Latest News

ചിത്രയ്ക്ക് സാന്ത്വനസ്​പര്‍ശമായി ഫേസ്ബുക്ക് കൂട്ടായ്മ 'സ്‌നേഹപൂര്‍വ'ത്തിന്റെ അംഗങ്ങളെത്തി

kasaragodnews, facebook, www.malabarflash.com

ചെറുവത്തൂര്‍: അര്‍ബുദരോഗബാധയെതുടര്‍ന്ന് പഠനം നിര്‍ത്തി ചികിത്സയില്‍ക്കഴിയുന്ന കാടങ്കോട്ട് കൊയാമ്പുറത്തെ എം.ചിത്രയ്ക്ക് സാന്ത്വനസ്​പര്‍ശമായി ഫേസ്ബുക്ക് കൂട്ടായ്മ 'സ്‌നേഹപൂര്‍വ'ത്തിന്റെ അംഗങ്ങളെത്തി. കൂട്ടായ്മയിലൂടെ സ്വരൂപിച്ച തുക ചിത്രയ്ക്കു കൈമാറി.

കാടങ്കോട് ഗവ. ഫിഷറീസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിയായിരിക്കെയാണ് രോഗലക്ഷണം കണ്ടുതുടങ്ങിയത്. അച്ഛന്റെ മരണം തളര്‍ത്തിയ കുടുംബത്തിലെ നിര്‍ധനയായ അമ്മ നാരായണിക്ക് മകളുടെ ചികിത്സയെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയുമായിരുന്നില്ല.

നാട്ടുകാര്‍ കൂടിയിരുന്ന് ചികിത്സാ കമ്മിറ്റി രൂപവത്കരിച്ച് വിദഗ്ധചികിത്സയ്ക്കായി തലശ്ശേരി കാന്‍സര്‍ സെന്ററില്‍ പ്രവേശിപ്പിച്ചു. ഒന്നാംഘട്ട ചികിത്സ കഴിഞ്ഞു. സൗകര്യമുള്ള വീടു പോലുമില്ലാത്ത അമ്മയും മകളും നാരായണിയുടെ സഹോദരിക്കൊപ്പമാണ് കഴിയുന്നത്. ഇതിനിടയില്‍ മടക്കരയിലെ ഷിബുവാണ് ചിത്രയുടെ രോഗവിവരങ്ങളടങ്ങിയ വിവരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

ഇതേത്തുടര്‍ന്ന് 'സ്‌നേഹപൂര്‍വം' കൂട്ടായ്മയുടെ അഡ്മിനിസ്‌ട്രേറ്ററായ ഗിരീഷ് കാഞ്ഞങ്ങാടിന്റെ മേല്‍വിലാസത്തിലേക്ക് അംഗങ്ങള്‍ ചെറുസഹായങ്ങള്‍ അയച്ചു. സ്വരൂപിച്ച 70,000 രൂപയുമായി ഫേസ്ബുക്ക് കൂട്ടായ്മയിലെ ഗിരീഷ്, രമിത് വടകര, ഷൈജു പൊവ്വല്‍, നൗഷാദ് കാഞ്ഞഞ്ഞാട്, ഷംസീര്‍, അനീഷ്, ഷിബു മടക്കര എന്നിവര്‍ ഞായറാഴ്ച രാവിലെ ചിത്രയ്ക്കരികിലെത്തി. സഹായം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.കാര്‍ത്യായനിക്ക് കൈമാറി. ഗ്രാമപ്പഞ്ചായത്തംഗം സി.ഭാസ്‌കരന്‍, ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ വി.നാരായണ്‍, കണ്‍വീനര്‍ കെ.എം.മുകുന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

നന്മയുടെയും സ്‌നേഹത്തിന്റെയും വറ്റാത്ത ഉറവകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ടെന്നും നവമാധ്യമങ്ങള്‍വഴി ഇവരെ ഏകോപിപ്പിക്കാന്‍ കഴിയുമെന്നും ബോധ്യപ്പെടുത്തുകയാണ് 'സ്‌നേഹപൂര്‍വം'. ശബരിമലയാത്രയ്ക്കിടെ വാഹനാപകടത്തില്‍ അരയ്ക്കു താഴെ തളര്‍ന്ന് കിടപ്പിലായ കൊല്ലത്തെ സോജിത്തിന്റെ അരികിലെത്താനും ഈ കൂട്ടായ്മക്ക് കഴിഞ്ഞിരുന്നു.

Keywords: Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, MalabarFlash, Malabar Vartha, Malabar News, Malayalam News, Kannur News, Calicut News, Malappuram News

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.