Latest News

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് ഫേസ്ബുക്കില്‍ ‘കുരുങ്ങി’

കാസര്‍കോട്: ഫോണിലൂടെ പരിചയപ്പെട്ട് വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. യുവതിയുടെ രണ്ടുലക്ഷം രൂപയും ആഭരണവുമായി മുങ്ങിയ പ്രതി തന്‍െറ ഫേസ്ബുക് അക്കൗണ്ട് തുറന്ന് ഉപയോഗിച്ചതോടെയാണ് വലയിലായത്. 

ദക്ഷിണ കന്നഡ സുള്ള്യ മണ്ടക്കോല്‍ മുറൂര്‍വീട് മുഹമ്മദ് ഇഖ്ബാല്‍ (28) ആണ് അറസ്റ്റിലായത്. മാനന്തവാടി അമ്പുകുത്തി സ്വദേശിനിയായ 27കാരിയെ പീഡിപ്പിച്ച സംഭവത്തിലാണ് അറസ്റ്റ്. ഫോണിലൂടെ പരിചയപ്പെട്ടതിനുശേഷം വിവാഹവാഗ്ദാനം നല്‍കി ജനുവരി 15ന് യുവതിയുമായി നാടുവിടുകയായിരുന്നു.

രണ്ടു ദിവസം മൈസൂരില്‍ താമസിച്ചു. തുടര്‍ന്ന് ഒരു ദിവസം ഊട്ടിയില്‍ താമസിച്ചു. പിന്നീട് കോയമ്പത്തൂരില്‍ എത്തിയെങ്കിലും മുറികിട്ടാത്തതിനാല്‍ തിരികെ ഊട്ടിയില്‍തന്നെ എത്തി ലോഡ്ജില്‍ താമസിച്ചു. ജനുവരി 19ന് രാവിലെ കുളിക്കാന്‍ പോയതക്കത്തില്‍ യുവതിയുടെ കൈവശമുണ്ടായിരുന്ന രണ്ടു ലക്ഷം രൂപയും രണ്ട് പവന്‍ വരുന്ന പാദസരവുമായി പ്രതി മുങ്ങുകയായിരുന്നു.

ഏറെ നേരം കാത്തിരുന്നിട്ടും യുവാവ് വരാതായതോടെ പെണ്‍കുട്ടി ബാഗ് പരിശോധിച്ചപ്പോഴാണ് പണവും സ്വര്‍ണവും നഷ്ടപ്പെട്ടതറിഞ്ഞത്. തുടര്‍ന്ന് ഊട്ടി പൊലീസിലും മാനന്തവാടി പൊലീസിലും പരാതി നല്‍കി. പണവുമായി പ്രതി കേരളത്തിന്‍െറ വിവിധ ഭാഗങ്ങളിലും മുംബൈ, ഗോവ തുടങ്ങിയ സ്ഥലങ്ങളിലും ചുറ്റിസഞ്ചരിക്കുകയായിരുന്നു. ജ്യൂസ് മേക്കര്‍ ജോലി ചെയ്തിരുന്ന പ്രതിയെ കണ്ടെത്താനാകാതെ പൊലീസ് കുഴങ്ങുമ്പോഴാണ് ഇഖ്ബാല്‍ തന്‍െറ ഫേസ്ബുക് അക്കൗണ്ട് കാസര്‍കോട്ടെ നെറ്റ്കഫേയില്‍വെച്ച് ഉപയോഗിച്ചത്.
ഏത് കമ്പ്യൂട്ടറില്‍നിന്നാണ് ഫേസ്ബുക് ഉപയോഗിച്ചതെന്ന് മനസ്സിലാക്കിയ പൊലീസ് കാസര്‍കോട്ടെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്വന്തം വീട്ടുകാരുമായി പ്രതിക്ക് ബന്ധമില്ലെന്ന് പൊലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.