ഹൈദരാബാദ്: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു രംഗത്ത്. തിണഭൂമി ദിനപത്രം എഡിറ്റര്‍ എസ്.മണിമാരനെ മധുരൈയിലെ വീട്ടില്‍ നിന്ന് പൊലീസ് തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ കുറ്റക്കാരായ 30 പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ആവശ്യപ്പെട്ടു.
2011 ല്‍ നടന്ന സംഭവത്തില്‍ മണിമാരന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു പ്രസ് കൗണ്‍സില്‍ ചെയര്‍മാന്‍. നിയമം നടപ്പാക്കാനാവുന്നില്ലെങ്കില്‍ മുഖ്യമന്ത്രി ജയലളിത രാജി വെച്ചുപോകണമെന്നും കട്ജു ആവശ്യപ്പെട്ടു. സംഭവം നടന്നത് ഡി.എം. കെ ഭരണകാലത്തായിരുന്നു എന്ന് തമിഴ്‌നാടിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ അറിയിച്ചപ്പോഴാണ് കട്ജു ക്ഷുഭിതനായത്.
ആരായിരുന്നു അധികാരത്തില്‍ എന്നതു ഞങ്ങള്‍ക്കറിയേണ്ടതില്ല. ഭരണാധികാരി ഇപ്പോള്‍ അവരാണ് (ജയലളിത). നിയമം നടപ്പാക്കുന്നില്ലെങ്കില്‍ അവര്‍ രാജിവെച്ചു പോകണം-കട്ജു പറഞ്ഞു. രാജ്യത്ത് ഇപ്പോഴും ബ്രിട്ടീഷ് രാജവാഴ്ചയാണെന്ന് പൊലീസ് കരുതുന്നുണ്ടോ?. അവരെ പാഠം പഠിപ്പിക്കാന്‍ സമയമായിരിക്കുന്നു-കട്ജു ചോദിച്ചു.
തമിഴ്‌നാട്ടിലെ അനധികൃത ഖനനവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് മണിമാരന്റെ വീട്ടില്‍ പൊലീസ് റെയ്ഡു നടത്തിയതും അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയതും. തമിഴ്‌നാടിനു പുറമേ, ആന്ധ്ര, കര്‍ണാടക, കേരളം എന്നിവിടങ്ങളില്‍നിന്നുള്ള കേസുകള്‍ കൂടി കട്ജു വാദം കേട്ടു.
Key Words: Jayalalithaa ,government , PCI Chairman, Markandey Katju, state administration , policemen , illegal arrest,Thinaboomi editor , S. Manimaran ,chief minister
No comments:
Post a Comment