കൊച്ചി: മാധ്യമ പ്രവര്‍ത്തനവും സാഹിത്യവും തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരികയാണെന്ന് പ്രമുഖ എഴുത്തുകാരന്‍ എന്‍.എസ്. മാധവന്‍ അഭിപ്രായപ്പെട്ടു. എസ് എസ് എഫ് സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായി നടന്ന മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വാര്‍ത്തകളെ ചരിത്രമായി മാത്രം അവതരിപ്പിക്കുന്ന കാലം കഴിഞ്ഞു. മാധ്യമ പ്രവര്‍ത്തനം ഇന്ന് കൂടുതല്‍ വ്യക്തികള്‍ തമ്മിലുള്ള സംഭാഷണത്തിന്റെ രൂപം കൈവരിക്കുകയാണ്. അതുകൊണ്ട് തന്നെ ഏകപക്ഷീയമായ മാധ്യമപ്രവര്‍ത്തനം എളുപ്പത്തില്‍ സാധ്യമല്ലെന്നും എന്‍.എസ്.മാധവന്‍ പറഞ്ഞു.
മാധ്യമപ്രവര്‍ത്തകര്‍ ആസൂത്രിതമായി വിവരങ്ങള്‍ കൈമാറുന്നതുകൊണ്ടല്ല വിവിധ മാധ്യമങ്ങളിലെ പത്രപ്രവര്‍ത്തകര്‍ക്ക് ഒരേ ആളുകള്‍ വാര്‍ത്ത കൈമാറുന്നതുകൊണ്ടാണ് ഒരേ പോലെയുള്ള വാര്‍ത്തകള്‍ അച്ചടിച്ചുവരുന്നതെന്ന് മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു. പാര്‍ട്ടി തലങ്ങളില്‍ പിന്നീട് പലരുടെയും പേരിലെടുക്കുന്ന അച്ചടക്ക നടപടികള്‍ ഈ വാദത്തെയാണ് ബലപ്പെടുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പൊതുബോധം വാര്‍ത്തകളെ വന്‍തോതില്‍ സ്വാധീനിക്കുന്നുണ്ടെന്നും വായനക്കാരുടെ ജനാധിപത്യ ബോധത്തിന് ആനുപാതികമായി മാത്രമേ മാധ്യമങ്ങളില്‍ നിന്ന് ജനാധിപത്യ മൂല്യങ്ങള്‍ പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നും മനോരമ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ് പറഞ്ഞു.
തങ്ങളുടേതല്ലാത്ത കുറ്റങ്ങള്‍ക്ക് പഴി കേള്‍ക്കേണ്ടി വരുന്നവരാണ് മാധ്യമ പ്രവര്‍ത്തകരെന്ന് ഇന്ത്യാവിഷന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ എം.പി. ബഷീര്‍ അഭിപ്രായപ്പെട്ടു.
മാധ്യമ പ്രവര്‍ത്തനത്തിന്റെ പരിമിതികള്‍ വായനക്കാരുമായി പങ്കുവെയ്ക്കാന്‍ തയ്യാറാകുമ്പോഴേ പത്രപ്രവര്‍ത്തനം ഉത്തരവാദിത്വപൂര്‍ണമാവുകയുള്ളൂവെന്ന് രിസാല വാരിക മാനേജിങ് എഡിറ്റര്‍ എസ്. ശറഫുദ്ദീന്‍ അഭിപ്രായപ്പെട്ടു.
വാര്‍ത്തകളെ അവതരിപ്പിക്കുന്നതില്‍ മാധ്യമങ്ങള്‍ക്ക് ഗുരുതരമായ വീഴ്ചകള്‍ സംഭവിക്കുന്നുണ്ടെന്നും മാധ്യമ നിരൂപകന്‍ അഡ്വ. എ. ജയശങ്കര്‍ പറഞ്ഞു. ടെലിവിഷന്‍ ചര്‍ച്ചകള്‍ ഓരോരുത്തരുടെയും ഇഷ്ടാനിഷ്ടങ്ങളെ യുക്തിവത്കരിക്കാനുള്ള അവസരമായി ചുരുങ്ങുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനങ്ങളുടെ താത്പര്യവും മൂലധന താത്പര്യങ്ങളും ഒത്തുപോകില്ലെന്നും പത്രങ്ങള്‍ പ്രതിപക്ഷ സ്ഥാനം ഏറ്റെടുക്കുമ്പോഴേ ജനാധിപത്യം പൂര്‍ണത പ്രാപിക്കുകയുള്ളൂവെന്നും ചടങ്ങില്‍ മോഡറേറ്ററായ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അഭിപ്രായപ്പെട്ടു.
സിറാജ് എഡിറ്റര്‍ പി.കെ. അബ്ദുല്‍ ഗഫൂര്‍, ടി.എ. അലി അക്ബര്‍, എ.പി. ബഷീര്‍ എന്നിവരും പ്രസംഗിച്ചു.
Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News
No comments:
Post a Comment