന്നു. ഇതിലേറെയും വാസയോഗ്യമല്ലാതായി. ട്രാന്‍ഫോര്‍മര്‍ തകര്‍ന്നും പോസ്റ്റുകള്‍ വീണും പലയിടങ്ങളിലും വൈദ്യുതി ബന്ധം താറുമാറായി. ഈ സാഹചര്യത്തില്‍ നാശനഷ്ടമുണ്ടായ പ്രദേശങ്ങളില്‍ റവന്യു,കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രത്യേക സംഘം സന്ദര്‍ശിച്ച് യുദ്ധകാലാടിസ്ഥാനത്തില്‍ നടപടിയെടുക്കണമെന്ന് അദ്ദേഹം നിര്‍ദ്ദേശിച്ചു. കെ.കുഞ്ഞിരാമന്‍ എംഎല്‍എ(ഉദുമ),സബ് കളക്ടര്‍ വെങ്കിടേശപതി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ജി.ശങ്കരനാരായണന്‍, എ ഡി എം എച്ച് ദിനേശന്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.