Latest News

നാലര വയസ്സുകാരന്റെ മൃതദേഹവുമായി അമ്മ നടുറോഡില്‍

പോത്തന്‍കോട്: നാലര വയസ്സുമാത്രം പ്രായമുള്ള മകന്റെ തുണിയില്‍ പൊതിഞ്ഞ മൃതദേഹവുമായി നടുറോഡില്‍ അമ്മയുടെ വിലാപം. നിലവിളി കേട്ട് ജനം തടിച്ചുകൂടി. വാവറഅമ്പലം ശ്രീനാരായണപുരം കുന്നില്‍വീട്ടില്‍ വിനിത (29) യാണ് തന്റെ ഏകമകന്‍ ആദര്‍ശിന്റെ മൃതദേഹവുമായി പോത്തന്‍കോട് ജങ്ഷനിലെത്തിയത്. വിവരമറിഞ്ഞെത്തിയ പോത്തന്‍കോട് പോലീസ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനിടെ ബന്ധുക്കളും വിവരമറിഞ്ഞെത്തി. കുട്ടിയുടെ മൃതദേഹം മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

ബുധനാഴ്ച രാവിലെ 8.30ഓടെയായിരുന്നു സംഭവം. പനി കൂടിയുള്ള അണുബാധയാണ് മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പനിയുണ്ടായതിനെ തുടര്‍ന്ന് ആദര്‍ശിനെ ഞായറാഴ്ച വേങ്ങോട് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കൊണ്ടുപോയിരുന്നു. പരിശോധനയ്ക്കുശേഷം മരുന്നുവാങ്ങി മടങ്ങി. എന്നാല്‍ ചൊവ്വാഴ്ച രാവിലെ അവശനിലയില്‍ കണ്ട കുട്ടിയുമായി അമ്മ പോത്തന്‍കോട് സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പരിശോധനയില്‍ കുട്ടി മരിച്ചതായി കണ്ടെത്തിയെങ്കിലും ഉടനെ മെഡിക്കല്‍കോളേജിലെത്തിക്കാനാണ് നിര്‍ദ്ദേശിച്ചതെന്ന് വിനിത പറഞ്ഞു. മൃതദേഹവുമായി ജങ്ഷനിലെത്തിയ അമ്മ എന്ത് ചെയ്യണമെന്നറിയാതെ നിലവിളിക്കുകയായിരുന്നു.

വിനിതയും മകനും ജയപ്രകാശ് എന്ന ആളോടൊപ്പമാണ് കഴിഞ്ഞിരുന്നത്. ഇതുകാരണം ബന്ധുക്കള്‍ ഇവരെ അകറ്റിനിര്‍ത്തുകയായിരുന്നു. കുറച്ചുനാളായി ഇവര്‍ വിവിധ സ്ഥലങ്ങളില്‍ വാടകയ്ക്ക് കഴിയുകയായിരുന്നു. മരപ്പണിക്കാരനാണ് ജയപ്രകാശ്. എന്നാല്‍ ഇവര്‍ അടുത്ത ഇടയായി കടത്തിണ്ണകളിലാണ് രാത്രി താമസിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. നാട്ടുകാരുടെ പരാതിയിന്‍മേല്‍ പോത്തന്‍കോട് പോലീസ് കേസെടുത്തു. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ മൃതദേഹം ഒടുവില്‍ ശ്രീനാരായണപുരത്തെ വീട്ടിലേക്ക് കൊണ്ടുപോയി അടക്കം ചെയ്തു.


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News


No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.