Latest News

ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീതജ്ഞന്‍ പി.ബി. ശ്രീനിവാസ് അന്തരിച്ചു

ചെന്നൈ: മലയാളം ഉള്‍പ്പടെ ഒട്ടേറെ ഇന്ത്യന്‍ ഭാഷകളില്‍ പിന്നണി ഗായകനായും സംഗീതജ്ഞനായും ഒരു കാലഘട്ടത്തെ സംഗീതസാന്ദ്രമാക്കിയ പി ബി ശ്രീനിവാസ് (83) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ചെന്നൈ ടി നഗറിലെ വസതിയിലായിരുന്നു അന്ത്യം.

മൂന്നുപതിറ്റാണ്ടിലേറെ ചലച്ചിത്ര ഗാനരംഗത്ത് നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു അദ്ദേഹം. തമിഴ്, തെലുങ്ക്, കന്നട, ഉറുദു, ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃതം, മലയാളം തുടങ്ങിയ ഭാഷകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം, ഗായകനും കവിയും സംഗീത പണ്ഡിതനും ആയിരുന്നു. തെലുങ്ക്, ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ നിരവധി ചലച്ചിത്ര ഗാനങ്ങള്‍ ആലപിച്ചു. സിനിമാരംഗത്തുനിന്ന് പിന്‍വാങ്ങിയശേഷവും സംഗീത ഗവേഷണപഠനങ്ങളില്‍ സജീവമായിരുന്നു.

1954 ല്‍ പുത്രധര്‍മ്മം എന്ന ചിത്രത്തില്‍ പാടിക്കൊണ്ടാണ് അദ്ദേഹം മലയാളത്തില്‍ എത്തിയത്. നിണമണിഞ്ഞ കാല്പാടുകള്‍ എന്ന ചിത്രത്തില്‍ പാടിയ 'മാമലകള്‍ക്കപ്പുറത്ത് മരതകപട്ടുടുത്ത് മലയാളമെന്നൊരു നാടുണ്ട്...' എന്ന ഗാനമാണ് ശ്രിനിവാസിനെ മലയാളി മനസില്‍ സ്ഥിരമായി പ്രതിഷ്ഠിച്ചത്.

അദ്ദേഹം ആലപിച്ച മറ്റ് ചില പ്രധാന മലയാള ചലച്ചിത്ര ഗാനങ്ങള്‍ : 'ബലിയല്ല എനിക്കുവേണ്ടത് ബലിയല്ല...'(റബേക്ക), ' നിറഞ്ഞകണ്ണുകളോടെ.. '(സ്‌കുള്‍മാസ്റ്റര്‍), 'തുളസീ..വിളികേള്‍ക്കൂ.. (കാട്ടുതുളസി), ' ഭൂമി കുഴിച്ചു കുഴിച്ചു നടക്കും ഭൂതത്താനെ.. '(കളഞ്ഞു കിട്ടിയ തങ്കം), 'ആകാശത്തിലെ കുരുവികള്‍ വിതക്കുന്നില്ല..'(റെബേക്ക ), 'വനദേവതമാരെ വിടനല്‍കൂ... '(ശകുന്തള), 'യാത്രക്കാരാ പോവുക..ജീവിതയാത്രക്കാരാ.. '(അയിഷ), 'കിഴക്കു കിഴക്കൊരാനാ.. '(ത്രിവേണിയില്‍ ലതയോടൊപ്പം), 'രാത്രി.....രാത്രി....' (ഏഴുരാത്രികള്‍), 'ഗീതേ ഹൃദയസഖി ഗീതേ.... '(പൂച്ചക്കണ്ണി), ' കാവിയുടുപ്പുമായി.... '(സന്ധ്യ), ' ക്ഷീരസാഗര... '(കുമാരസംഭവം), ' കരളില്‍കണ്ണീര്‍ നിറഞ്ഞാലും... '(ബാബുമോന്‍), 'അത്യുന്നതങ്ങളില്‍ ഇരിക്കും... '(ഇനിയൊരുജന്മം തരൂ).

അറുപതകളിലും എഴുപതുകളിലുമാണ് മലയാളത്തില്‍ അദ്ദേഹം സജീവമായിരുന്നത്. മലയാളത്തിലെ അക്കാലത്തെ എല്ലാ പ്രശസ്ത സംഗീതസംവിധായകരോടൊപ്പവും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഭക്തിഗാനരംഗത്തും ശ്രീനിവാസ് ശ്രദ്ധ നേടിയിരുന്നു. മല്ലികാര്‍ജുന സ്‌ത്രോത്രം, സംസ്‌കൃതഭക്തിഗാനങ്ങള്‍, പുരന്ദരദാസന്റെ കൃതികള്‍, ശ്രീവെങ്കടേശ്വര സുപ്രഭാതം, മുകുന്ദമാല എന്നിവയെല്ലാം പാടിയിട്ടുണ്ട്.

തമിഴ്‌നാട് സംഗീതനാടക അക്കാദമി ചെയര്‍മാനായി ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു. തമിഴ്‌നാട് സര്‍ക്കാരിന്റെ കലൈമാമണി അവാര്‍ഡ്, കമുകറ അവാര്‍ഡ് തുടങ്ങിയവയും അരിസോണ യൂണിവേഴ്സ്റ്റിയുടെ ഓണററി ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലുള്ള കാകിനടയില്‍ 1930 സപ്തംബര്‍ 22 നാണ് അദ്ദേഹം ജനിച്ചത്.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.