Latest News

റിലയന്‍സിന്റെ 4ജി സേവനം ഡിസംബര്‍ 28ന്

കൊച്ചി: മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 4ജി ബ്രോഡ്ബാന്‍ഡ് സേവനം അവതരിപ്പിക്കാനായുള്ള തീയതി നിശ്ചയിച്ചതായി സൂചന. പിതാവ് ധീരുഭായ് അംബാനിയുടെ 81-ാം ജന്മദിനമായ ഡിസംബര്‍ 28ന് 4ജി ബ്രോഡ്ബാന്‍ഡ് സേവനം അവതരിപ്പിക്കാനാണ് മുകേഷിന്റെ പദ്ധതി. ഇതിനായുള്ള മുന്നൊരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം അനുബന്ധ കമ്പനിയായ റിലയന്‍സ് ജിയോ ഇന്‍ഫോകോമാണ് 4ജി സേവനം ഒരുക്കുന്നത്. രാജ്യത്തെ മുഴുവന്‍ ടെലികോം സര്‍ക്കിളുകളിലും 4ജി സേവനം ലഭ്യമാക്കാന്‍ അനുമതിയുള്ള ഒരേയൊരു കമ്പനിയാണ് റിലയന്‍സ് ജിയോ.

ആദ്യഘട്ടത്തില്‍ മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായിരിക്കും റിലയന്‍സ് 4ജി സേവനമൊരുക്കുക. പിന്നീട് കേരളം ഉള്‍പ്പെടെയുള്ള സര്‍ക്കിളുകളിലും സേവനം ആരംഭിക്കും.

കേരളത്തിലെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി കൊച്ചിയില്‍ ഓഫീസ് ആരംഭിച്ചിട്ടുണ്ട്. ഐ.പി.എസ് ഉദ്യോഗസ്ഥനായിരുന്ന വേണുഗോപാല്‍ കെ.നായരാണ് കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കണ്‍സള്‍ട്ടന്റ് എന്ന നിലയിലാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്.

2015 അവസാനത്തോടെ രാജ്യത്തൊട്ടാകെ 4ജി ശൃംഖല ഒരുക്കാനാണ് റിലയന്‍സ് ജിയോയുടെ പദ്ധതി. ഇതിനിടെ, അന്തര്‍ദേശീയ കണക്ടിവിറ്റിക്കായി ടെലികോം കമ്പനിയായ ഭാരതി എയര്‍ടെല്ലുമായി കഴിഞ്ഞയാഴ്ച കരാര്‍ ഒപ്പുവെച്ചു. ഭാരതി എയര്‍ടെല്ലിന്റെ കടലിനടിയിലൂടെയുള്ള കേബിള്‍ ശൃംഖല ഉപയോഗിക്കുന്നതിനുള്ള കരാറാണ് ഇത്. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായും നേരത്തെ കരാറുണ്ടാക്കിയിരുന്നു. ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല ഉപയോഗിക്കുന്നതിനായാണ് ഈ കരാര്‍. 1, 200 കോടി രൂപയുടേതാണ് റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായുള്ള കരാര്‍. സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് 2005ല്‍ റിലയന്‍സ് വിഭജിച്ചശേഷം ഇതാദ്യമായാണ് സഹോദരന്മാര്‍ തമ്മില്‍ കൈകോര്‍ക്കുന്നത്.

ഇതിനിടെ, റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി മറ്റൊരു കരാറില്‍ കൂടി ഏര്‍പ്പെടുന്നതായി സൂചനയുണ്ട്. ഇന്‍ട്രാ സര്‍ക്കിള്‍ ഫൈബര്‍ കരാറാണ് ഇവര്‍ തമ്മില്‍ ഒപ്പുവെക്കുക. ഇതനുസരിച്ച് റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ ടെലികോം ടവറുകള്‍ റിലയന്‍സ് ജിയോ പ്രയോജനപ്പെടുത്തും.

4ജി ബ്രോഡ്ബാന്‍ഡ് സേവനത്തോടൊപ്പം കോള്‍ സൗകര്യവും റിലയന്‍സ് ജിയോ ഒരുക്കും. ലോങ് ടേം ഇവല്യൂഷന്‍ (എല്‍ടിഇ) സാങ്കേതികതയിലാണ് റിലയന്‍സ് 4ജി സേവനം ഒരുക്കുന്നത്. കുറഞ്ഞ ചെലവില്‍ 4ജി അധിഷ്ഠിത മൊബൈല്‍ ഹാന്‍ഡ്‌സെറ്റുകള്‍ വില്‍പനയ്‌ക്കെത്തിക്കാനായി കമ്പനി സാംസങ്ങുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.
(Mathrubhumi.)


Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.