Latest News

ബൈക്കില്‍ കൊണ്ടുപോകുകയായിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു

കണ്ണൂര്‍:ബൈക്കില്‍ കൊണ്ടുപോകുകയായിരുന്ന സ്‌ഫോടക വസ്തുക്കള്‍ പൊട്ടിത്തെറിച്ചു യുവാവ് മരിച്ചു. പൊറോറ ആമ്പിലോത്ത് ശങ്കരന്റെ മകന്‍ എ.വി. ദിലീപ് കുമാറാണ് (27) മരിച്ചത്. ദിലീപ് സഞ്ചരിച്ചിരുന്ന കെഎല്‍ 58-1619 നമ്പര്‍ ബൈക്ക് സ്‌ഫോടനത്തില്‍ ചിന്നിചിതറി. സമീപത്തെ മൂന്നു വീടുകള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. റോഡില്‍ കുഴിയും രൂപപ്പെട്ടു. ബൈക്കിലുണ്ടായിരുന്നത് വെടിമരുന്നായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ശനിയാഴ്ച പുലര്‍ച്ചെ ആറോടെ മട്ടന്നൂര്‍-മരുതായി റോഡില്‍ കല്ലൂര്‍ അമ്പലമുക്കിലായിരുന്നു സംഭവം.
ദിലീപും പിതാവും പടക്ക നിര്‍മാണവുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്ന വരാണെന്ന് പോലീസ് പറഞ്ഞു. ഇരിക്കൂര്‍ പടിയൂരിലെ ഒരുക്ഷേത്രോത്സവ സ്ഥലത്ത് വെളളിയാഴ്ച അര്‍ധരാത്രി വരെ ദിലീപ് ഉണ്ടായിരുന്നു. അവിടെ ബാക്കിവന്ന വെടിമരുന്നും മറ്റുമായി മട്ടന്നൂരിലേക്ക് വരുമ്പോഴായിരുന്നു സംഭവമെന്ന് കരുതുന്നു.

അമ്പലമുക്കില്‍ സ്‌ഫോടനം നടന്ന സ്ഥലത്തിന്റെ 25 മീറ്റര്‍ അകലെയാണ് ദിലീപും ബൈക്കും ഉണ്ടായിരുന്നത്. സ്‌ഫോടന ശക്തിയില്‍ തെറിച്ച് പോയതാകാമെന്ന് പോലീസ് പറഞ്ഞു. അവിവാഹിതനായ ദിലീപ് ആര്‍എസ്എസ് അനുഭാവിയാണ്. സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഗുരുതരമായി പരിക്കേറ്റ് റോഡരികില്‍ കിടക്കുകയായിരുന്ന ദിലീപിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെത്തി അരമണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു.

അമ്പലമുക്കിലെ എം. ദേവരാജന്‍, എന്‍. രാമചന്ദ്രന്‍ നമ്പ്യാര്‍, കെ.പി. വിശ്വനാഥന്‍ എന്നിവരുടെ വീടുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. ജനല്‍ ചില്ലുകള്‍ തകരുകയും ചുമര്‍ വിണ്ടുകീറുകയും ചെയ്തു. വീടിന്റെ മുകളിലത്തെ നിലയുടെയും താഴെനിലകളിലെയും മുപ്പതോളം ജനല്‍ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. ദിലീപ് കുമാറിന്റെ കൈവശമുണ്ടായിരുന്ന നൂറിന്റെയും അമ്പതിന്റെയും നോട്ടുകള്‍ റോഡുകളില്‍ ചിതറി കിടക്കുന്ന നിലയിലായിരുന്നു. ബൈക്കിന്റെ ഭാഗങ്ങള്‍ സമീപത്തെ വീട്ടുമുറ്റത്തും പറമ്പുകളിലും ചിതറി കിടക്കുകയാണ്.
കൂടുതല്‍ പരിശോധന നടത്തിയാല്‍ മാത്രമേ സ്‌ഫോടനത്തിന്റെ വ്യക്തമായ വിവരം ലഭിക്കുകയുള്ളൂവെന്നു പോലീസ് പറഞ്ഞു. ജില്ലാ പോലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍, ഇരിട്ടി ഡിവൈഎസ്പി എം. പ്രദീപ് കുമാര്‍, മട്ടന്നൂര്‍ സിഐ ടി.എന്‍. സജീവ്, എസ്‌ഐ കെ.വി. പ്രമോദന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ദിലീപിന് പടക്ക നിര്‍മാണത്തിനുള്ള ലൈസന്‍സ് ഇല്ലെന്നും രഹസ്യ കേന്ദ്രത്തില്‍ വച്ചായിരിക്കും പടക്കങ്ങളും മറ്റും നിര്‍മിക്കുന്നതെന്നും പോലീസ് കരുതുന്നു. ബോംബ് സ്‌ക്വാഡ് ഈ മേഖലയില്‍ പരിശോധന നടത്തിവരികയാണ്. ജാനകിയാണ് മരിച്ച ദിലീപ് കുമാറിന്റെ മാതാവ്. സഹോദരങ്ങള്‍: അജിത, അരുണ, ദിനേശന്‍.


Keywords: Kerala, Kannur, Obityary

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.